ബെംഗളൂരു: കര്‍ണാടകയില്‍ മതന്യൂനപക്ഷങ്ങളില്‍ പെട്ട ആയിരത്തിലധികം പേരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണവുമായി കത്തോലിക്കാ നേതാക്കള്‍. ക്രിസ്ത്യാനികള്‍ മുസ്‌ലിങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിനെതിരായ ആരോപണം ഉയരുന്നത്.
തങ്ങളെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കിയത് ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്താനുള്ള തന്ത്രമാണെന്നും നേതാക്കള്‍ പറഞ്ഞു. 9195 പേരുടെ വിവരങ്ങളാണ് പട്ടികയില്‍ നിന്ന് നീക്കിയത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ട് അതിരൂപത സംഘം കര്‍ണാടക ചീഫ് ഇലക്്‌ടോറല്‍ ഓഫീസര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. ഒഴിവാക്കപ്പെട്ട 9195 പേരില്‍ 8000ത്തോളം പേര്‍ ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗത്തില്‍പ്പെടുന്നവരാണെന്നും മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം പ്രവര്‍ത്തികള്‍ വോട്ടെടുപ്പിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുമെന്നും അതിരൂപത പറഞ്ഞതായി യൂണിയന്‍ ഓഫ് കത്തോലിക് ഏഷ്യ ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. വോട്ടര്‍പട്ടികയില്‍ നിന്നും പേര് ഒഴിവാക്കിയ ബി.ജെ.പി നടപടി അപലപനീയമാണെന്നും ഇവര്‍ പറഞ്ഞു.
വോട്ടര്‍പട്ടികയില്‍ നിന്നും ആയിരക്കണക്കിന് പേരുടെ പേര് വിവരങ്ങള്‍ നീക്കം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്നായിരുന്നു ശിവജിനഗര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിസ്വാന്‍ അര്‍ഷാദിന്റെ പ്രതികരണം. ഇത് പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Details of mote than thousands of minority voters removed from voter’s list claims catholic in karnataka