കൊച്ചുമകന്റെ സ്ഥാനാര്‍ഥി പ്രഖ്യാപന വേദിയില്‍ കരഞ്ഞ് എച്ച്.ഡി. ദേവഗൗഡ; ഇതുകണ്ട് കൂടെ കരഞ്ഞ് മകനും കൊച്ചുമകനും
D' Election 2019
കൊച്ചുമകന്റെ സ്ഥാനാര്‍ഥി പ്രഖ്യാപന വേദിയില്‍ കരഞ്ഞ് എച്ച്.ഡി. ദേവഗൗഡ; ഇതുകണ്ട് കൂടെ കരഞ്ഞ് മകനും കൊച്ചുമകനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 10:15 am

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹാസനില്‍ കൊച്ചുമകനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വേദിയില്‍ വികാരാധീനനായി ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ. കുടുംബാംഗങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പുയരുന്നത് ചൂണ്ടിക്കാട്ടിയാണ് മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡ വികാരാധീനനായി കരഞ്ഞത്.

ഇതുകണ്ട് വേദിയിലുണ്ടായിരുന്ന മകനും മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയും കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയും കരഞ്ഞു. വര്‍ഷങ്ങളായി ദേവഗൗഡ വിജയിച്ചുപോന്ന ഹാസന്‍ മണ്ഡലം കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കുവേണ്ടിയാണ് ദേവഗൗഡ ഒഴിഞ്ഞത്.


“”ഞാന്‍ പലരേയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവര്‍ക്കെല്ലാം ജനപിന്തുണ ലഭിക്കുകയും ചെയ്തു. എന്നാല്‍, കുടുംബാംഗങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നതില്‍ തെറ്റുകാണുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല”” -ദേവഗൗഡ പറഞ്ഞു.

അതേസമയം, ദേവഗൗഡയുടെ കരച്ചില്‍ നാടകമാണെന്ന് ബി.ജെ.പി ആരോപിച്ചു. 2019ലെ തെരഞ്ഞെടുപ്പിലെ ആദ്യ നാടകമാണ് നടന്നതെന്ന് ബി.ജെ.പി ആരോപിച്ചു. പ്രതിസന്ധിവരുമ്പോള്‍ കരച്ചില്‍ ആയുധമാക്കുന്നത് ദേവഗൗഡ കുടുംബത്തിന്റെ പതിവ് രീതിയാണ്. ഇതിനുമുമ്പ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പരസ്യമായി കരഞ്ഞിട്ടുണ്ടെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.

“ദേവഗൗഡയുടേത് മുതലക്കണ്ണീരാണ്. ജനങ്ങളുടെ സഹതാപം നേടാനാണ് ദേവഗൗഡ ശ്രമിക്കുന്നത്. എന്നാല്‍, ഇത് വിജയിക്കില്ലെ”ന്ന് ബി.ജെ.പി. നേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. തീവ്രവാദി ആക്രമണത്തില്‍ സൈനികര്‍ വീരമൃത്യുവരിച്ചപ്പോള്‍ ദേവഗൗഡ എന്തുകൊണ്ട് കരഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.

മുതിര്‍ന്ന രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി രാഷ്ട്രീയത്തില്‍ പരിചയക്കുറവുള്ള കൊച്ചുമക്കളെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രതിഷേധമുണ്ട്. ഇതോടൊപ്പം ജനതാദള്‍ -എസ് കുടുംബപ്പാര്‍ട്ടിയാണെന്ന ആരോപണവും ശക്തമായി. ഇതാണ് ദേവഗൗഡയുടെ കരച്ചിലിനു പിന്നിലെന്നാണ് വിലയിരുത്തുന്നത്.


അതേസമയം, മൈസൂരുവിലോ ബെംഗളൂരു നോര്‍ത്തിലോ മത്സരിക്കുമെന്ന് ദേവഗൗഡ അറിയിച്ചു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് മാണ്ഡ്യയിലെ സ്ഥാനാര്‍ഥി. ദേവഗഗൗഡയുടെ മൂന്നാം തലമുറയും ലോക്സഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്.

“നിഖിലിനെ മാണ്ഡ്യയില്‍ മത്സരിപ്പിക്കുന്നത് ജെ.ഡി.എസ് നേതാക്കളുടെ തീരുമാന പ്രകാരമാണ്. എന്നാല്‍ നിഖിനിനെതിരെയുള്ള വിവാദം വേദനയുണ്ടാക്കുന്നതാണ്. മാണ്ഡ്യയില്‍ പോയപ്പോള്‍ അവര്‍ പറയുന്നു നിഖില്‍ തിരിച്ചു പോകണമെന്ന്. കഴിഞ്ഞ 60 വര്‍ഷമായി ആര്‍ക്കു വേണ്ടിയാണോ ഞാന്‍ പോരാടിയത് അവരാണ് ഈ പറയുന്നത്”- ദേവഗൗഡ പറഞ്ഞു.

ദേവഗൗഡ കുടുംബത്തിന്റെ രാഷ്ട്രീയ വാഴ്ചക്കെതിരെ “നിഖില്‍ പിന്മാറുക” എന്ന സോഷ്യല്‍ മീഡിയ കാംപയ്ന്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്നിരുന്നു.