| Thursday, 6th July 2023, 11:45 pm

സിനിമയുടെ ഇപ്പോഴത്തെ പോക്ക് കാണുമ്പോള്‍ ദുഖം; ലഹരിയെക്കുറിച്ച് ടിനി പറഞ്ഞത് ശരിയെന്ന് ദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുടെ ഇപ്പോഴത്തെ പോക്ക് കാണുമ്പോള്‍ ദുഖമുണ്ടെന്ന് നടന്‍ ദേവന്‍. ലഹരിയെക്കുറിച്ച് ടിനിടോം പറഞ്ഞത് ശരിയാണെന്നും അതാണ് ഇവിടുത്തെ യാഥാര്‍ത്ഥ്യം എന്നും അദ്ദേഹം പറഞ്ഞു. പണ്ടത്തെ അഭിനയം ഉള്ളില്‍ നിന്നുണ്ടാകുന്നതാണെന്നും എന്നാല്‍ ഇന്ന് ഡ്രഗാണ് അഭിനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വീടിന്റെ വാതിലില്‍ വരെ ഈ ദുരന്തം തട്ടിത്തുടങ്ങിയെന്നും ദേവന്‍ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ടിനിടോമൊക്കെ പറഞ്ഞത് അവന്റെ മനസില്‍ നിന്ന് വന്നതാണ്. അല്ലാതെ സ്റ്റേജില്‍ കയറി രണ്ട് വര്‍ത്തമാനം പറഞ്ഞതല്ല. അതാണ് ഇവിടുത്തെ ചിത്രം. നഗ്നചിത്രമാണ് ഇത് കാണിക്കുന്നത്. നമ്മുടെ ഇന്റസ്ട്രിയെ രക്ഷിക്കാന്‍ അതൊന്നുമില്ലെന്ന് പറയാന്‍ പറ്റുമോ. അങ്ങനെയുണ്ടല്ലോ.

ഉള്ളിന്റെ ഉള്ളിലുണ്ടാവേണ്ട ഏതോ ഒരു ചൈതന്യം മനസില്‍ കയറുകയും ദേവനെന്ന മനുഷ്യന്‍ മാറി ആ കഥാപാത്രമായി മാറണമെന്നുമാണ് എന്റെ ഒരു ധാരണ. എന്നാല്‍ ആ കഥാപാത്രമായി മാറണമെങ്കില്‍ ഞാന്‍ വേറെന്തെങ്കിലും സാധനം വായിലിടണമെന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും. യഥാര്‍ത്ഥ നടന്മാരെ ഇപ്പോള്‍ നമുക്ക് കിട്ടുന്നില്ല. ഈ ഡ്രഗാണ് സംസാരിക്കുന്നത്. ഡ്രഗാണ് അഭിനയിക്കുന്നത്.

സിനിമയുടെ ഇപ്പോഴത്തെ പോക്ക് കാണുമ്പോള്‍ നല്ല ദുഖമുണ്ട്. നല്ല നല്ല സിനിമകളുണ്ടാകുന്നുണ്ട്. അപ്പോള്‍ തന്നെ മോശം കാര്യങ്ങളും നടന്ന് കൊണ്ടിരിക്കുന്നുണ്ട്. സിനിമയെ രക്ഷപ്പെടുത്താന്‍ വേണ്ടി അതൊന്നും ഇല്ലെന്നും അന്വേഷണം നടത്തരുതെന്നും പറയാന്‍ പാടില്ല,

അതൊക്കെ പൊലീസിന്റെ ജോലിയാണ്. പക്ഷേ എന്റെ വീട്ടില്‍ കയറാന്‍ പാടില്ല, എന്റെ മുറിയില്‍ കയറാന്‍ പാടില്ലെന്ന് പറയാനായിട്ട് ഒരു യൂണിയനും ഒരു സിനിമക്കാരനും ഒരു അസോസിയേഷനും അര്‍ഹതയില്ല. അത് പൊലീസിന്റെ പണിയാണ്. ഞാന്‍ കേട്ട വാര്‍ത്ത അനുസരിച്ച് പൊലീസ് ഏറ്റവും ശക്തമായി നീങ്ങുന്നുണ്ട്. അത് ഇന്ന ആള് എന്നൊന്നുമില്ല,’ അദ്ദേഹം പറഞ്ഞു.

