| Monday, 17th August 2020, 9:19 am

കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷം, ശേഷം പത്ത് വര്‍ഷം ബംഗളുരുവിലെ തടവില്‍: മഅദനി അറസ്റ്റിലായിട്ട് ഇന്നേക്ക് പത്ത് വര്‍ഷം; വിചാരണ നടപടികള്‍ നീളുന്നു...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു സ്‌ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅദനി അറസ്റ്റിലായിട്ട് ഇന്നേക്ക് പത്തു വര്‍ഷം. കേസിന്റെ നടപടികള്‍ ഇപ്പോഴും അനിശ്ചിതമായി തുടരുന്നത് മഅദനിയുടെ മനുഷ്യവകാശ ലംഘനമാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷമാണ് അദ്ദേഹം തടവ് അനുഭവിച്ചത്. അതിന് ശേഷം ഒരു പതിറ്റാണ്ട് ബംഗളുരുവിലും തടവിലായിരുന്നു.

ആശങ്കാജനകവുമാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില. പ്രമേഹം അനിയന്ത്രിതമാണ്. ഹൃദ്രോഗിയാണ്. വൃക്കകള്‍ രണ്ടും തകരാറില്‍. വലതു കണ്ണിന്റെ കാഴ്ച ശക്തി എഴുപതു ശതമാനത്തിലേറെ കുറഞ്ഞു. നാഡീ ഞരമ്പുകള്‍ ക്ഷയിച്ചത് മൂലം ഇടക്കിടെ ഗുരുതരമാവുന്ന രോഗങ്ങളുമുണ്ട്.

2008 ജൂലൈ 25 നു നടന്ന ബംഗളുരു സ്‌ഫോടനക്കേസിന്റെ പേരിലാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അബ്ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്തത്. സ്‌ഫോടന ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാരോപിച്ച് 31-ാം പ്രതിയായാണ് ഉള്‍പ്പെടുത്തിയത്.

മഅ്ദനിയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി വരുന്നതിന് 50 മിനിറ്റു മുമ്പ് കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മഅദനിയെ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു.

2011 ഫെബ്രുവരി 11-നു കര്‍ണാടക ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്ഫോടനത്തില്‍ മഅദനിക്ക് പങ്കുള്ളതായി നേരിട്ടുള്ള തെളിവുകള്‍ പൊലിസിനു ഹാജരാക്കാനായില്ല എന്ന് േൈഹക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യാപേക്ഷ നിരസിച്ചു.

പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ചത് സുപ്രീം കോടതിയായിരുന്നു. കേസ് പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.

മഅദനിക്കെതിരായ മൊഴികളെല്ലാം ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ 161-ാം വകുപ്പു പ്രകാരം പൊലീസെടുത്തതാണെന്നും അത് തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്നും വാദം കേള്‍ക്കുന്നതിനിടയില്‍ ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് 2014 ജൂലൈ 11 ന് ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മഅദനിക്ക് സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്കായിരുന്നു ജാമ്യം അനുവദിച്ചത്.

ജാമ്യം നല്‍കുന്നതിനെ കര്‍ണ്ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ സുപ്രീം കോടതി ബെഞ്ച് തള്ളുകയായിരുന്നു.

ജാമ്യ കാലയളവില്‍ കേരളത്തിലേക്ക് പോകുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി. ബംഗളൂരുവില്‍ തന്നെ കഴിയണമെന്ന് കോടതി ആവശ്യപ്പെട്ടു. മഅദനിക്ക് ആവശ്യമായ സുരക്ഷ കര്‍ണാടക പൊലീസ് ഒരുക്കണമെന്നും സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോയെന്നും പൊലീസ് നിരീക്ഷിക്കണമെന്നും ഉത്തരവിട്ടു.

ആ വര്‍ഷം തന്നെ നവംബര്‍ 14 ന് സുപ്രീം കോടതി ജാമ്യം സ്ഥിരപ്പെടുത്തി. എന്നാല്‍ കേസില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുമെന്ന കര്‍ണ്ണാടകത്തിന്റെ ഉറപ്പ് പരിഗണിച്ച് ബംഗളൂരു വിട്ടു പോവരുതെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവനുവദിച്ചിരുന്നില്ല.

ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാനുള്ള അനുമതിയും ലഭിച്ചിരുന്നില്ല. ബംഗളൂരു ബെന്‍സന്‍ ടൗണില്‍ വീട് വാടകക്കെടുത്താണ് മഅദനി ഇപ്പോള്‍ താമസിക്കുന്നത്. പൂര്‍ണ്ണമായ പൊലീസ് നിരീക്ഷണത്തിലാണ് വീട്.

ബംഗളുരു സ്‌ഫോടനക്കേസില്‍ മൊത്തം 31 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ മഅദനി ഉള്‍പ്പടെ 20 പേരാണ് ഇപ്പോഴും വിചാരണ നേരിടുന്നത്. മുഴുവന്‍ പ്രതികളെ പിടികൂടിയിട്ടില്ല. കേസിലെ പ്രതികളായ പതിനൊന്ന് പേരേ ഇപ്പോഴും പിടികിട്ടിയിട്ടില്ല.

ഒമ്പത് പ്രത്യേക കേസുകളായാണ് വിചാരണ. കേസുകള്‍ ഒരുമിച്ച് ഒരു കേസാക്കാമെന്ന നിഗമനത്തില്‍ സുപ്രീം കോടതി എത്തിയിട്ടും കര്‍ണ്ണാടക സര്‍ക്കാര്‍ വഴങ്ങിയില്ലെന്ന ആരോപണമുണ്ട്.

ബംഗളുരു സ്‌ഫോടന കേസില്‍ ആകെ 2,294 സാക്ഷികളാണുള്ളത്. രണ്ടുവര്‍ഷമെടുത്താണ് 1,504 പേരുടെ വിസ്താരം പൂര്‍ത്തിയായത്. ബാക്കിയുള്ള സാക്ഷി വിസ്താരവും വിചാരണയും മുടങ്ങുന്നതിനെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്.

സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് 790 പേരുടെ സാക്ഷി വിസ്താരം കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയാക്കി. ബംഗളൂരു 48 -ാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഒരു വര്‍ഷത്തിലധികമായി പ്രതികളെ ചോദ്യം ചെയ്യുകയാണ്. ഏകദേശം 160000 ചോദ്യങ്ങളാണുള്ളത്. അതിനാല്‍ തന്നെ വിചാരണ പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlghts: abdul naser madani detention

Latest Stories

We use cookies to give you the best possible experience. Learn more