ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നു. ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ ചുമത്തിയ പി.എസ്.എ പിന്‍വലിച്ചു.
നേരത്തെ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ജമ്മു കശ്മീര്‍ ഭരണകൂടത്തോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഒമര്‍ അബ്ദുള്ള തടവില്‍ കഴിയുകയായിരുന്നു.
നേരത്തെ ഏഴ് മാസത്തെ വീട്ടുതടങ്കലിന് ശേഷം മാര്‍ച്ച് 13 ന് ഒമറിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഫാറുഖ് അബ്ദുള്ളയെ ജമ്മു കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 370 പ്രകാരം കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിന് പിന്നാലെ 400 ഓളം രാഷ്ട്രീയ നേതാക്കളാണ് വീടുകളിലും ജയിലുകളിലും ആയി കശ്മീരില്‍ തടവിലായത്. വിഭജനത്തിനെതിരായ നീക്കം ചെറുക്കാനായിരുന്നു നടപടി.
സര്‍ക്കാര്‍ പ്രഖ്യാപനം നടന്ന ആഗസ്റ്റ് നാലിന് വൈകുന്നേരമാണ് 81 കാരനായ ഫാറൂഖ് അബ്ദുള്ളയെ ശ്രീനഗറിലെ വസതിയില്‍ വീട്ടുതടങ്കലിലാക്കിയത്. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.
WATCH THIS VIDEO: