| Wednesday, 20th November 2024, 8:03 am

എനിക്ക് റൊമാന്‍സ് ചെയ്യാന്‍ എളുപ്പമാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്; സ്റ്റാര്‍ വാല്യുവുള്ള നടനെ കാണാനാണ് പോകുന്നത്: ദേവ് മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2020ല്‍ പുറത്തിറങ്ങിയ ‘സൂഫിയും സുജാതയും’ എന്ന ഒരു സിനിമയിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ദേവ് മോഹന്‍. പിന്നീട് 2023ല്‍ തെലുങ്കിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ദേവ് മോഹന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘പരാക്രമം’.

തനിക്ക് ഏത് ഴോണറിലുള്ള സിനിമ ചെയ്യാനാണ് കംഫര്‍ട്ടബിളെന്ന് പറയുകയാണ് ദേവ് മോഹന്‍. എല്ലാ ഴോണറും ബുദ്ധിമുട്ടാണെന്നും എന്നാല്‍ ആളുകള്‍ തനിക്ക് റൊമാന്‍സ് ചെയ്യാന്‍ കുറച്ച് കൂടെ എളുപ്പമാണെന്നാണ് വിശ്വസിക്കുന്നതെന്നും നടന്‍ പറയുന്നു.

ഒരുപക്ഷെ ആദ്യ സിനിമയായ ‘സൂഫിയും സുജാതയും’ കാരണമാകാം ഇതെന്നും ആദ്യം തന്നെ ഒരു ആക്ഷന്‍ സിനിമ ചെയ്ത് വര്‍ക്കാക്കിയിരുന്നെങ്കില്‍ അതില്‍ മാറ്റം വന്നേനെയെന്നും ദേവ് മോഹന്‍ പറഞ്ഞു. പരാക്രമത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഒരു സിനിമ കാണുമ്പോള്‍ ചിലപ്പോള്‍ ഇവിടെ അടി വീഴണമെന്ന് നമ്മള്‍ ആഗ്രഹിക്കുമല്ലോ. അങ്ങനെ ആഗ്രഹിക്കുന്ന ഇടത്ത് അടി വീഴുമ്പോഴാണ് പ്രേക്ഷകര്‍ അത് ഏറ്റെടുക്കുന്നത്. അല്ലാതെ നമ്മള്‍ എങ്ങനെ മാസ് കാണിച്ചിട്ടും കാര്യമില്ല.

എനിക്ക് അത് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ പിന്നെ സ്റ്റാര്‍ വാല്യുവുള്ള ഏതെങ്കിലും നടന്‍ ചെയ്യണം. സ്റ്റാര്‍ വാല്യുവുള്ള നടനാണ് ചെയ്യുന്നതെങ്കില്‍ നമുക്ക് ഓക്കെയാണ്. നമ്മള്‍ സത്യത്തില്‍ അത് കാണാനാണ് തിയേറ്ററില്‍ പോകുന്നത്.

എന്റെ ഇപ്പോഴുള്ള സ്‌റ്റേജില്‍ ആ സ്‌ക്രിപ്റ്റിനോട് ഇഴകി ചേര്‍ന്ന എന്ത് വന്നാലും ഓക്കെയാണ്. പിന്നെ ഏത് ഴോണറാണ് എനിക്ക് കംഫര്‍ട്ടബിളെന്ന് ചോദിച്ചാല്‍, എല്ലാം ബുദ്ധിമുട്ട് തന്നെയാണ്. പക്ഷെ ആളുകള്‍ വിശ്വസിക്കുന്നത് എനിക്ക് റൊമാന്‍സ് ചെയ്യാന്‍ കുറച്ച് കൂടെ എളുപ്പമാണെന്നാണ്.

ഒരുപക്ഷെ ആദ്യത്തെ സിനിമ അങ്ങനെ ഡിഫൈന്‍ ചെയ്തത് കൊണ്ടാകാം. ഞാന്‍ ആദ്യം തന്നെ ഒരു ആക്ഷന്‍ സിനിമ ചെയ്ത് വര്‍ക്കാക്കിയിരുന്നെങ്കില്‍ അതില്‍ മാറ്റം വന്നേനെ. ഇതൊക്കെ വളരെ കോമണായ കാര്യമാണ്.

ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ റെസ്‌പോണ്‍സിബിളിറ്റി അത് ബ്രേക്ക് ചെയ്യുക എന്നതാണ്. അല്ലെങ്കില്‍ ഞാന്‍ എന്നും ലവ് സ്‌റ്റോറി തന്നെ ചെയ്യേണ്ടി വരും. പിന്നെ പ്രണയം എന്ന് പറയുന്നത് എല്ലാ സിനിമകളിലുമുള്ള ഒരു ഇമോഷനാണ്,’ ദേവ് മോഹന്‍ പറയുന്നു.

Content Highlight: Dev Mohan says what kind of movie he is comfortable with

Latest Stories

We use cookies to give you the best possible experience. Learn more