അമല്‍ നീരദിനൊപ്പം ഭീഷ്മ പര്‍വ്വം സൃഷ്ടിച്ച 26 കാരന്‍; മാസ് ഡയലോഗുകള്‍ക്ക് പിന്നിലെ ദേവദത്ത് ഷാജി
Film News
അമല്‍ നീരദിനൊപ്പം ഭീഷ്മ പര്‍വ്വം സൃഷ്ടിച്ച 26 കാരന്‍; മാസ് ഡയലോഗുകള്‍ക്ക് പിന്നിലെ ദേവദത്ത് ഷാജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th March 2022, 3:33 pm

ഭീഷ്മ പര്‍വ്വം തരംഗമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കുറച്ച്‌ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിക്ക് വലിയ വിജയം നേടികൊടുത്ത ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിലെ മമ്മൂട്ടിയുടെ പല മാസ് ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഈ പ്രായത്തിലും തന്റെ പ്രകടനം കൊണ്ട് തിയേറ്ററുകള്‍ ഇളക്കി മറിക്കാന്‍ തനിക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് മമ്മൂട്ടി. അതില്‍ വലിയ പങ്ക് നിര്‍ഹിച്ച ഡയലോഗുകള്‍ക്ക് പിന്നില്‍ ഒരു 26 കാരനാണ്. മമ്മൂട്ടി, സൗബിന്‍, ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവരുടെ പ്രകടനങ്ങളും
അമലിന്റെ മേക്കിംഗും സുഷിന്‍ ശ്യാമിന്റെ സംഗീതവും ചര്‍ച്ചയായെങ്കിലും ദേവദത്ത് ഷാജിയെ പറ്റി അധികമാരും ശ്രദ്ധിച്ചിരുന്നില്ല. അമല്‍ നീരദിനൊപ്പം ഭീഷ്മ പര്‍വ്വതത്തിന്റെ തിരക്കഥയൊരുക്കിയത് ദേവദത്ത് ഷാജിയാണ്.

കൊച്ചിന്‍ സരിഗ എന്ന മിമിക്‌സ് ട്രൂപ്പിലൂടെ പലര്‍ക്കും സുപരിചിതനായ കലാകാരന്‍ ഷാജി സരിഗയാണ് ദേവദത്തിന്റെ അച്ഛന്‍. പ്ലസ് ടു പഠനകാലം മുതല്‍ തന്നെ ദേവദത്ത് കഥകള്‍ എഴുതി തുടങ്ങിയിരുന്നു. ‘കാലം എന്നോട് പറഞ്ഞത്’ എന്നായിരുന്നു ആദ്യ പുസ്തകത്തിന്റെ പേര്. എഞ്ചിനീയറിംഗ് പഠനകാലത്ത് ‘ഗുരുവായൂര്‍ പാസഞ്ചര്‍’ എന്ന് പുസ്തകം രചിച്ചു.

കോളേജ് പഠനകാലത്താണ് ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. കോളേജ് പഠനകാലത്തിനിടയില്‍ എട്ട് ഷോര്‍ട്ട്ഫിലിമുകളാണ് ദേവദത്ത് ചെയ്തത്. ഫേസ്ബുക്കിലെ ഷോര്‍ട്ട് ഫിലിം ലിങ്കുകള്‍ കണ്ടാണ് ദിലീഷ് പോത്തന്‍ നിര്‍മിച്ച ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലേക്ക് വിളിക്കുന്നത്.

May be an image of 2 people, beard, people sitting and indoor

കുമ്പളങ്ങി നൈറ്റ്‌സില്‍ സംവിധായകന്‍ മധു സി. നാരായണന്റെ അസിസ്റ്റന്റായി സിനിമരംഗത്തേക്ക് ചുവടു വച്ചു. തുടര്‍ന്ന് ബിലാലില്‍ വര്‍ക്ക് ചെയ്യാനായി അമല്‍ നീരദിനോടൊപ്പം ചേര്‍ന്നെങ്കിലും കൊവിഡ് പ്രതിസന്ധികള്‍ കൊണ്ട് ബിലാല്‍ ഷൂട്ടിംഗ് നീട്ടിവയ്ക്കപ്പെട്ടു.

പിന്നീടാണ് അമല്‍നീരദിന്റെ തന്നെ ഭീഷ്മ പര്‍വ്വം എഴുതി തുടങ്ങുന്നതും. മഹാഭാരതം ഇതിഹാസത്തിലെ ഭീഷ്മരെ മമ്മൂട്ടിയിലൂടെ അവതരിപ്പിക്കണമെന്നത് അമല്‍ നീരദിന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധികള്‍ കാരണം നേരിട്ട ബുദ്ധിമുട്ടുകള്‍ കൊണ്ട് രണ്ട് വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ വര്‍ക്കുകളെല്ലാം ചെയ്തുതീര്‍ന്നത്.

May be an image of 6 people, beard and people standing

എന്തായാലും ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ദേവദത്ത് ഷാജിക്ക് കൂടിയാണ് അംഗീകാരം ലഭിക്കുന്നത്.

ഉടനെ തന്നെ ഒരു സംവിധായകന്റെ വേഷത്തില്‍ ദേവദത്തിനെ കാണാനാകുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഭീഷ്മ പര്‍വ്വത്തിന്റെ വന്‍വിജയത്തോടെ ബിലാലിലും വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്കുള്ളത്.

അതേസമയം സമീപകാലത്ത് ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ വിജയത്തിലേക്കാണ് ബോക്‌സ് ഓഫീസില്‍ ഭീഷ്മ പര്‍വ്വം മുന്നേറുന്നത്. ഈ മാസം മൂന്നിന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്.

സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ഇത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി.


Content Highlight: devadath shaji writer of bheeshma parvam