Entertainment
ആ സിനിമ ചെയ്യുമ്പോള്‍ മെലിഞ്ഞാല്‍ നന്നാകുമെന്ന് തോന്നി; കൂടുതലും വന്നത് താടിയുള്ള കഥാപാത്രങ്ങള്‍: ദേവ് മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 17, 07:53 am
Sunday, 17th November 2024, 1:23 pm

2020ല്‍ പുറത്തിറങ്ങിയ ‘സൂഫിയും സുജാതയും’ എന്ന ഒരു സിനിമയിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ദേവ് മോഹന്‍. പിന്നീട് 2023ല്‍ തെലുങ്കിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ദേവ് മോഹന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘പരാക്രമം’.

അര്‍ജുന്‍ രമേശ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ ‘വാഴ’ ഫെയിം സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അമിത് മോഹന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമായ ലുക്കിലാണ് ദേവ് മോഹന്‍ എത്തുന്നതെന്ന പ്രത്യേകതയും പരാക്രമത്തിനുണ്ട്.

സിനിമയിലെ തന്റെ കഥാപാത്രം ചെയ്യുമ്പോള്‍ മെലിഞ്ഞിരുന്നാല്‍ നന്നായിരിക്കുമെന്ന് തോന്നിയെന്നും അതിനായി വെയിറ്റ് കുറച്ചുവെന്നും പറയുകയാണ് ദേവ് മോഹന്‍. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലീന്‍ ഷേവ് ചെയ്ത് താന്‍ ഒരു സിനിമയിലും വന്നിട്ടുണ്ടായിരുന്നില്ലെന്നും ഇതുവരെ താടിയുള്ള കഥാപാത്രങ്ങളാണ് ചെയ്തതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘പരാക്രമം സിനിമയില്‍ സ്‌കൂള്‍ കാലഘട്ടമല്ല പറയുന്നത്. സ്‌കൂള്‍ എന്ന് പറഞ്ഞാല്‍ വളരെ ചെറുതാകുമല്ലോ. ഇതൊരു കോളേജ് കാലഘട്ടമാണെന്ന് പറയാം. ടീനേജിന് അവസാനമുള്ള ഒരു സമയത്തെ കഥയാണ് സിനിമ പറയുന്നത്.

അതുകൊണ്ട് തന്നെ ആ കഥാപാത്രം ചെയ്യുമ്പോള്‍ മെലിഞ്ഞിരുന്നാല്‍ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു. സിനിമക്ക് വേണ്ടി കുറച്ച് വെയിറ്റ് കുറച്ചു. പിന്നെ ക്ലീന്‍ ഷേവ് ചെയ്തിട്ട് ഞാന്‍ ഒരു സിനിമയിലും വന്നിട്ടുണ്ടായിരുന്നില്ല. ഇതുവരെ അധികവും താടിയുള്ള കഥാപാത്രങ്ങളാണ് വന്നിട്ടുള്ളത്.

ക്ലീന്‍ ഷേവ് ചെയ്ത് അഭിനയിച്ചപ്പോള്‍ സിനിമയുടെ സംവിധായകനായ അര്‍ജുന്‍ പറഞ്ഞത്, അവന്‍ ഉദ്ദേശിച്ചത് പോലെ തന്നെ വന്നുവെന്നാണ്. പിന്നെ കോളേജ് കാലഘട്ടമെന്ന് പറയുമ്പോള്‍ നമ്മള്‍ ഒരിക്കല്‍ കടന്ന് പോയിട്ടുള്ള കാലഘട്ടം തന്നെയാണല്ലോ.

ഈ സിനിമയിലൂടെ ആ കാലഘട്ടത്തിലേത്ത് ഒന്നുതിരിച്ചു പോകാന്‍ സാധിച്ചു. അതല്ലാതെ സിനിമക്കായി വേറെ തയ്യാറെടുപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഓരോ സീനും ചെയ്യുമ്പോള്‍ പരസ്പരം ഓരോ സജഷന്‍ പറഞ്ഞിട്ടാണ് ചെയ്തത്,’ ദേവ് മോഹന്‍ പറയുന്നു.


Content Highlight: Dev Mohan Talks About Parakramam Movie