ഒരിടവേളയ്ക്ക് ശേഷം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയ്ക്കടുത്തുള്ള വിയ്യൂര്‍-പുളിയഞ്ചേരി പ്രദേശം സംഘര്‍ഷഭരിതമായിരിക്കുകയാണ്. ആര്‍.എസ്.എസും സി.പി.ഐ.എമ്മും തമ്മില്‍ നിരന്തരമായി സംഘര്‍ഷമുണ്ടായിരുന്ന സ്ഥലമായിരുന്നു ഇതെങ്കിലും കുറച്ചുകാലമായി ഇവിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ ഫെബ്രുവരി 11-ാം തിയ്യതി രാത്രിയാണ് സംഘര്‍ഷം രക്തച്ചൊരിച്ചിലിലേക്കെത്തിയ വാര്‍ത്ത വരുന്നത്. പുളിയഞ്ചേരിയിലെ കെ.ടി ശ്രീധരന്‍ സ്മാരക മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന വായനശാലയില്‍ ഇരുന്ന് ടി.വി കാണുകയായിരുന്ന സി.പി.ഐ.എം പ്രവര്‍ത്തകരെ ഇരുചക്രവാഹനങ്ങളിലെത്തിയ ഒരുസംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി വിയ്യൂര്‍, പുളിയഞ്ചേരി പ്രദേശത്ത് അക്രമ പരമ്പര തന്നെയാണ് ഉണ്ടായിരിക്കുന്നത്. ആര്‍.എസ്.എസുകാരുടേയും സി.പി.ഐ.എമ്മുകാരുടേയും വീടുകള്‍ ആക്രമിക്കപ്പെടുന്ന വാര്‍ത്തയാണ് കഴിഞ്ഞദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്നത്.
ഫെബ്രുവരി 11-ന് സംഭവിച്ചത്
ആറു ബൈക്കുകളിലായി എത്തിയ 18 പേരാണ് ആക്രമണം നടത്തിയത് എന്നാണ് സി.പി.ഐ.എം പറയുന്നത്. ആയുധങ്ങളുമായി എത്തിയ ഇവര്‍, വായനശാലയ്ക്കു സമീപമുണ്ടായിരുന്ന ബിനീഷ് എന്ന പ്രവര്‍ത്തകന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. വീടാക്രമിച്ച ഇവര്‍ ബിനീഷിനേയും അമ്മയേയും മര്‍ദ്ദിക്കുകയും ചെയ്തു.
തുടര്‍ന്ന് സമീപമുള്ള മറ്റൊരു വീട്ടിലെ കെ.ടി അച്യുതന്‍ എന്നയാളുടെ രണ്ടു കൈകള്‍, നെഞ്ച്, കാല്‍ എന്നിവിടങ്ങളില്‍ വെട്ടി പരുക്കേല്‍പ്പിച്ചു. ബിനീഷിന്റെ കാലിനും വെട്ടേറ്റു. പിന്നീട് വായനശാലയിലേക്ക് പോയ അക്രമികള്‍ അവിടെ ടി.വി കണ്ടിരുന്നവരെ ആക്രമിക്കുകയായിരുന്നു.
കെ.ടി രാജന്‍, ബിജു, വിവേക് എന്നിവര്‍ക്കാണ് ടി.വി കാണുന്നതിനിടെ വെട്ടേറ്റത്. ആ സമയത്ത് ബൈക്കില്‍ അവിടെയെത്തിയ സി.പി.ഐ.എം കൊല്ലം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായ കെ.ടി സിജേഷും ആക്രമിക്കപ്പെട്ടു.
ഇതിനു ശേഷം അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരില്‍ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അരുണ്‍ കൃഷ്ണന്‍ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് പിടിയിലായത്.