ലഹരി ഇവിടെ സുലഭമായി കിട്ടുന്നുണ്ടെന്നും ഇതിലൂടെ മൃഗീയമായ കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് ഒരു ദുരന്തമായി മാറി. പൊലീസ് ഓഫീസര്‍മാര്‍ ചിന്തിക്കുന്നത് ഇതില്‍ എന്റെ മക്കളും ഉണ്ടല്ലോയെന്നാണ്. കൊല്ലത്ത് വെച്ച് ഞാന്‍ വലിയൊരു പൊലീസ് ഓഫീസറെ കണ്ടു. അവര്‍ക്ക് നല്ല ആകാംക്ഷയുണ്ട്. കാരണം നമ്മുടെ വീടിന്റെ വാതില്‍ തട്ടുമ്പോഴാണ് നമ്മള്‍ അലര്‍ട്ടാകുക.

നമ്മുടെ വീടിന്റെ വാതില്‍ വരെ ഈ ദുരന്തം തട്ടിത്തുടങ്ങി. അതിന് നമ്മള്‍ എന്തെങ്കിലും ചെയ്‌തേ പറ്റുള്ളൂ. അതുപോലെ പൊലീസ് വളരെ സീരിയസാണ്.

നമ്മളിപ്പോള്‍ റോഡില്‍ കൂടി നടക്കുമ്പോള്‍ എത്ര പേരെ കാണുന്നു. നമ്മള്‍ ഒരു കാറോടിച്ചോ സ്‌കൂട്ടറോടിച്ചോ പോകുമ്പോള്‍ ഒരു ഹോര്‍ണ്‍ ഓടിച്ചാല്‍ അവര്‍ ഹെജിറ്റേറ്റഡാകും. എന്ത് കൊണ്ടാണ് ഹെജിറ്റേറ്റഡാകുന്നത്. സാധാരണ ഒരു മനുഷ്യന്‍ ഹെജിറ്റേറ്റഡാകുമോ. ഉടനെ അവന്‍ പോയി ഇവന്റെ കൂട്ടുകാരെ വിളിച്ച് വന്ന് ഇവനെ കൊല്ലുന്നു. എത്രയോ സംഭവങ്ങളുണ്ടങ്ങനെ.

മൃഗീയമായുള്ള എത്രയോ കൊലപാതകങ്ങള്‍ ഇവിടെയുണ്ടാകുന്നുണ്ട്. അതിന്റെയൊക്കെ ബേസിക്ക് കാരണം ഈ ഡ്രഗ്‌സാണ്. ഇപ്പോള്‍ ആല്‍ക്കഹോളല്ല പ്രശ്‌നം. ഇത് ഈസിലി എവൈലബിളാണ്. അതും വലിയ വലിയ രീതിയിലാണ് ഇവിടെ വന്ന് കൊണ്ടിരിക്കുന്നത്. അതുകൊണ്ട് നമ്മള്‍ ഏതെങ്കിലും അസോസിയേഷന്‍ പറഞ്ഞാലോ, യൂണിയന്‍ പറഞ്ഞാലോ ഒന്നും ശ്രദ്ധിക്കേണ്ട കാര്യം സര്‍ക്കാരിനില്ല. സര്‍ക്കാര്‍ ശക്തമായി ഈയൊരു കാര്യത്തിന് നില്‍ക്കുന്നുണ്ടെന്നാണ് എന്റെയൊരു ധാരണ,’ അദ്ദേഹം പറഞ്ഞു.

content highlights: Devan about tini tom’s statement

We use cookies to give you the best possible experience. Learn more