ബെംഗളൂരു: അനധികൃത കുടിയേറ്റക്കാര്‍ക്ക് സംസ്ഥാനത്ത് 35 തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ജ്യാമത്തിലിറങ്ങുന്നതോ ശിക്ഷപൂര്‍ത്തിയാക്കുന്നതോ ആയ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ എല്ലാ ജില്ലകളിലുമായി 35 തടങ്കല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ബംഗ്ലാദേശിലെ അനധികൃത കുടിയേറ്റക്കാരായ ബാബുല്‍ ഖാന്‍, താനിയ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എസ്.പി.പി)- II ജസ്റ്റിസ് കെ.എന്‍ ഫനീന്ദ്രയുടെ മുമ്പാകെ ഇത് സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിച്ചു.
വിവിധ ജില്ലകളിലും കമ്മീഷണറേറ്റുകളിലുമായി 35 താല്‍ക്കാലിക വിദേശ തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കിയതായി എസ്.പി.പി -IIഅറിയിച്ചു. വിദേശ നിയമത്തിലും മറ്റ് നിയമങ്ങളിലുമായി വിവിധ രാജ്യങ്ങളിലെ 866 പേര്‍ക്കെതിരെ 612 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വിദേശികളെ ജില്ലകളിലെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബെംഗളൂരുവിലെ തടങ്കല്‍ കേന്ദ്രത്തെക്കുറിച്ച് കോടതി ചോദിച്ചപ്പോള്‍, ദൊഡബല്ലാപുരയിലെ ദേവരാജ് ഉര്‍സ് ഭവന്‍ ആണെന്നാണ് എസ്.പി.പി അറിയിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ നഗരത്തിന് പുറത്തുള്ള കേന്ദ്രം ഒരുക്കിയതെന്നാണ് എസ്.പി.പി കോടതിയെ ബോധിപ്പിച്ചത്.
അതേസമയം, ഈ വിദേശികളെയും അനധികൃത കുടിയേറ്റക്കാരെയും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ അനുസരിച്ച് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം അവരുടെ രാജ്യം അവരെ പുറത്താക്കിയാല്‍ ഈ വിദേശികളെയും അനധികൃത കുടിയേറ്റക്കാരെയും ഇന്ത്യയിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണമെന്നും മരണം വരെ സംരക്ഷിക്കണമെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സി. ശശികാന്ത കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്തരം കേസുകള്‍ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജാമ്യത്തിലിറങ്ങിയ ശേഷമോ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമോ നാടുകടത്തപ്പെടുന്നതുവരെ ഈ വിദേശികളെ തടങ്കല്‍ കേന്ദ്രങ്ങളില്‍ കൃത്യമായി പരിപാലിക്കണമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ജാമ്യത്തില്‍ വിട്ടയച്ചാല്‍ അവര്‍ക്ക് മറ്റെവിടെയെങ്കിലും പോകാം. ഇതുമൂലം നിരവധി ജാമ്യ കേസുകള്‍ കോടതി തീര്‍പ്പാക്കിയിട്ടില്ല.