നായകന്‍ പറഞ്ഞിട്ട് സംവിധായകന്‍ റീടേക്കെടുത്തു; എന്റെ ഇംപ്രൊവൈസേഷന്‍ വേണ്ടെന്ന് പറഞ്ഞു: ദേവന്‍
Entertainment
നായകന്‍ പറഞ്ഞിട്ട് സംവിധായകന്‍ റീടേക്കെടുത്തു; എന്റെ ഇംപ്രൊവൈസേഷന്‍ വേണ്ടെന്ന് പറഞ്ഞു: ദേവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th July 2023, 11:24 pm

മലയാള സിനിമയിലെ എഴുത്തുകാര്‍ വില്ലന്മാര്‍ എഴുത്തുകാരെ സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് നടന്‍ ദേവന്‍. ഷൈന്‍ ചെയ്യുന്ന കാര്യങ്ങള്‍ നായകന്മാര്‍ക്കും, അടികൊള്ളേണ്ട സീനുകള്‍ മാത്രം വില്ലന്മാര്‍ക്കും നല്‍കുന്നുവെന്ന് നടന്‍ പറഞ്ഞു. മലയാളത്തിലാണ് ഇത് കൂടുതല്‍ കാണുന്നതെന്നും ദേവന്‍ സമയം മലയാളത്തില്‍ പറഞ്ഞു.

താന്‍ നന്നായി ചെയ്ത ഒരു വില്ലന്‍ സീന്‍ നടന്‍ പറഞ്ഞ് മാറ്റി ചെയ്യിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടന്‍മാര്‍ തങ്ങള്‍ ഷൈന്‍ ചെയ്യാന്‍ അല്ലേ ആഗ്രഹിക്കുകയുള്ളൂവെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

‘വില്ലന്മാര്‍ക്ക് എഴുത്തുകാരുടെ ഭാഗത്ത് നിന്ന് സപ്പോര്‍ട്ടില്ല. പ്രത്യേകിച്ച് മലയാളത്തില്‍. എല്ലാ കാര്യങ്ങളും ഹീറോക്കേ കൊടുക്കുള്ളൂ. ഷൈന്‍ ചെയ്യുന്നതെല്ലാം ഹീറോ, വില്ലന് അടി വാങ്ങല്‍ മാത്രം.

ഞാന്‍ വില്ലനായ ഒരു സിനിമയില്‍ എന്റെ ഇന്‍ട്രൊഡക്ഷന്‍ സമയത്ത് എങ്ങനെയാണ് ഞാന്‍ ചെയ്യേണ്ടതെന്ന് ആലോചിച്ചു. ഫസ്റ്റ് ഹീറോ വരുന്നതാണ് സീന്‍.

ഞാന്‍ വാതില്‍ മുട്ടുമ്പോള്‍ നായകന്‍ വാതില്‍ തുറക്കണം. അപ്പോള്‍ എന്നെ കാണുന്നതാണ് ആദ്യത്തെ ഷോട്ട്. ഞാന്‍ അയാളെ നോക്കിക്കൊണ്ട് നില്‍ക്കുകയാണ്. അത് എങ്ങനെ ചെയ്യണമെന്ന് ഞാന്‍ ആലോചിച്ചു.

എല്ലാ സിനിമയും ഞാന്‍ അങ്ങനെ ആലോചിച്ചാണ് ചെയ്യാറ്. ആരെങ്കിലും പറഞ്ഞ് തന്നിട്ടില്ല. രണ്ട് കയ്യും വാതിലിന്റെ ഇരുവശം വെച്ച് മുഖം കുറച്ചൊന്ന് താഴ്ത്തി കണ്ണുകള്‍ കൊണ്ട് നോക്കാമെന്ന് വെച്ചു. ആ ഷോട്ട് എടുത്തു.

ആ ഷോട്ടെടുത്തതിന് ശേഷം നായകനത് കാണുന്നുണ്ടായിരുന്നു. സംവിധായകന്‍ ഓക്കെ പറഞ്ഞു, ക്യാമറാമാന്‍ ഓക്കെ പറഞ്ഞു. അവര്‍ അടുത്ത ഷോട്ടിലേക്ക് പോയി.

പിന്നെ ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് നായകന്‍ സംവിധായകനുമായി സംസാരിക്കുന്നതാണ്.
ഉടനെ ദേവാ ആ ഷോട്ടൊന്ന് റീ ടേക്ക് ചെയ്യാമെന്ന് സംവിധായകന്‍ പറഞ്ഞു. കൈ അങ്ങനെ വെക്കണ്ട ആവശ്യമില്ലല്ലോ, പിന്നെ നോട്ടം സാധാരണ നോക്കുന്നത് പോലെ മതിയല്ലോയെന്ന് പറഞ്ഞു,’ ദേവന്‍ പറഞ്ഞു.

തനിക്ക് ഇത്തരത്തില്‍ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് പേടിയില്ലാത്തത് കൊണ്ടാണ് തുറന്ന് പറയുന്നതെന്നും ദേവന്‍ പറഞ്ഞു.

‘ഇത് ആരാ ചെയ്തതെന്ന് എനിക്ക് മനസിലായി. ഇതാണ് ഇതിന്റെ ഉള്ളിലുള്ള സംഗതികള്‍. അവര്‍ അത് നോട്ട് ചെയ്യുന്നുണ്ടാകും. അവരെ സംബന്ധിച്ച് ഒരു സിനിമയില്‍ അവര്‍ ഷൈന്‍ ചെയ്യാനല്ലേ ആഗ്രഹിക്കുകയുള്ളൂ.

ആ ഷൈനിങ് പോകാതിരിക്കാന്‍ മറ്റ് കഥാപാത്രങ്ങള്‍ ആരാണ് ചെയ്യുന്നതെന്ന് അവര്‍ ആദ്യം മനസിലാക്കും. അതിനെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ പറയും. അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട്. ഞാന്‍ തുറന്ന് പറയുന്നത് എനിക്ക് ആരെയും പേടിയില്ലാത്തത് കൊണ്ടാണ്.

കാരണം ഞാനാരുടെയും അടുത്ത് പോയിട്ട് റോള്‍ ചോദിക്കാറില്ല. എന്നാല്‍ ഇതൊക്കെ സഹിച്ച് നില്‍ക്കുന്ന കുറേ ആര്‍ട്ടിസ്റ്റുകളുണ്ടിവിടെ,’ ദേവന്‍ പറഞ്ഞു.

content highlights: devan about heros and villains in malayalam cinema