|

'ഇതൊക്കെ അവര്‍ക്ക് ഗുണമല്ലേ!' മുഫ്തിയും ഉമര്‍ അബ്ദുള്ളയുമടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ അന്യായ തടവിനെ ന്യായീകരിച്ച് ജമ്മുകശ്മീര്‍ ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. രാഷ്ട്രീയ നേതാക്കള്‍ എത്രകാലം ജയിലില്‍ കഴിയുന്നുവോ അവര്‍ക്ക് അത്രയും നേട്ടം ലഭിക്കുമെന്നു പറഞ്ഞാണ് മാലിക് അന്യായമായ കസ്റ്റഡിയെ ന്യായീകരിക്കുന്നത്.

വാര്‍ത്താസമ്മേളനത്തിനിടെ കശ്മീരിലെ മൂന്ന് മുന്‍നിര രാഷ്ട്രീയ നേതാക്കളുടെ കസ്റ്റഡിയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു മാലിക്കിന്റെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കുശേഷം ആദ്യമായാണ് മാലിക് വാര്‍ത്താസമ്മേളനം നടത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ആളുകള്‍ നേതാക്കളാകുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ലേ. 30 തവണ ഞാന്‍ ജയിലില്‍ പോയിട്ടുണ്ട്. ആരൊക്കെ ജയിലില്‍ പോകുന്നുവോ അവരൊക്കെ നേതാക്കളായി മാറും. അവര്‍ അവിടെ കിടക്കട്ടെ. എത്രകാലം അധികം അവര്‍ ജയിലില്‍ കിടക്കുന്നുവോ അത്രയും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടം ലഭിക്കും. ആറുമാസം ഞാന്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്.

നിങ്ങള്‍ അവരോട് സിമ്പതി കാണിക്കുമ്പോള്‍ കസ്റ്റഡിയെക്കുറിച്ചോര്‍ത്ത് പാവം തോന്നേണ്ട. അവരെല്ലാം അവരുടെ വീട്ടിലാണ്. എത്തിപ്പെടാന്‍ തന്നെ രണ്ടുദിവസം എടുക്കുന്ന ഫത്തേഗഡിലെ ജയിലിലായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് ഞാന്‍. ഏതെങ്കിലും പ്രശ്‌നത്തിന്റെ പേരില്‍ ആരെയെങ്കിലും ജയിലിലാക്കിയാല്‍ അവര്‍ക്ക് ബുദ്ധിയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കും.’ എന്നും ഗവര്‍ണര്‍ പറഞ്ഞു.

‘രാഷ്ട്രീയ നേതാക്കളുടെ കസ്റ്റഡിയെക്കുറിച്ചോര്‍ത്ത് ദു:ഖിക്കേണ്ട, അവര്‍ക്ക് പൊളിറ്റിക്കല്‍ കരിയറില്‍ ഗുണം ചെയ്യും.’ എന്നും മാലിക് മാധ്യമങ്ങളോടു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന നേതാവായ ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലാണ്. ഉമര്‍ അബ്ദുള്ളയെ ഹാരി നിവാസില്‍ തടവില്‍ വെച്ചിരിക്കുകയാണ്. മെഹ്ബൂബ മുഫ്തി ചെസ്മഷാഹി ഹട്ടിലാണ്. മറ്റ് രാഷ്ട്രീയ നേതാക്കളെ ഥാല്‍ തടാകത്തിനു സമീപമുള്ള സെന്റ്വര്‍ ഹോട്ടലില്‍ തടവില്‍ വെച്ചിരിക്കുകയാണ്.