| Thursday, 25th March 2021, 8:39 pm

ഈ കണക്കുകള്‍ പറയും, വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യു.ഡി.എഫുമായുള്ള രഹസ്യ സഖ്യം

ഷഫീഖ് താമരശ്ശേരി

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ മത്സരിക്കുന്നതും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും യു.ഡി.എഫുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ എന്ന് വ്യക്തമാക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക. തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാന്നിധ്യം ഏതെങ്കിലും വിധത്തില്‍ യു.ഡി.എഫിന്റെ വിജയത്തെ സ്വാധീനിക്കുന്ന മണ്ഡലങ്ങളിലൊരിടത്തും മത്സരിക്കാതെ യു.ഡി.എഫിന് നിലവില്‍ തന്നെ വലിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മാത്രം കേവലം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ചെയ്തിരിക്കുന്നത്.

2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി 41 മണ്ഡലങ്ങളില്‍ മത്സരിക്കുകയും പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് അടക്കമുള്ളവര്‍ മത്സര രംഗത്തെത്തി വലിയ പ്രചരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നുവെങ്കില്‍ ഇത്തവണ 19 മണ്ഡലങ്ങളില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ പ്രചരണ പരിപാടികളും ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടി എവിടെയും നടത്തുന്നില്ല.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടായിരുന്ന സഖ്യം വിവാദമായി മാറിയതിനാല്‍ യു.ഡി.എഫുമായുള്ള പരസ്യമായ സഖ്യധാരണയില്‍ മുന്നോട്ടുപാകാന്‍ സാധിക്കാതായ വെല്‍ഫെയര്‍ പാര്‍ട്ടി രഹസ്യ ധാരണയില്‍ നീങ്ങുകയാണെന്നാണ് അവരുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യു.ഡി.എഫിന്റെ ധാരണയ്ക്ക് മുസ്‌ലിം ലീഗ് ആയിരുന്നു മുന്‍കൈ എടുത്തത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനെതിരെയുള്ള മത്സരങ്ങളില്‍ നിന്ന് പരമാവധി മാറി നില്‍ക്കാനും വെല്‍ഫെയര്‍ പാര്‍ട്ടി ശ്രമിച്ചതായാണ് അവരുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്ന് മനസ്സിലാകുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

കുറ്റ്യാടി, തിരുവമ്പാടി, മങ്കട, പെരിന്തല്‍മണ്ണ തുടങ്ങിയ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസം മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ ബാധിക്കുന്ന മണ്ഡലങ്ങളില്‍ നിന്നെല്ലാം മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറിയ വെല്‍ഫയര്‍ പാര്‍ട്ടി ലീഗിന് ആയിരക്കണക്കിന് വോട്ടുകള്‍ ഭൂരിപക്ഷമുള്ള വേങ്ങര, മലപ്പുറം, കൊണ്ടോട്ടി തുടങ്ങിയ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത് എന്ന് കാണാം.

ഒന്നുകില്‍ വിജയിക്കുക, അല്ലെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ ശക്തി തെളിയിക്കുക എന്നതായിരിക്കും ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അവര്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാധീനവും വോട്ടുകളുമുള്ള മണ്ഡലങ്ങളില്‍ ഇത്തവണ മത്സരിക്കുന്നില്ല എന്നതില്‍ ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളതും കൂടുതല്‍ വോട്ടുകളുള്ളതുമായ മങ്കട, കുറ്റ്യാടി, തിരുവമ്പാടി, പെരിന്തല്‍മണ്ണ എന്നീ നാല് മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ ഇത് കുറേ കൂടി ബോധ്യമാകും.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം മത്സരിച്ച മങ്കട മണ്ഡലത്തിലാണ്. 3999 വോട്ടുകളാണ് അന്ന് ഹമീദ് വാണിയമ്പലത്തിന് ലഭിച്ചത്. അതേ സമയം മുസ്‌ലിം ലീഗിന്റെ ടി.എ അഹമ്മദ് കബീര്‍ മങ്കടയില്‍ വിജയിച്ചത് 1508 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള മങ്കടയില്‍ അവരുടെ വോട്ടുകള്‍ ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ ബാധിക്കുമെന്നതിനാല്‍ ഇത്തവണ അവര്‍ മങ്കടയില്‍ മത്സരിക്കുന്നില്ല എന്ന് കാണാം.

ടി.എ. അഹമ്മദ് കബീര്‍

സമാനമായ സ്ഥിതികള്‍ തന്നെയാണ് തിരുവമ്പാടിയിലും കുറ്റ്യാടിയിലും പെരിന്തല്‍മണ്ണയിലും. 2016 ല്‍ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി വി.എം. ഉമ്മര്‍ മാസ്റ്റര്‍ പരാജയപ്പെട്ടത് 3008 വോട്ടുകള്‍ക്കാണ്. അന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ രാജു പുന്നക്കല്‍ മണ്ഡലത്തില്‍ 2226 വോട്ടുകള്‍ നേടിയിട്ടുണ്ട്. ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ കൂടി ലീഗിന് ലഭിക്കുകയാണെങ്കില്‍ തിരുവമ്പാടിയിലെ ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യത വര്‍ധിക്കുമെന്നതിനാല്‍ അവിടെയും വെല്‍ഫെയര്‍ പാര്‍ട്ടി മത്സരരംഗത്ത് നിന്ന് പിന്‍മാറിയതായി കാണാം.

വി.എം. ഉമ്മര്‍ മാസ്റ്റര്‍

കുറ്റ്യാടിയില്‍ കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ള വിജയിച്ചത് 1551 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അന്ന് കുറ്റ്യാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന പി.സി ഭാസ്‌കരന്‍ നേടിയത് 1125 വോട്ടുകളാണ്. ഈ വോട്ടുകള്‍ കൂടി ഇത്തവണ ലീഗിന് ലഭിക്കുകയാണെങ്കില്‍ ലീഗിന്റെ വിജയസാധ്യത കുറ്റ്യാടിയിലും കൂടും. അതിനാലാവാം കുറ്റ്യാടിയിലും ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയില്ല.

