താൻ നിർമിച്ച സിനിമയുടെ അതേ പേരിലുള്ള മറ്റൊരു സിനിമ ഇറങ്ങിയപ്പോൾ അതിൽ അഭിനയിച്ച നടൻ ജയസൂര്യ അനുവാദം ചോദിക്കാതിരുന്നതിൽ ദുഖമുണ്ടെന്ന് നടൻ ദേവൻ. തനിക്ക് ഇപ്പോഴും വെള്ളം സിനിമയുടെ പ്രൊഡ്യൂസർ എന്ന പേരുണ്ടെന്നും വീണ്ടും അതേ പേരിൽ മറ്റൊരു ചിത്രം ഇറങ്ങുമ്പോൾ തനിക്ക് വിഷമമുണ്ടായിരുന്നെന്ന് ജയസൂര്യ മനസിലാക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എന്റെ, വെള്ളം എന്ന ചിത്രം റിലീസാകാതെ നീണ്ടുപോയത്തിൽ കുറെ കളിയാക്കലുകൾ കേട്ടിട്ടുണ്ട്. ‘ജീവിതത്തിൽ ഒരിക്കലും സിനിമ ഇല്ലെന്ന് പറയേണ്ടി വരില്ല, കാരണം എടുത്തുകൊണ്ടിരുന്ന സിനിമ ഇതുവരെ പൂർത്തിയായിട്ടില്ലല്ലോ’ എന്നൊക്കെ ചില ആർട്ടിസ്റ്റുകൾ പറഞ്ഞിട്ടുണ്ട്. എന്നെ അത് ഭയങ്കരമായിട്ട് വേദനിപ്പിച്ചിട്ടുണ്ട്. ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ആ കളിയാക്കലുകൾ ഒരു അമ്പ് പോലെ തറച്ചുകയറിയിട്ടുണ്ട്.
ഈ അടുത്ത കാലത്തും അങ്ങനെ സംഭവിച്ചു. വെള്ളം എന്ന പേരിൽ മറ്റൊരു സിനിമ ഇറങ്ങി. ജയസൂര്യ അഭിനയിച്ച പടം. വെള്ളം എന്ന പേര് തന്നെ അവർ എടുത്തോട്ടെ എന്ന് ചോദിച്ച് ആ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ എന്നെ വിളിച്ചിരുന്നു.
നിയമപരമായ ഒരു ഉടമസ്ഥാവകാശവും എനിക്ക് ആ പേരിൻമേലില്ല, അതിനുള്ള കാലം കഴിഞ്ഞുപോയി. ഞാൻ ആ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറോട് പറഞ്ഞതെന്തെന്തെന്നാൽ വെള്ളം എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ എന്ന മേൽവിലാസം എനിക്കുണ്ട്. ആതേപേരിൽ മറ്റൊരു സിനിമ വന്നാൽ ആ മേൽവിലാസം നഷ്ട്ടപ്പെട്ട് പോകുമെന്ന ദുഖം എനിക്കുണ്ട് എന്ന് അവരോട് പറയണമെന്ന് ഞാൻ പറഞ്ഞു.
ഞാൻ നിയമയപരമായി നേരിടുമെന്നൊന്നും പറഞ്ഞില്ല. ആ പേര് എടുക്കാനുള്ള അധികാരം അവർക്കുണ്ട്. പക്ഷെ, എന്റെ വേദന ജയസൂര്യ മനസിലാക്കണമായിരുന്നു. ജയസൂര്യ അങ്ങനെ ഒരു സിനിമ ചെയ്യാൻ പോകുമ്പോൾ എന്നോട് ഒന്ന് പറയാമായിരുന്നു. അത് ജയൻ ചെയ്തില്ല എന്ന ദുഖം ഉണ്ട്,’ ദേവൻ പറഞ്ഞു.
Cointent Highlights: Devan on Vellam movie and Jayasurya