കളക്ടറുടെ ഗണ്‍മാനായി ഷൈന്‍ ടോം ചാക്കോ, കോര്‍ഡിനേഷന്‍ ടീമില്‍ പ്രകാശ് രാജും ജഗദീഷും; കയ്യടി നേടിയ പടയിലെ കാസ്റ്റ്
Film News
കളക്ടറുടെ ഗണ്‍മാനായി ഷൈന്‍ ടോം ചാക്കോ, കോര്‍ഡിനേഷന്‍ ടീമില്‍ പ്രകാശ് രാജും ജഗദീഷും; കയ്യടി നേടിയ പടയിലെ കാസ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th March 2022, 11:12 pm

മാര്‍ച്ച് 11ന് കമാല്‍ കെ.എം. സംവിധാനം ചെയ്ത പട തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. 25 വര്‍ഷം മുന്‍പുള്ള യഥാര്‍ത്ഥ സംഭവമാണ് കമാല്‍ കെ.എം. വെള്ളിത്തിരയിലെത്തിച്ചത്.

25 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1996ല്‍ ആദിവാസി ഭൂനിയമത്തില്‍ ഭേദഗതി വരുത്തിയ കേരള സര്‍ക്കാറിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ‘പട’യുടെ പ്ലോട്ട്.

No photo description available.

ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ചിത്രത്തിന്റെ കാസ്റ്റിനാണ് ഏറ്റവും കൂടുതല്‍ കയ്യടി ലഭിക്കുന്നത്. മലയാളത്തിലെ പ്രമുഖ നടന്മാരെ തന്നെ അഭിനയിക്കാന്‍ തെരഞ്ഞെടുത്തതിലൂടെ സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുകയാണ്.

കളക്ടറെ ബന്ദിയാക്കിയ അയ്യങ്കാളി പടയിലെ നാല് അംഗങ്ങളായ കല്ലറ ബാബു, കാഞ്ഞങ്ങാട് രമേശന്‍, വിളയോടി ശിവന്‍കുട്ടി, അജയന്‍ മണ്ണൂര്‍ എന്നിവര്‍ സിനിമയിലെത്തിയപ്പോള്‍ കല്ലാര്‍ ബാലുവും, രാകേഷ് കാഞ്ഞങ്ങാടും, നാരായണന്‍ കുട്ടിയും, അരവിന്ദന്‍ മണ്ണൂരുമായി. ഇവരെ അവതരിപ്പിച്ചതാവട്ടെ വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ്.

അജയ് ശ്രീപദ് ഡാങ്കേ എന്ന പാലക്കാട് കളക്ടറെ അവതരിപ്പിച്ചത് അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്ന പുതുമുഖമാണ്. പൂനെയില്‍ താമസമാക്കിയ ഇദ്ദേഹം കഴിഞ്ഞയാഴ്ച റിലീസായ ജുണ്ഡേ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

May be an image of 1 person

അയ്യങ്കാളി പടയിലെ നാല് അംഗങ്ങളും കളക്ടറും ഒഴികെ മറ്റ് കഥാപാത്രങ്ങളെല്ലാം വളരെ കുറച്ച് സമയമായിരുന്നു സിനിമയിലുണ്ടായിരുന്നതെങ്കിലും എസ്റ്റാബ്ലിഷ്ഡായ അഭിനേതാക്കളെയാണ് ഇവരെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തത്.

കളക്ടറെ ബന്ദിയാക്കിയ വെല്ലുവിളി നിറഞ്ഞ സാഹചര്യം കോര്‍ഡിനേറ്റ് ചെയ്ത എന്‍. രാജശേഖരന്‍ ഐ.എ.എസിനെ അവതരിപ്പിച്ചത് പ്രകാശ് രാജാണ്. അതുപോലെ ഈ കോര്‍ഡിനേഷന്‍ ടീമിലുണ്ടായിരുന്ന പി. കൃഷ്ണ കുമാര്‍ ഐ.എ.എസായി എത്തിയത് ജഗദീഷായിരുന്നു.

സമീപകാലത്തിറങ്ങിയ ചിത്രങ്ങളില്‍ നായകനെക്കാള്‍ കയ്യടി നേടുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. അദ്ദേഹം പടയില്‍ ബന്ദിയാക്കപ്പെട്ട കളക്ടറുടെ ഗണ്‍മാനെയാണ് അവതരിപ്പിക്കുന്നത്. മറ്റ് ചിത്രങ്ങളിലേത് പോലെ പെര്‍ഫോം ചെയ്യാനും മാത്രം സ്‌പേസ് ഇല്ലായിരുന്നെങ്കിലും തന്റെ ഭാഗം മികച്ച രീതിയില്‍ ഷൈന്‍ ചെയ്തുവെച്ചിട്ടുണ്ട്.

ജഡ്ജായ തങ്കപ്പന്‍ ആചാരിയായി എത്തിയത് സലിം കുമാറായിരുന്നു. അതുപോലെ ടി.ജി. രവിയുടെ ജയപാലന്‍ വക്കീല്‍, ഗോപന്‍ മാങ്ങാട് അവതരിപ്പിച്ച കെ.രവി എന്നീ കഥാപാത്രങ്ങളും വളരെ പ്രധാനപ്പെട്ടവയാണ്.

കണ്ടിരിക്കുന്ന പ്രേക്ഷകരില്‍ ഒരു ഇംപാക്ട് ഉണ്ടാക്കിയ കഥാപാത്രമായിരുന്നു ഇന്ദ്രന്‍സിന്റെ സഖാവ് കണ്ണന്‍ മുണ്ടൂര്‍. കമ്യൂണിസ്റ്റ് നേതാവായിരുന്ന മുണ്ടൂര്‍ രാവുണ്ണിയെയാണ് സിനിമയില്‍ കണ്ണന്‍ മുണ്ടൂരായി കാണിച്ചിരിക്കുന്നത്. അയ്യങ്കാളി പട രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച് നേതാവാണ് ഇദ്ദേഹം.

Indrans In Film Pada 830 - Malayalam Movie Pada Stills

ഉണ്ണി മായാ പ്രസാദിന്റെ മിനി കെ.എസും കനി കുസൃതിയുടെ കഥാപാത്രവും മികച്ച രീതിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.


Content Highlight: detailing pada cast