മലയാളത്തിൽ സൂപ്പർതാരങ്ങളെ വച്ച് സിനിമകൾ ഒരുക്കുന്ന സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ. സുരേഷ് ഗോപിയെ നായകനാക്കി 2006 ൽ സ്മാർട്ട് സിറ്റി എന്ന ചിത്രത്തിലൂടെയാണ് ബി.ഉണ്ണികൃഷ്ണൻ സംവിധായകനായി അരങ്ങേറുന്നത്.
ബി.ഉണ്ണികൃഷ്ണന്റെ അവസാനത്തെ സിനിമ മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ ആയിരുന്നു. ക്രിസ്റ്റഫറും അതിന് മുൻപിറങ്ങിയ മോഹൻലാൽ ചിത്രം ആറാട്ടും തിയേറ്ററുകളിൽ വലിയ പരാജയമായിരുന്നു.
ഇനി പുതിയ തിരക്കഥാകൃത്തുകളോടൊപ്പം സിനിമകൾ ചെയ്യുമെന്ന് ബി. ഉണ്ണികൃഷ്ണൻ ഈയിടെ പറഞ്ഞിരുന്നു. ആ വാക്കുകൾ ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ അടുത്തതായി ചെയ്യുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് ദേവദത്ത് ഷാജിയാണ്. അമൽ നീരദ് മമ്മൂട്ടി കോംബോയിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പർവ്വത്തിനായി തിരക്കഥ ഒരുക്കിയത് ദേവദത്ത് ആയിരുന്നു.
ഉണ്ണികൃഷ്ണനോടൊപ്പം നിൽക്കുന്ന ഒരു ചിത്രം ദേവദത്ത് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.
View this post on Instagram
എന്നാൽ പോസ്റ്റിന് പിന്നാലെ ദേവദത്ത് ഷാജിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം മോഹൻലാലിനൊപ്പമാണെന്ന തരത്തിൽ റിപ്പോർട്ടുകളും വാർത്തകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് ദേവദത്ത് ഷാജി തന്നെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ചർച്ചകൾ നടക്കുകയാണെന്നും നായകനുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതേയുള്ളൂവെന്നും ദേവദത്ത് പറയുന്നു.
‘ശ്രീ. ബി. ഉണ്ണികൃഷ്ണൻ സർ സംവിധാനം ചെയ്യുന്ന, എന്റെ തിരക്കഥയിൽ ഒരുങ്ങുന്ന അടുത്ത ചിത്രത്തിന്റെ എഴുത്തും ചർച്ചകളും പുരോഗമിക്കുന്നതേയുള്ളു. ചിത്രത്തിലെ നായകനുമായി ബന്ധപെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണ്,’ ദേവദത്ത് പറയുന്നു.
Content Highlight: Devadhath Shaji’s Facebook Post About New Film With B.Unnikrishnan