തന്റെ പഴയ ഷോര്‍ട്ട് ഫിലിമിന് മമ്മൂട്ടി അഭിനന്ദനങ്ങളറിയിച്ച ഓര്‍മ പങ്കുവെച്ച് ഭീഷ്മ പര്‍വ്വത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ദേവദത്ത് ഷാജി.
2018 ല്‍ എന്റെ സ്വന്തം കാര്യം എന്ന ഷോര്‍ട്ട് ഫിലിമിന് വ്യൂസ് കേറാത്ത വിഷമത്തില്‍ ഇരിക്കുമ്പോഴാണ് മമ്മൂട്ടിയുടെ മെസേജ് വന്നതെന്നും അത് കണ്ട് താന്‍ ഞെട്ടി പോയെന്നും ദേവദത്ത് പറയുന്നു. പിന്നീട് ഭീഷ്മയുടെ സെറ്റില്‍ വെച്ച് മമ്മൂട്ടിയോട് പണ്ട് മെസേജ് അയച്ച കാര്യം പറയണമെന്നുണ്ടായിരുന്നുവെങ്കിലും സാധിച്ചില്ലെന്നും ദേവദത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മമ്മൂട്ടി സാറിന്റെ അഭിനന്ദനങ്ങള്‍ തന്ന ഊര്‍ജം വാക്കുകള്‍ക്കും മേലെയാണെന്നും ദേവദത്ത് കൂട്ടിച്ചേര്‍ത്തു. ഇതിനു മുമ്പ് കുമ്പളങ്ങി നൈറ്റ്‌സില്‍ അസോസിയേറ്റ് ഡയറക്ടാറായും ദേവദത്ത് വര്‍ക്ക് ചെയ്തിട്ടുണ്ട്.
ദേവദത്തിന്റെ ഷോര്‍ട്ട്ഫിലിമുകള്‍ കണ്ട് ദിലീഷ് പോത്തനായിരുന്നു കുമ്പളങ്ങി നൈറ്റ്‌സില്‍ വര്‍ക്ക് ചെയ്യാനായി വിളിക്കുന്നത്. എഞ്ചിനീയറിംഗ് പഠനകാലത്ത് എട്ട് ഷോര്‍ട്ട് ഫിലിമുകളായിരുന്നു ദേവദത്ത് സംവിധാനം ചെയ്തത്.
ഉടനെ തന്നെ ഒരു സംവിധായകന്റെ വേഷത്തില്‍ ദേവദത്തിനെ കാണാനാകുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഭീഷ്മ പര്‍വ്വത്തിന്റെ വന്‍വിജയത്തോടെ ബിലാലിലും വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്കുള്ളത്.
മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ഭീഷ്മ പര്‍വ്വം ഏപ്രില്‍ ഒന്നിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും എത്തിയിരുന്നു. ഒ.ടി.ടിയില്‍ റിലീസ് ചെയ്‌തെങ്കിലും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ഭീഷ്മ പര്‍വ്വം.
2018 ജനുവരി
ഏറ്റവും ഒടുവില്‍ ചെയ്ത ‘എന്റെ സ്വന്തം കാര്യം’ ഷോര്‍ട്ട് ഫിലിം യൂടൂബില്‍ റിലീസായിരിക്കുന്ന സമയം. ആലുവയിലെ റൂമില്‍ രാത്രി സുഹൃത്തുക്കളുമായി ഇരിക്കുന്നു. കാഴ്ചക്കാര്‍ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വ്യൂസ് കേറുന്നില്ല എന്നുള്ള പരിഭവത്തിലാണ് എല്ലാവരും.
കോണ്ടാക്ടില്‍ ഉള്ളവര്‍ക്കെല്ലാം ഷോര്‍ട്ട് ഫിലിം ലിങ്ക് ഫോര്‍വേഡ് ചെയ്തുകൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ക്യാമറാമാന്‍, പ്രിയ സഹോദരന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് തന്റെ മൊബൈല്‍ സ്‌ക്രീന്‍ എന്റെ മുന്നിലേക്ക് നീട്ടുന്നത്. ഷോര്‍ട്ട് ഫിലിമിന് ആരോ ‘നന്നായി’ എന്ന് റിപ്ലൈ ചെയ്തിരിക്കുന്നു. ചാറ്റ് ബോക്‌സിന്റെ മുകളില്‍ മെസേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി. ‘മമ്മൂക്ക’.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭീഷ്മ പര്‍വ്വത്തില്‍ കൂടെ വര്‍ക്ക് ചെയ്തവരില്‍ ഒരാള്‍ കോള്‍ ചെയ്തു, ‘നിന്നെ അമല്‍ സര്‍ അന്വേഷിയ്ക്കുന്നുണ്ട് .. മമ്മൂക്കയുടെ റൂമിലേക്ക്…’. കുടിച്ചുകൊണ്ടിരുന്ന ചായ പകുതിയാക്കി അവിടേക്ക് ഓടി. ചെല്ലുമ്പോള്‍ മമ്മൂട്ടി സര്‍, അമല്‍ നീരദ് സര്‍, അബു സലീമിക്ക , ജോര്‍ജേട്ടന്‍ തുടങ്ങിയവരുണ്ട്.
മമ്മൂട്ടി സര്‍ വലതുകൈ കൊണ്ട് എന്നെ നോക്കി മാസ്‌ക്ക് മാറ്റാനായി ആക്ഷന്‍ കാണിച്ചു. അമല്‍ സര്‍ എന്നെ പരിചയപ്പെടുത്തി. മമ്മൂട്ടി സര്‍ വിശേഷങ്ങള്‍ ചോദിച്ചു. ഞാന്‍ കൈകള്‍ പിന്നില്‍ കെട്ടി തിരുമ്മുന്നു. നല്ലവണ്ണം കൈകള്‍ വിറയ്ക്കുന്നത് ശ്രദ്ധിച്ചിട്ടാവണം ജോര്‍ജേട്ടന്‍ പതിയെ പിന്നില്‍ കൂടി വന്ന് കൈകളില്‍ മുറുക്കെ പിടിച്ചു.
വിശേഷങ്ങളുടെ കൂട്ടത്തില്‍ അന്നത്തെ ഷോര്‍ട്ട് ഫിലിം കണ്ടുള്ള മറുപടിയെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല. പിന്നീട് മാസങ്ങളോളം നീണ്ട ‘ഭീഷ്മ പര്‍വ്വം’ ചിത്രീകരണത്തിന് ഇടയിലും, ശേഷം കണ്ടപ്പോഴും ഒന്നും ഈ കാര്യം പറയാനുള്ള അവസരമോ ധൈര്യമോ ലഭിച്ചില്ല. പ്രിയപ്പെട്ട മമ്മൂട്ടി സര്‍, ആ ‘നന്നായി’ തന്ന ഊര്‍ജ്ജം വാക്കുകള്‍ക്കും മേലെയാണ്.
Content Highlight: Devadath Shaji shared the memory of Mammootty’s congratulations on his old short film