തിരുവനന്തപുരം: കേരളത്തില്‍ ഹിന്ദു ഐക്യം വേണമെന്ന് നടനും ബി.ജെ.പി അനുഭാവിയുമായ ദേവന്‍. 2026ല്‍ വിശ്വാസികള്‍ ഭരിക്കുന്ന ഭരണകൂടം വരണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്ക് കാനന പാതയിലൂടെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് ദേവന്‍ ഇക്കാര്യം പറഞ്ഞത്.
വിശ്വാസികള്‍ ഭരിക്കുന്ന ഒരു നാടായിരിക്കണം കേരളം. അവിശ്വാസികള്‍ തോല്‍ക്കണം. കാനനപാത തുറന്നുകിട്ടിയതുകൊണ്ട് മാത്രം അത് സഫലീകരിക്കുന്നില്ല. വലിയൊരു യാത്രയുടെ തുടക്കമാണിതെന്നും ദേവന്‍ പറഞ്ഞു.
‘ഇവിടുത്തെ പ്രശ്നം വിശ്വാസിയും അവിശ്വാസിയും തമ്മിലാണ്. സ്ത്രീ പ്രവേശനത്തെപ്പറ്റി ഓര്‍ഡര്‍ വന്നതിന് ശേഷം എന്തെല്ലാം കഷ്ടപ്പാടുകളാണ് അയ്യപ്പന്മാര്‍ സഹിച്ചത്. നമ്മളെല്ലാം കണ്ണുകൊണ്ട് കണ്ടതാണ്. ഹിന്ദുയിസത്തെ തകര്‍ക്കാന്‍ വേണ്ടി, ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സര്‍ക്കാര്‍ വിദ്യാഭ്യാസത്തില്‍ നിന്നും ഹിന്ദുയിസത്തെ മാറ്റി.
വളരെ ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്ന ഭൂരിപക്ഷം വിശ്വാസികള്‍ ഉള്ള ഇടമാണിത്. 2026 ല്‍ വിശ്വാസികള്‍ ഭരിക്കുന്ന ഒരു ഭരണകൂടം കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന വിശ്വാസത്തോടുകൂടി എല്ലാവരും പ്രവര്‍ത്തിക്കണം,’ ദേവന്‍ പറഞ്ഞു.
ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് നമ്മള്‍. ഭരണമാറ്റം വേണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ.
വിശ്വാസികള്‍ ഭരിക്കുന്ന ഒരു നാടായിരിക്കണം കേരളം. അവര്‍ നമ്മളെ മണ്ടന്മാരാക്കുന്നു എന്നാണ് ഇവിടെ പലരും പറയുന്നത്. അവരല്ല മണ്ടന്മാര്‍, നമ്മളെ മണ്ടന്മാരാക്കുന്ന നമ്മളാണ് മണ്ടന്മരെന്നും അദ്ദേഹം സംഘപരിവാര്‍ അണികളോട് പറഞ്ഞു.