| Saturday, 15th July 2023, 9:56 pm

ഞാന്‍ ബി.ജെ.പിയിലേക്ക് വെറുതെ ചാടിക്കയറിയതല്ല; അതിനൊരു കാരണമുണ്ട്: ദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ബി.ജെ.പിയില്‍ വെറുതെ ചാടി കയറിയതല്ലെന്നും അതിനൊരു കാരണമുണ്ടെന്നും നടന്‍ ദേവന്‍. തന്റെ സ്വപ്‌നങ്ങള്‍ ബി.ജെ.പിക്കൊപ്പം നിന്നാല്‍ സാധിക്കുമെന്ന ഉറപ്പുണ്ടെന്നും പക്ഷേ അതിന് അധികാരം വേണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുകാര്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ വന്ന് ‘മുഖ്യമന്ത്രി മറുപടി പറയണം’ എന്ന് പറയുകയല്ലാതെ പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നില്ലെന്നും ദേവന്‍ കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘എന്റെ സ്വപ്‌നങ്ങള്‍ ബി.ജെ.പിക്കൊപ്പം നിന്നാല്‍ സാധിക്കുമെന്ന ഉറപ്പെനിക്കുണ്ട്. പക്ഷേ എന്നില്‍ അധികാരമുണ്ടായിരിക്കണം. ബി.ജെ.പി എന്ന പാര്‍ട്ടിയില്‍ ഞാനിപ്പോള്‍ വെറുമൊരു സിനിമാ നടനാണ്. എത്രയോ സിനിമാ നടന്മാര്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ രാജസേനന്‍ വന്നിട്ട് പോയി. അങ്ങനെ ഒരുപാട് സിനിമാ നടന്മാര്‍ വരികയും പോകുകയും ചെയ്യുന്നു.’

ഞാന്‍ ബി.ജെ.പിയില്‍ വെറുതെ ചാടി കയറിയതല്ല. അതിനൊരു കാരണമുണ്ട്. കേരളത്തില്‍ നമുക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. ആ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാനായിട്ട് കേരള പീപ്പിള്‍സ് പാര്‍ട്ടി ശക്തമല്ല എന്ന് ബോധ്യമുള്ളത് കൊണ്ടാണ് ബദല്‍ ബി.ജെ.പിയാണെന്ന് മനസിലായപ്പോള്‍ അവിടേക്ക് പോയത്. എനിക്ക് ഇത് പറയാനായി കാരണങ്ങളുണ്ട്.

എന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്റെ അനുഭവങ്ങളിലൂടെ എനിക്ക് സാധിക്കും. എനിക്ക് അതിനുള്ള കഴിവുമുണ്ട്. എന്നാല്‍ ഒരു സിനിമാ നടന്‍ എന്ത് പറഞ്ഞാലും ആരും ശ്രദ്ധിക്കില്ല. മാധ്യമങ്ങള്‍ ശ്രദ്ധിക്കില്ല.

ഇവിടെ ഒരുപാട് കാര്യങ്ങള്‍ കേരളത്തില്‍ നടക്കുന്നു. എത്രയോ പ്രശ്‌നങ്ങളുണ്ടിവിടെ. അതിനെതിരെ പ്രതികരിക്കാനായി കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരുമില്ല. കോണ്‍ഗ്രസുകാര്‍ വാര്‍ത്താസമ്മേളനങ്ങളില്‍ വന്നിരുന്നിട്ട് പിണറായി വിജയന്‍ ഇതിന് മറുപടി പറയണമെന്ന് പറയുന്നു. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറയുന്നു.

മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ മാത്രം തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണോ കേരളത്തിലുള്ളത്. ഇതെന്റെ ഒരു ചോദ്യമാണ്. ഒരു പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ അവര്‍ക്കൊരു കടമയില്ലേ. ജനങ്ങളോട് ഉത്തരവാദിത്തമില്ലേ. മുഖ്യമന്ത്രി ഒന്നും പറയാന്‍ പോകുന്നില്ല. അതോടെ കഴിഞ്ഞോ,’ ദേവന്‍ പറഞ്ഞു.

2021ല്‍ കേരളം ബി.ജെ.പി ഭരിക്കുമെന്ന് അമിത്ഷാ പറഞ്ഞിരുന്നതായും ദേവന്‍ പറഞ്ഞു. അത് നടക്കില്ലെന്ന് അന്ന് തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും ദേവന്‍ പറഞ്ഞു.

‘അമിത് ഷായുമായി ഞാന്‍ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2016ലും 2021ലും. 2021 ല്‍ ദല്‍ഹിയില്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. ഞാനും അദ്ദേഹവും മാത്രമുള്ള ഒരു കൂടിക്കാഴ്ചയായിരുന്നു.

അതിന് മുമ്പ് 2016ല്‍ തിരുവനന്തപുരത്ത് വെച്ച് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലും അമിത് ഷായെ കണ്ടിരുന്നു. 2021ല്‍ കേരളം ബി.ജെ.പി ഭരിക്കുമെന്ന് അന്ന് അമിത് ഷാ പറഞ്ഞു. ഇത് നടക്കാന്‍ പോകുന്ന കാര്യമല്ല സര്‍ എന്ന് ഞാന്‍ അപ്പോള്‍ തന്നെ മറുപടി പറഞ്ഞു. ഇത് പറയുന്നതില്‍ എനിക്ക് വിഷമമുണ്ടെങ്കിലും അതാണ് യാഥാര്‍ത്ഥ്യമെന്ന് ബി.ജെ.പിയുടെ ഏറ്റവും പവര്‍ഫുള്ളായ നേതാവിനോട് ഞാന്‍ തുറന്ന് പറഞ്ഞു. അത് കേട്ട അദ്ദേഹം ഷോക്കായി. കുമ്മനവും അടുത്ത് തന്നെയുണ്ടായിരുന്നു,’ ദേവന്‍ പറഞ്ഞു.

content highlights: devan about bjp

We use cookies to give you the best possible experience. Learn more