അക്രമത്തില്‍ പരുക്കേറ്റവരെ കൊയിലാണ്ടി ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചത്. രാജന്‍, അച്യുതന്‍ എന്നിവരുടെ അവസ്ഥ ഗുരുതരമാണ്. കൈക്ക് വെട്ടേറ്റ അച്യുതന്റെ ഞരമ്പുകള്‍ മുറിഞ്ഞിട്ടുണ്ട്. രാജന്റെ ഇടതു കണ്ണിന് പൈപ്പ് ഉപയോഗിച്ചുള്ള അടിയേല്‍ക്കുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം കൊയിലാണ്ടി നഗരസഭ പരിധിയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.
പെട്ടെന്നുണ്ടായ അക്രമമായിരുന്നില്ല പുളിയഞ്ചേരിയിലെ വായനശാലയില്‍ ഉണ്ടായത്. അതിനു മുന്‍പ് തന്നെ ചെറിയതോതിലുള്ള സംഘര്‍ഷങ്ങള്‍ ഈ പ്രദേശത്ത് പുകഞ്ഞുതുടങ്ങിയിരുന്നു. പ്രദേശത്തുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ആര്‍.എസ്.എസ്സിനും സി.പി.ഐ.എമ്മിനും അവരുടേതായ അവകാശവാദങ്ങള്‍ ഉണ്ട്.
ആര്‍.എസ്.എസ്-ബി.ജെ.പി പറയുന്നത് ഇങ്ങനെ
ഈ മാസം ആറാം തിയ്യതിയോടെയാണ് സംഭവങ്ങളുടെയെല്ലാം തുടക്കമുണ്ടായതെന്ന് ആര്‍.എസ്.എസ്. പറയുന്നു. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനു സമീപമുള്ള രണ്ട് ആര്‍.എസ്.എസുകാരുടെ വീടുകള്‍ക്കു നേരെ ബോംബേറ് ഉണ്ടായിരുന്നു. തുടര്‍ന്ന് ശാഖയിലെ അംഗമായ അജിത്ത് എന്ന ഭിന്നശേഷിയുള്ള പ്രവര്‍ത്തകനെ പത്താം തിയ്യതി സി.പി.ഐ.എമ്മുകാര്‍ ആക്രമിക്കുകയായിരുന്നു.
കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് ആയുധങ്ങളുമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ മറ്റുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടെങ്കിലും കാലിന് സ്വാധീനമില്ലാത്തതിനാല്‍ അജിത്തിന് ഓടാന്‍ കഴിഞ്ഞില്ല. അജിത്തിനെ പിടികൂടിയ സി.പി.ഐ.എമ്മുകാര്‍ സമീപമുള്ള വൈദ്യുത പോസ്റ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി.
പോസ്റ്റില്‍ ബി.ജെ.പി എന്ന് എഴുതിയത് അജിത്തിനെ കൊണ്ട് ബലം പ്രയോഗിച്ച് സി.പി.ഐ.എം എന്ന് മാറ്റിയെഴുതിച്ചുവെന്നും ആര്‍.എസ്.എസ് ആരോപിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സി.പി.ഐ.എം പ്രചരിപ്പിച്ചുവെന്നും അജിത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയെന്നും ആര്‍.എസ്.എസ് ആരോപിക്കുന്നു.
വൈദ്യുത പോസ്റ്റില്‍ സി.പി.ഐ.എം എന്ന് എഴുതിയത് മായ്ച്ച് ബി.ജെ.പി എന്ന് അജിത്ത് എഴുതിയെന്ന് ആരോപിച്ചാണ് സി.പി.ഐ.എം ഇത് ചെയ്തത്. അജിത്തിനെ കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസെത്തി മൊഴിയെടുത്തെങ്കിലും പെറ്റി കേസ് രജിസ്റ്റര്‍ ചെയ്ത് സി.പി.ഐ.എം പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടുവെന്ന് ആര്‍.എസ്.എസ് ആരോപിക്കുന്നു.
