| Tuesday, 9th July 2024, 9:29 pm

വിശാല്‍ കൃഷ്ണമൂര്‍ത്തി, കാലം തെറ്റിയിറങ്ങിയ മോഹന്‍ലാല്‍ ചിത്രം; ദേവദൂതന്റെ ട്രെയ്‌ലറെത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ അണ്ടര്‍റേറ്റഡ് ക്ലാസിക് റൊമാന്‍സ് ഹൊറര്‍ ചിത്രമായ ‘ദേവദൂതന്‍’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് അപ്ഡേറ്റ് പുറത്തിറക്കിയത്. ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയില്‍ ആവേശം ഉണര്‍ത്തി കൊണ്ട് ദേവദൂതന്റെ ട്രെയ്‌ലറും എത്തി. കലൂര്‍ ഗോകുലം പാര്‍ക്കില്‍ വെച്ചു നടന്ന ചടങ്ങിലാണ് ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ മറ്റ് അണിയപ്രവര്‍ത്തകരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലുമാണ് പുനരവതരിപ്പിക്കുന്നത്. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്. റീ മാസ്റ്റേര്‍ഡ് – റീ എഡിറ്റഡ് പതിപ്പാകും തിയേറ്ററുകളില്‍ ഉടന്‍ എത്തുക. രഘുനാഥ് പാലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറായിരുന്നു ദേവദൂതന്‍.

സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. കൗതുകമുണര്‍ത്തുന്ന പ്ലോട്ടും മോഹന്‍ലാലിന്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ആക്കം കൂട്ടുന്നു.

ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് സി. തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍. ഭൂമിനാഥന്‍ ആണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍.

Content Highlight: Devadoothan Trailer Out

We use cookies to give you the best possible experience. Learn more