വെള്ളം എന്ന സിനിമ സംവിധാനം ചെയ്യുന്നതിനായി സംവിധായകന്‍ ഹരിഹരനെ സമീപിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ദേവന്‍. ബ്രഹ്ത്തായ സിനിമയെല്ലാം സംവിധാനം ചെയ്യുന്ന ഒരാള്‍ തന്നെ വേണമായിരുന്നു വെള്ളമെന്ന സിനിമ സംവിധാനം ചെയ്യാനെന്നും അങ്ങനെയാണ് വെള്ളം സംവിധാനം ചെയ്യുന്നതിനായി ഹരിഹരന്‍ സാറിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദേവന്‍.
‘ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച പോലെയുള്ള സിനിമകളൊക്കെ സംവിധാനം ചെയ്യുന്ന ഒരാള്‍ക്കേ വെള്ളം സിനിമ സംവിധാനം ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. അപ്പോള്‍ ആദ്യം എന്റെ മനസില്‍ വന്നത് ഹരിഹരന്‍ സാര്‍ ആയിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ കോണ്‍ടാക്ട് ചെയ്യുന്നത്. ഒരു സിനിമാ നിര്‍മാതാവ് എന്ന ചെറിയ അഹങ്കാരമുണ്ടായിരുന്നു. ഞാനൊരു വലിയ പടം പിടിക്കാന്‍ പോകുവാണെന്ന അഹങ്കാരത്തോട് കൂടിയായിരുന്നു അദ്ദേഹത്തിന്റെ അടുത്ത് പോയത്. അന്ന് സിനിമയുടെ മര്യാദകളെ പറ്റിയൊന്നും അറിയില്ലായിരുന്നു. ഡയറക്ട് ആയിട്ടായിരുന്നു അദ്ദേഹത്തെ വിളിച്ചത്. ഞാന്‍ വിളിച്ച് സംസാരിച്ചു. അപ്പോള്‍ അദ്ദേഹം നാളെ വന്ന് കാണാന്‍ പറഞ്ഞു,’ ദേവന്‍ പറഞ്ഞു.
താന്‍ വെള്ളമെന്ന നോവലും ചെക്ക് ബുക്കുമായിട്ടായിരുന്നു ഹരിഹരന്‍ സാറിനെ കാണാന്‍ പോയിരുന്നതെന്നും സെപ്തംബറില്‍ ഷൂട്ട് തുടങ്ങാമെന്ന് താന്‍ പറഞ്ഞെതായും ദേവന്‍ പറഞ്ഞു.
‘ഞാന്‍ ചെന്നപ്പോള്‍ ഒരു ടേബിളിന് അപ്പുറം നീല കള്ളിമുണ്ടുടുത്ത് ഹരിഹരന്‍ സര്‍ ഇരിപ്പുണ്ട്. അദ്ദേഹം എന്നോട് ഇരിക്കാന്‍ പറഞ്ഞു. കുറച്ച് ടഫ് ആണ് ഫെയ്‌സില്‍. സംഭവം എന്താണെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എന്റെ കയ്യില്‍ ചെക്ക് ബുക്കും വെള്ളമെന്ന നോവലും ഉണ്ടിയുരുന്നു. ഞാനത് നീട്ടിയിട്ട് വരുന്ന സെപ്റ്റംബര്‍ മൂന്നാം തിയ്യതി നല്ലൊരു മുഹൂര്‍ത്തമാണ്, അന്ന് ഷൂട്ടിങ് നടത്തണമെന്നും ഇത് നിങ്ങള്‍ ചെയ്യണമെന്നും പറഞ്ഞു. അത് കേട്ട് അപ്പുറത്ത് നില്‍ക്കുന്ന ജോര്‍ജെന്ന പ്രൊഡ്യൂസറിനെ അദ്ദേഹം ഒന്ന് നോക്കി. എന്നെ നോക്കാതെ അദ്ദേഹത്തേയാണ് നോക്കിയത്. ഇതിന്റെ ഉത്തരം താന്‍ പറഞ്ഞ് കൊടുക്കെടോ എന്ന മട്ടിലായിരുന്നു നോട്ടം . താനിതെന്താ പറയുന്നത് ഒരു പുസ്‌കവുമായി വന്ന് സെപ്തംബറില്‍ ഷൂട്ടിങ് തുടങ്ങണമെന്നാണോ വിചാരിച്ചതെന്ന് അയാള്‍ എന്നോട് ചോദിച്ചു. ഇതിന്റെ അര്‍ത്ഥം തനിക്ക് ഇതിനെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ്, ഇത് നടക്കില്ലെന്നും പറഞ്ഞു.
വായിച്ച് നോക്കിയിട്ട് ഇഷ്ടമുണ്ടെങ്കില്‍ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. ഹരിഹര്‍ സാര്‍ ഒന്നും മിണ്ടുന്നില്ലായിരുന്നു. ഇത് സാറിന് വായിച്ച് ഇഷ്ടപ്പെട്ടാലേ ചെയ്യാന്‍ പറ്റുകയുള്ളൂവെന്ന് ജോര്‍ജ് പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാല്‍ തന്നെ ഇതിലുള്ള നടീനടന്മാരെ തീരുമാനിക്കണം, ഓടിച്ചെന്നാല്‍ വിലക്ക് വാങ്ങാന്‍ കഴിയുന്ന ആളുകളല്ല അവരാരും, വലിയ വലിയ ആര്‍ട്ടിസ്റ്റുകളാണ്. അതിനൊക്കെ സമയം പിടിക്കും. സെപ്തംബര്‍ മൂന്നിന് ഷൂട്ടിങ് തുടങ്ങണമെന്ന് പറഞ്ഞ് നിങ്ങള്‍ വന്നിട്ട് കാര്യമില്ലെന്ന് ജോര്‍ജ് പറഞ്ഞു.
അപ്പോള്‍ അങ്ങനെയാണെങ്കില്‍ സാറിത് വായിക്കൂവെന്ന് ഞാന്‍ പറഞ്ഞു. എന്നിട്ട് ഞാന്‍ ചെക്ക് ബുക്ക് തുറന്നു, അപ്പോള്‍ ഹരിഹരന്‍ സാറിന് ദേഷ്യം വന്നു. അപ്പോള്‍ ജോര്‍ജ് ചെക്ക് ബുക്ക് മാറ്റിവെക്കാന്‍ പറഞ്ഞു. നോവല്‍ അവിടെ വെച്ചോളൂ, സാര്‍ സൗകര്യമുള്ളപ്പോള്‍ വായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫോണ്‍ നമ്പറും വെക്കാന്‍ പറഞ്ഞു. അങ്ങനെ നോവല്‍ വെച്ച് ഞാന്‍ തിരിച്ച് പോന്നു. എന്നെ കണ്ടിട്ട് ഇതേതോ ഒരു ഭ്രാന്തന്‍ വന്നിരിക്കുകയാണെന്നാവും തോന്നിയിട്ടുണ്ടാകുക,’ ദേവന്‍ പറഞ്ഞു.
Content Highlight: Devan on vellam movie