അടുത്തദിവസം, അതായത് ഫെബ്രുവരി 11-ാം തിയ്യതി വൈകീട്ട് ബി.ജെ.പി പ്രവര്‍ത്തകരായ രണ്ടുപേര്‍ കെ.ടി.എസ് വായനശാലയ്ക്കു സമീപത്തുകൂടി നടന്നു പോകുമ്പോള്‍ സി.പി.ഐ.എമ്മുകാര്‍ തടഞ്ഞുവെന്നും ബി.ജെ.പിക്കാര്‍ ഇതിലെ പോകാന്‍ പാടില്ലെന്ന് പറഞ്ഞുവെന്നും ആര്‍.എസ്.എസ് ആരോപിക്കുന്നു. തുടര്‍ന്ന് ഇവര്‍ സുഹൃത്തുക്കളെ വിളിക്കുകയും വായനശാലയ്ക്കു സമീപം സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നുവെന്നാണ് ആര്‍.എസ്.എസ് വാദം.
ഇതിനു ശേഷം അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. സംഘര്‍ഷമുണ്ടായ വിയ്യൂരില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ താമസിക്കുന്ന യുവമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറി അഖില്‍ പന്തലായനിയുടെ വീടും ആക്രമിക്കപ്പെട്ടു. ഒരുമാസം മുന്‍പ് കല്യാണം കഴിഞ്ഞ അഖിലിന്റെ വീട്ടില്‍ നിന്ന് 27 പവന്റെ ആഭരണങ്ങള്‍ മോഷണം പോയെന്നും ആരോപണമുണ്ട്.
ഇതിനു ശേഷം സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടുവെന്ന് പറയുന്നുണ്ടെങ്കിലും അതിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ല എന്നും ആര്‍. എസ്.എസ് പറയുന്നു. ആറാം തിയ്യതിയിലെ സംഭവങ്ങളില്‍ ഉള്‍പ്പെടെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആര്‍.എസ്.എസ് ആരോപിക്കുന്നു.
വായനശാലയിലുണ്ടായ അക്രമത്തില്‍ ബി.ജെ.പിയ്‌ക്കോ ആര്‍.എസ്.എസ്സിനോ പങ്കില്ല. സംഭവത്തിലെ ഒന്നാം പ്രതി എന്ന് ആരോപിക്കുന്ന അഖില്‍ ചന്ദ്രന്‍ ഈ സമയം കൊല്ലത്തെ പെട്രോള്‍ പമ്പില്‍ പെട്രോളടിക്കുകയായിരുന്നുവെന്നും ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉണ്ടെന്നും ബി.ജെ.പി അവകാശപ്പെടുന്നു. സി.പി.ഐ.എം പരാതിയില്‍ പറയുന്നവരില്‍ ആരും അക്രമത്തില്‍ ഉള്‍പ്പെട്ടവര്‍ അല്ല.
അക്രമത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുന്ന ബി.ജെ.പി, പൊലീസ് അന്വേഷിക്കട്ടെയെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെയെന്നും പറയുന്നു. പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ബി.ജെ.പി ആരോപിക്കുന്നു.
സി.പി.ഐ.എം പറയുന്നത് ഇങ്ങനെ
ആര്‍.എസ്.എസ്സിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നന്നാണ് സി.പി.ഐ.എം പറയുന്നത്. പത്താം തിയ്യതിയുണ്ടായത് ആര്‍.എസ്.എസ് പറയുന്നതു പോലെയുള്ള സംഭവങ്ങളല്ല. പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി കെ.ടി സിജേഷ് കൊയിലാണ്ടിയിലേക്ക് പോകുമ്പോള്‍ അട്ടവയല്‍ എന്ന സ്ഥലത്തിനടുത്ത് വെച്ച് ഭിന്നശേഷിയുള്ള അജിത്ത് ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ്സുകാര്‍ തടയുകയായിരുന്നു.
