| Tuesday, 13th August 2024, 11:32 am

രണ്ടാം വരവില്‍ ആടുതോമയെ മലര്‍ത്തിയടിച്ച് വിശാല്‍ കൃഷ്ണമൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിാനം ചെയ്ത് 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതന്‍. മിസ്റ്റി ഹൊറര്‍ ഴോണറില്‍ പെടുന്ന ചിത്രം അന്നത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞിരുന്നു. ബോക്‌സ് ഓഫീസില്‍ പരാജയം രുചിക്കേണ്ടി വന്ന ദേവദൂതനെ വര്‍ഷങ്ങള്‍ക്ക് ശേഷം പലരും ക്ലാസിക്കെന്ന് വാഴ്ത്തി. കാലം തെറ്റിയിറങ്ങിയ സിനിമയെന്ന് പലരും ചിത്രത്തെ വിശേഷിപ്പിച്ചു.

24 വര്‍ഷങ്ങള്‍ക്ക് ശേഷം സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്‌റ്റേര്‍ഡ് വേര്‍ഷന്‍ അണിയറപ്രവര്‍ത്തകര്‍ ഒരിക്കല്‍കൂടി ബിഗ് സ്‌ക്രീനിലെത്തിച്ചു. അനാവശ്യമായിട്ടുള്ള രംഗങ്ങള്‍ മുറിച്ചുമാറ്റി റീ റിലീസ് ചെയ്ത ദേവദൂതനെ പ്രേക്ഷകര്‍ സ്വീകരിച്ചു. പഴയതിലും മികച്ച ശബ്ദമികവില്‍ വന്ന ചിത്രത്തിന്റെ തിരിച്ചുവരവ് സിനിമാപ്രേമികള്‍ ആഘോഷമാക്കി മാറ്റി.

ഇപ്പോഴിതാ മലയാളത്തിലെ റീ റിലീസ് ചിത്രങ്ങളിലെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് ദേവദൂതന്‍. റീ റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 5.2 കോടിയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം റീ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ക്ലാസിക് ചിത്രം സ്ഫടികത്തിന്റെ കളക്ഷനാണ് ദേവദൂതന്‍ തകര്‍ത്തത്. 4.8 കോടിയായിരുന്നു ആടുതോമ രണ്ടാം വരവില്‍ നേടിയത്.

പഴയ തലമുറ തിയേറ്ററുകളില്‍ ഒരുപാട് ആസ്വദിച്ച ചിത്രമായ സ്ഫടികം ബിഗ് സ്‌ക്രീനില്‍ കാണാന്‍ പുതിയ തലമുറയിലെ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. സ്ഫടികത്തിന്റെ വിജയത്തിന് പിന്നാലെയാണ് ദേവദൂതനും റീമാസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യ വരവില്‍ പ്രേക്ഷകര്‍ കൈയൊഴിഞ്ഞ ചിത്രം റീ റിലീസില്‍ റെക്കോഡ് കളക്ഷന്‍ നേടുന്ന അപൂര്‍വകാഴ്ചക്കാണ് മലയളസിനിമ സാക്ഷ്യം വഹിക്കുന്നത്.

സ്ഫടികത്തിനും ദേവദൂതനും പിന്നാലെ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മണിച്ചിത്രത്താഴും റീ റിലീസിനൊരുങ്ങുകയാണ്. നാഗവല്ലിയെയും സണ്ണിയെയും ബിഗ് സ്‌ക്രീനില്‍ കാണാന്‍ പറ്റാതെപോയ സിനിമാപ്രേമികള്‍ മണിച്ചിത്രത്താഴിന്റെ റീ റിലീസിനായി കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 16ന് മണിച്ചിത്രത്താഴ് ഒരിക്കല്‍ കൂടി തിയേറ്ററുകളിലെത്തുകയാണ്.

Content Highlight: Devadoothan become the highest grossing Malayalam movie in re release by beating Spadikam

We use cookies to give you the best possible experience. Learn more