| Friday, 20th October 2023, 9:54 pm

ബി.ജെ.പി - ജെ.ഡി.എസ് ലയനത്തെ കേരളത്തിലെ സി.പി.ഐ.എം പിന്തുണക്കുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല: ദേവഗൗഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബി.ജെ.പി – ജെ.ഡി.എസ് സഖ്യത്തെ പിണറായി വിജയൻ പിന്തുണക്കുന്നുവെന്ന പ്രസ്താവനയിൽ തിരുത്തലുമായി ജെ.ഡി.എസ് അധ്യക്ഷൻ ദേവഗൗഡ.

ബി.ജെ.പി – ജെ.ഡി.എസ് ലയനത്തെ കേരളത്തിലെ സി.പി.ഐ.എം പിന്തുണക്കുന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജെ.ഡി.എസ് കേരള ഘടകം എൽ.ഡി.എഫ് സർക്കാരിനൊപ്പം പോകുകയാണ് എന്നാണ് പറഞ്ഞതെന്നും ദേവഗൗഡ എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ പറഞ്ഞു.

‘സി.പി.ഐ.എമ്മിനെ കുറിച്ചുള്ള എന്റെ പ്രസ്താവനയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായി. ഞാൻ പറഞ്ഞത്‌ എന്താണെന്നോ ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്നോ എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കൾക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. കേരളത്തിലെ സി.പി.ഐ.എം ബി.ജെ.പിയുമായുള്ള ജെ.ഡി.എസ് സഖ്യത്തെ പിന്തുണക്കുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല.

കർണാടകക്ക് പുറത്തെ പ്രതിസന്ധി തീർപ്പാവാത്തതിനാൽ കേരളത്തിലെ എന്റെ പാർട്ടി യൂണിറ്റ് എൽ.ഡി.എഫ് സർക്കാരിനൊപ്പം നിൽക്കുമെന്നാണ് ഞാൻ പറഞ്ഞത്‌. സി.പി.ഐ.എം ഉചിതമായ വാക്കുകൾ തെരഞ്ഞെടുക്കുകയോ കാര്യങ്ങൾ മനസ്സിലാക്കാൻ എന്നെ സമീപിക്കുകയോ ചെയ്തിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്,’ ദേവഗൗഡ പറഞ്ഞു.

കർണാടക ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ സി.എം. ഇബ്രാഹീമിനെ പുറത്താക്കുകയാണെന്നും സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയാണെന്നും അറിയിച്ച് ദേവഗൗഡ നടത്തിയ പത്രസമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് ബി.ജെ.പിയുമായുള്ള സഖ്യമെന്ന് ദേവഗൗഡ പറഞ്ഞിരുന്നു. അദ്ദേഹം പൂർണ സമ്മതം നൽകിയതിനാലാണ് ജെ.ഡി.എസിന്റെ മന്ത്രി അദ്ദേഹത്തിന്റെ സർക്കാരിൽ ഉള്ളത് എന്നും പാർട്ടിയെ രക്ഷിക്കുന്നതിനാണ് താൻ ബി.ജെ പിയുമായി സഖ്യമുണ്ടാക്കുന്നതെന്ന് പിണറായിക്ക് ബോധ്യപ്പെട്ടുവെന്നും ദേവഗൗഡ പറഞ്ഞു.

ദേവഗൗഡക്കെതിരെ കേരള ജെ.ഡി.എസ് അധ്യക്ഷൻ മാത്യു ടി. തോമസ്, സി.പി.ഐ.എം സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ രംഗത്ത് വന്നിരുന്നു.

ദേവഗൗഡയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് പിണറായി വിജയനും പ്രതികരിച്ചിരുന്നു.

അതേസമയം, ദേവഗൗഡയുടെ പ്രസ്താവന ആയുധമാക്കി പിണറായിക്കും സി.പി.ഐ.എമ്മിനുമെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളും രംഗത്ത് വന്നിരുന്നു.

Content Highlight: Devagowda changed his statement about Pinarayi Vijayan supporting BJP-JDS alliance

We use cookies to give you the best possible experience. Learn more