സിജേഷിനെ തടഞ്ഞ ശേഷം അവര്‍ പല ഭീഷണികളും മുഴക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. എന്നാല്‍ അവര്‍ കുട്ടികളായതിനാല്‍ സിജേഷ് പ്രകോപിതനാകാതെ അവരോട് സംസാരിക്കുകയാണ് ചെയ്തത്. “ഇങ്ങനെയല്ല സംഘടനാ പ്രവര്‍ത്തനം നടത്തേണ്ടത്” എന്നു പറഞ്ഞ് സിജേഷ് പോകുകയായിരുന്നു. ഇതൊഴിച്ചാല്‍ ചെറിയ ഉന്തും തള്ളും പോലും അവിടെ ഉണ്ടായില്ല.
എന്നാല്‍ ഉച്ചക്കുണ്ടായ ഈ സംഭവത്തില്‍ വൈകീട്ട് ആര്‍.എസ്.എസ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭിന്നശേഷിയുള്ള അജിത്ത് കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നുവെന്നാണ് പരാതി നല്‍കിയത്. കമ്പിവടി കൊണ്ട് പുറത്ത് അടിച്ച് മര്‍ദ്ദിച്ചതിന്റെ പാട് സ്വയം ഉണ്ടാക്കിയ ശേഷമാണ് പരാതി നല്‍കിയത് എന്നും സി.പി.ഐ.എം ആരോപിക്കുന്നു.
ആര്‍.എസ്.എസ്സുകാരനായ ഭിന്നശേഷികാരന്റെ പരാതി സ്വീകരിച്ച കൊയിലാണ്ടി പൊലീസ് രാത്രി 8.30-ന് സ്ഥലത്തെത്തുകയും കല്യാണ വീട്ടിലേക്ക് പോകുന്ന ബൈക്ക് തടഞ്ഞ് ഹെല്‍മെറ്റ് വെക്കാത്തതിന് പിഴ ഈടാക്കുകയുമാണ് ചെയ്തത്. സംഭവത്തേ പറ്റി അന്വേഷിക്കാതെ പിറ്റേദിവസം 4 പേരെ വിളിച്ച് വരുത്തി കേസെടുത്ത് ജാമ്യത്തില്‍ വിടുകയുമാണ് പ്രിന്‍സിപ്പല്‍ എസ്.ഐ ചെയ്തത്.
ഇതിന്റെ പിറ്റേന്നാണ് ആറു ബൈക്കുകളിലായി 18 പേര്‍ കെ.ടി.എസ് സ്മാരക മന്ദിരത്തിലെ വായനശാലയിലെത്തി അക്രമം നടത്തിയത്. ദണ്ഡ, ജി.ഐ. പൈപ്പ്, വാളുകള്‍ എന്നീ ആയുധങ്ങളുമായാണ് ആര്‍.എസ്.എസ് അക്രമികള്‍ എത്തിയത് എന്ന് സി.പി.ഐ.എം പറയുന്നു.
കെ.ടി ബിനീഷ് എന്ന പ്രവര്‍ത്തകന്റെ വീട്ടിലേക്കാണ് സംഘം ആദ്യം പോയത്. തുടര്‍ന്ന് വീട് ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ബിനീഷിനേയും അമ്മ ലീലയേയും അവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട്, ഈ വീടിന്റെ മുന്നിലുള്ള വീട്ടിലെ കെ.ടി അച്യുതനെയും ആക്രമിച്ചു. അച്യുതന്റെ രണ്ട് കൈകള്‍ക്കും നെഞ്ചിലും കാലിനും വെട്ടേറ്റു. ബിനീഷിന്റെ കാലിനാണ് വെട്ടേറ്റത്.
തുടര്‍ന്ന് വായനശാലയിലേക്ക് പോയ അക്രമിസംഘം അവിടെയിരുന്ന് ടി.വി കാണുകയായിരുന്നവരെ അക്രമിക്കുകയായിരുന്നു. ആ സമയത്ത് അവിടെയെത്തി ബൈക്കില്‍ നിന്ന് ഇറങ്ങുകയായിരുന്ന കൊല്ലം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.ടി സിജേഷിനെ പൈപ്പ് കൊണ്ട് അടിച്ച് കൈ ഒടിക്കുകയും ചെയ്തു. അപ്പോഴേക്കും നാട്ടുകാര്‍ അവിടേക്കെത്തി.
