| Friday, 3rd December 2021, 11:22 am

വാക്‌സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഇന്ന് പുറത്തുവിടും; വി.ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പേര് വിവരം ഇന്ന് ഉച്ചയ്ക്ക് പുറത്ത് വിടുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.

ഒമിക്രോണ്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് സാധ്യമായതെല്ലാം ആരോഗ്യവകുപ്പ് ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

വാക്‌സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ അറിയാനും എന്ത് കാരണം കൊണ്ടാണ് ഇവര്‍ വാക്‌സിനെടുക്കാത്തതെന്നും അറിയാനും പൊതുസമൂഹത്തിന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിനെടുക്കാത്ത അധ്യാപകരെ ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നും വാക്‌സിനെടുക്കാന്‍ സാധിക്കാത്തവര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ തെളിവ് ഹാജരാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടായാല്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും വാക്‌സിനെടുക്കാത്ത അധ്യാപക അനധ്യാപക ജീവനകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ വാക്‌സിനെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, വാക്‌സിനെടുക്കാത്ത ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്തെങ്കിലും അസുഖങ്ങള്‍ കാരണം വാക്‌സിനെടുക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം അല്ലാത്തവര്‍ ആഴ്ചയിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ ടെയസ്റ്റ് നടത്തണമെന്നും അല്ലെങ്കില്‍ വാക്‌സിനെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Details of teachers who have not been vaccinated will be released today; V. Sivankutty

Latest Stories

We use cookies to give you the best possible experience. Learn more