അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടത് പ്രഭുദാസ് മാധാവ്ജി വൈഷണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍. 1990 നവംബറിലാണ് അദ്ദേഹം മരണപ്പെട്ടത്. കസ്റ്റഡി പീഡനത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നായിരുന്നു ആരോപണം.
സഞ്ജീവ് ഭട്ട് ജാംനഗര്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരിക്കെയാണ് വൈഷ്ണവി മരണപ്പെടുന്നത്. ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിന്റെ പേരില്‍ വൈഷണി ഉള്‍പ്പെടെ 133 പേരെ സഞ്ജീവ് ഭട്ടും മറ്റ് ഉദ്യോഗസ്ഥര്‍മാരും കസ്റ്റഡിയിലെടുത്തിരുന്നു.
ഒമ്പതുദിവസമാണ് വൈഷണി കസ്റ്റഡിയില്‍ കഴിഞ്ഞത്. ജാമ്യത്തില്‍ ഇറങ്ങി പത്തുദിവസത്തിനുശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റെക്കോര്‍ഡുകളിലുള്ളത്.
ഈ സംഭവത്തിനു പിന്നാലെ കസ്റ്റഡി പീഡനം ആരോപിച്ച് ഭട്ടിനും ചില ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 1995ല്‍ കേസ് മജിസ്‌ട്രേറ്റിന്റെ പരിഗണനയില്‍ വന്നിരുന്നെങ്കിലും ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുള്ള സ്‌റ്റേയുടെ അടിസ്ഥാനത്തില്‍ 2011വരെ വിചാരണ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് സ്റ്റേ നീക്കിയശേഷം വിചാരണ പുനരാരംഭിച്ചു.
ഇന്നാണ് കേസില്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നത്.
ഒരു വര്‍ഗീയ സംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുക്കുകയും അതില്‍ ഒരാള്‍ മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ വാദം.