പാറക്കല്‍ അബ്ദുള്ള

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി മഞ്ഞളാകുഴി അലി 578 വോട്ടുകള്‍ക്ക് വിജയിച്ച പെരിന്തല്‍മണ്ണയില്‍ അന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് 1757 വോട്ടുകള്‍ ഉണ്ടായിരുന്നു. ഇത്തവണ സി.പി.ഐ.എമ്മും ലീഗും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന പെരിന്തല്‍മണ്ണയിലും വെല്‍ഫെയര്‍ പാര്‍ട്ടിയക്ക് സ്ഥാനാര്‍ത്ഥികളില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ 1757 വോട്ടുകള്‍ ലീഗിന് കൊടുത്താല്‍ അവിടെയും ലീഗിന്റെ വിജയസാധ്യത വര്‍ധിക്കും.

ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായോ മുസ്‌ലിം ലീഗുമായോ ഏതെങ്കിലും വിധത്തിലുള്ള ധാരണ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഉണ്ടോ എന്ന ചോദ്യത്തിന് തങ്ങള്‍ സ്വതന്ത്രരായി തന്നെയാണ് മത്സരിക്കുന്നത് എന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം. ഫാസിസ്റ്റ് കാലത്ത് നീതി നിഷേധിക്കപ്പെടുന്ന സാമൂഹ്യവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള രാഷ്ട്രീയമുന്നായിച്ചാണ് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഒരു മുന്നണിയുമായും ധാരണയില്ലെന്നും, തങ്ങള്‍ മത്സരിക്കാത്ത സ്ഥലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഡൂള്‍ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്.

ലീഗുമായോ യു.ഡി.എഫുമായോ ധാരണയില്ലെന്നും മലപ്പുറം, വേങ്ങര, കോണ്ടോട്ടി പോലുള്ള സ്ഥലങ്ങളില്‍ ലീഗിനെതിരെ ശക്തമായി മത്സര രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹമീദ് വാണിയമ്പലം

എന്നാല്‍ ലീഗിനെതിരെ ശക്തമായി മത്സര രംഗത്തുണ്ട് എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് പറയുന്ന മലപ്പുറത്ത് 35672 വോട്ടിന്റെയും വേങ്ങരയില്‍ 38057 വോട്ടിന്റെയും കൊണ്ടോട്ടിയില്‍ 10654 വോട്ടിന്റെയും ഭൂരിപക്ഷമാണ് 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗിനുള്ളത്. 3330 ഉം 1864 ഉം 2344 ഉം വോട്ടുകളാണ് ഈ മണ്ഡലങ്ങളില്‍ യഥാക്രമം വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്ക് 2016 ല്‍ ലഭിച്ചത്. അതിനര്‍ത്ഥം ലീഗിനെതിരെ ശക്തമായി മത്സരരംഗത്തുണ്ട് എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പറയുന്ന മണ്ഡലങ്ങളില്‍ അവരുടെ സാന്നിധ്യം ലീഗിന്റെ വിജയത്തെ ഒരു തരത്തിലും ബാധിക്കില്ല എന്നാണ്.

മുസ്‌ലിം ലീഗടക്കമുള്ള ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പോരായ്മകള്‍ ഉയര്‍ത്തിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. ആദ്യ തെരഞ്ഞെടുപ്പുകളില്‍ അവര്‍ ലീഗിനെതിരെ പരസ്യമായി മത്സരിക്കുകയും ചെയ്തിരുന്നു. പരമ്പരാഗതമായി മുസ്‌ലിം ലീഗ് ലക്ഷ്യം വെച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ തന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ ഇത്തവണ 27 സീറ്റില്‍ മത്സരിക്കുന്ന ലീഗിനെ എവിടെയും ഒരു പോറലുമേല്‍പ്പിക്കാതെ ലീഗിന് വലിയ ഭൂരിപക്ഷമുള്ള മൂന്ന് മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പേരിന് മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന സ്ഥിതിയാണ് കാണുന്നത്. യു.ഡി.എഫ് ധാരണയ്ക്ക് മുന്‍കൈയെടുത്ത ലീഗിനോടുള്ള ഉപകാരസ്മരണയാണിതെന്നാണ് ഉയരുന്ന ആരോപണങ്ങള്‍.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം കേരളത്തില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ ഭിന്നതകള്‍ രൂപപ്പെടുന്നതിനും ഇത് കാരണമായിരുന്നു. തെരഞ്ഞെടുപ്പിലേറ്റ പരാജയങ്ങളുടെ കാരണം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യോജിപ്പാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് പരസ്യമായി പ്രസ്താവനയും നടത്തിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയാണന്നുള്ള പ്രസ്താവനയുമായി കെ.പി.സി.സി അധ്യക്ഷന്‍ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ യു.ഡി.എഫുമായുള്ള ഒരു പരസ്യ ധാരണ സാധ്യമല്ലാത്തതിനാല്‍ രഹസ്യമായ ഒരു സഖ്യമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ലീഗുമായും കോണ്‍ഗ്രസുമായും ഈ തെരഞ്ഞെടുപ്പില്‍ നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണങ്ങള്‍. യു.ഡി.എഫുമായുള്ള രഹസ്യധാരണയെത്തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയിലും വെല്‍ഫെയര്‍ പാര്‍ട്ടിയിലും ആശയക്കുഴപ്പങ്ങളും വിഭാഗീയതകളും രൂപപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Details about Welfare party UDF alliances in Kerala Election 2021

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more