അത് കേള്‍ക്കുമ്പോഴേ അമല്‍ സാര്‍ പറയും മൈക്കിള്‍ അങ്ങനെ പറയില്ല, അത് ബിലാലിന്റേതാണെന്ന്, ഞങ്ങളുടെ ആശങ്കയും അതായിരുന്നു: ദേവദത്ത് ഷാജി
Film News
അത് കേള്‍ക്കുമ്പോഴേ അമല്‍ സാര്‍ പറയും മൈക്കിള്‍ അങ്ങനെ പറയില്ല, അത് ബിലാലിന്റേതാണെന്ന്, ഞങ്ങളുടെ ആശങ്കയും അതായിരുന്നു: ദേവദത്ത് ഷാജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th March 2022, 11:45 am

ഭീഷ്മ പര്‍വ്വം പ്രഖ്യാപിക്കപ്പെട്ട സമയത്ത് തന്നെ അണിയറപ്രവര്‍ത്തകര്‍ നേരിട്ട ഒരു പ്രധാന വെല്ലുവിളിയായിരുന്നു അത് ബിഗ് ബിയുമായി താരതമ്യപ്പെടുത്തും എന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഒരു നിര്‍ണായക കഥാപാത്രമായി ബിലാലിനെ സൃഷ്ടിച്ച സംവിധായകന്‍ തന്നെ അദ്ദേഹവുമായി വീണ്ടും ഒന്നിക്കുമ്പോള്‍ പഴയതുപോലെ ആ കോമ്പോ വര്‍ക്ക് ഔട്ട് ആകുമോയെന്നതും പ്രേക്ഷകര്‍ നിരീക്ഷിച്ചിരുന്നു.

സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് തന്നെ തങ്ങളും ഈ ഒരു വെല്ലുവിളി നേരിട്ടിരുന്നു എന്ന് പറയുകയാണ് ഭീഷ്മ പര്‍വ്വത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ദേവദത്ത് ഷാജി. ബിലാല്‍ മൈക്കിളിലേക്ക് കലരാതിരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രദ്ധിച്ചെന്നും ദേവദത്ത് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോടായിരുന്നു ദേവദത്തിന്റെ പ്രതികരണം.

”ഭീഷ്മയില്‍ എത്തിയപ്പോള്‍, ബിലാലിന്റെ ഒരു റിഫ്ളക്ഷനും അതില്‍ ഉണ്ടാവാന്‍ പാടില്ല എന്നൊരു വെല്ലുവിളിയുണ്ടായിരുന്നു.

ഞങ്ങള്‍ ഡയലോഗുകള്‍ എഴുതുമ്പോള്‍ അല്ലെങ്കില്‍ അതിന്റെ ചര്‍ച്ച നടക്കുന്ന സമയത്തൊക്കെ ചില ഡയലോഗുകളൊക്കെ കേട്ടാല്‍ അമല്‍ സാര്‍ തന്നെ പറയും മൈക്കിള്‍ അങ്ങനെ പറയില്ല, അത് ബിലാലാണ് പറയുകയെന്ന്.

അത് വളരെ അധികം ശ്രദ്ധിച്ച ഒരു കാര്യമാണ്. സിനിമ ഇറങ്ങുന്നതിന് മുമ്പുള്ള ആശങ്കയും അത് തന്നെയായിരുന്നു. അല്ലെങ്കില്‍ ആളുകള്‍ തന്നെ പറയും ഇത് ബിലാല്‍ തന്നെയല്ലേ എന്ന്. അത് വരാതിരിക്കാന്‍ പരമാവധി നോക്കിയിട്ടുണ്ട്. പ്രേക്ഷകര്‍ പറയുന്നത് വെച്ച് നോക്കുമ്പോള്‍ ആ കാര്യത്തില്‍ നമ്മള്‍ വിജയിച്ചിട്ടുമുണ്ട് എന്ന് തോന്നുന്നു,” ദേവദത്ത് പറഞ്ഞു.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബിലാലിനെ പറ്റിയും ദേവദത്ത് സംസാരിച്ചു.

”ബിലാല്‍ തുടങ്ങാന്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ അമല്‍നീരദിനൊപ്പം ഡയറക്ഷന്‍ ഡിപാര്‍ട്ട്മെന്റില്‍ ചേരുന്നത്. എന്നാല്‍ ബിലാല്‍ തീരുമാനിച്ചപ്പോഴേക്കും ലോക്ക് ഡൗണ്‍ വന്നു. അങ്ങനെ അത് നിര്‍ത്തിവെച്ചു. ആ സമയത്താണ് ഭീഷ്മയെന്ന ആലോചന അമല്‍ സാര്‍ മുന്നോട്ടു വെച്ചത്. ഒരു വര്‍ഷം മുന്‍പേ ഭീഷ്മയുടെ കഥ അമല്‍ സാറിന്റെ മനസിലുണ്ടായിരുന്നു, മമ്മൂക്കയെ നായകനാക്കി തന്നെയായിരുന്നു അദ്ദേഹം അത് ആലോചിച്ചത്.

ബിലാല്‍ എന്തായാലും വരും. പക്ഷേ അത് എപ്പോള്‍ വരുമെന്നുള്ളത് അമല്‍ സാറിനും മമ്മൂട്ടി സാറിനും മാത്രമേ അറിയുകയുള്ളു. ഇപ്പോഴുള്ള കൊവിഡ് സാഹചര്യത്തില്‍ എങ്ങനെ അത് വര്‍ക്ക് ഔട്ട് ആക്കാന്‍ പറ്റും എന്നുള്ള കണ്‍ഫ്യൂഷന്‍ മാത്രം. അതല്ലാതെ ബിലാലിന് വേണ്ടി ഞങ്ങള്‍ എല്ലാത്തിനും സെറ്റായിരുന്നു,” ദേവദത്ത് പറഞ്ഞു.

ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ് അമല്‍ നീരദ്-മമ്മൂട്ടി കുട്ടുക്കെട്ടില്‍ റിലീസ് ചെയ്ത ഭീഷ്മ പര്‍വ്വം. റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിലും ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 26 കാരനായ ദേവദത്തിന്റെ ആദ്യ തിരക്കഥ കൂടിയാണ് ഭീഷ്മ പര്‍വ്വത്തിന്റേത്.

Content Highlight: devadath shaji about bheeshma parvam and bilal