മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായാണ് മമ്മൂട്ടി – ജോഷി കൂട്ടകെട്ടിൽ പിറന്ന ന്യൂ ഡെൽഹിയെ കണക്കാക്കുന്നത്. തുടർപരാജയങ്ങൾക്ക് ശേഷം മമ്മൂട്ടിയെന്ന നടന് ഒരു ഗംഭീര തിരിച്ചുവരവ് നൽകിയ ചിത്രം കൂടെയായിരുന്നു ന്യൂ ഡെൽഹി.
ദല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികാരത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. പല ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലായിരുന്നു ഒരുങ്ങിയത്.
വമ്പൻ താരനിര ഒന്നിച്ച ചിത്രത്തിൽ നടൻ ദേവനും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ന്യൂ ഡെൽഹി സിനിമയിലേക്ക് താൻ എങ്ങനെയെത്തിയെന്ന് ഇപ്പോഴും അറിയില്ലെന്ന് പറയുകയാണ് ദേവൻ. ഒരു ദിവസം പെട്ടെന്നാണ് തനിക്ക് ഫോൺ കോൾ വരുന്നതെന്നും ഒന്നുമറിയാതെ ചെന്ന് അഭിനയിച്ച സിനിമയാണ് അതെന്നും ദേവൻ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അതിനെ കുറിച്ച് ഞാൻ ഡെന്നീസ് സാറോട് ചോദിച്ചിട്ടില്ല. ഞാൻ അവിടെ എങ്ങനെ എത്തി എന്നതിനെ കുറിച്ച് എനിക്കിപ്പോഴും ഉത്തരമില്ല. അഭിനയ ജീവിതത്തിന്റെ ബാല്യത്തിൽ എനിക്ക് കിട്ടിയ അവസരമാണത്.
ഞാനും ജഗനാഥ വർമ സാറും കണ്ണൂരിൽ ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്റെ ഓർമ ശരിയാണെങ്കിൽ ഐ.വി. ശശി സാറിന്റെ സിനിമയായിരുന്നു അത്. അവിടെ നിന്നൊരു കോൾ വരുകയാണ്, നിങ്ങൾ പെട്ടെന്ന് ചെന്നൈക്ക് വരണമെന്നായിരുന്നു ആ ഫോൺ കോളിൽ പറഞ്ഞത്.
അവിടെ നിന്ന് ഫ്ലൈറ്റിൽ ദൽഹിയിലേക്ക് വരാനും അവർ പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ടുപേരും ദൽഹിയിൽ എത്തുകയാണ്. എന്തിനാണ് അവിടെ പോവുന്നതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. പക്ഷെ അത് ജോഷി സാറിന്റെ പടമാണെന്ന് അറിയാം. കഥാപാത്രവും, എന്ത് പടമാണെന്നുമെല്ലാം അറിയാതെയാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്,’ദേവൻ പറയുന്നു.
Content Highlight: Devan About New Delhi Movie