നാട്ടുകാരെ കണ്ട് അക്രമിസംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി. അരുണ്‍ കൃഷ്ണന്‍ എന്ന ആര്‍.എസ്..എസ് പ്രവര്‍ത്തകനാണ് പിടിയിലായത്. ഇതിനു ശേഷം അന്നു രാത്രി 12 മണിയോടെ സി.പി.ഐ.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി മെമ്പറുടേയും മറ്റ് നാല് പാര്‍ട്ടി പ്രവര്‍ത്തകരുടേയും വീടുകള്‍ ആര്‍.എസ്.എസ്സുകാര്‍ ആക്രമിച്ചുവെന്നും സി.പി.ഐ.എം ആരോപിച്ചു.
ലോക്കല്‍ കമ്മിറ്റി അംഗം ശിവദാസന്റെ വീടിനു നേരെ രണ്ടു സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു. നാഗത്ത് ബാലന്‍, തൈക്കണ്ടി ശ്രീപുത്രന്‍, കന്മന മഠത്തില്‍ രജീഷ്, മൂക്രിച്ചികുനിയില്‍ ലീല, കണ്ടോത്ത് ഗോപാലന്‍, എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞദിവസം എസ്.പി വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തിലും ആര്‍.എസ്.എസ് പറഞ്ഞത് ഭിന്നശേഷിയുള്ള യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്ന പച്ചക്കള്ളമാണെന്ന് സി.പി.ഐ.എം പറയുന്നു. എന്നാല്‍ അത് തെറ്റാണെന്നും യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണെന്നും അവിടെ വെച്ച് തന്നെ പൊലീസിനെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും സി.പി.ഐ.എം അവകാശപ്പെടുന്നു.
അരീക്കല്‍ താഴെയുള്ള അഖില്‍ ചന്ദ്രന്‍, ചൊക്ലിയെന്ന് വിളിക്കുന്ന അമല്‍, അനൂപ് എന്നീ ആര്‍.എസ്.എസ്സുകാരുടെ നേതൃത്വത്തിലാണ് വായനശാലയിലെ ആക്രമണത്തിന് ആയുധങ്ങളുമായി സംഘം എത്തിയത്. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട നടുവത്തൂരില്‍ നിന്നുള്ള ജിഷ്ണുദത്ത് എന്ന യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് സംഭവസ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്. പിടിയിലായ അരുണ്‍ കൃഷ്ണനില്‍ നിന്ന് സംഘത്തിലുണ്ടായിരുന്ന ആറു പേരുടെ വിവരങ്ങള്‍ ലഭിച്ചു. തൊട്ടടുത്ത പ്രദേശങ്ങളിലുള്ളവരാണ് അക്രമത്തിന് എത്തിയതെന്ന് മനസിലായിട്ടുണ്ടെന്ന് പാര്‍ട്ടി പറയുന്നു.
സംഭവസമയത്ത് അഖില്‍ ചന്ദ്രന്‍ പെട്രോള്‍ പമ്പിലായിരുന്നു എന്നവാദവും തെറ്റാണെന്ന് സി.പി.ഐ.എം പറയുന്നു. വണ്ടികളില്‍ പെട്രോള്‍ നിറച്ച ശേഷമാണ് ഇവര്‍ വായനശാലയിലേക്ക് അക്രമത്തിനായി തിരിച്ചത്. അക്രമികള്‍ വന്ന വാഹനങ്ങളില്‍ രണ്ടെണ്ണം വായനശാലയ്ക്കടുത്ത് തന്നെ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഈ രണ്ടു വണ്ടികളുടേയും ടാങ്കുകള്‍ നിറയെ പെട്രോള്‍ ഉണ്ട്. അക്രമത്തിന് മുന്‍പാണ് ഇവര്‍ പമ്പിലെത്തി പെട്രോള്‍ നിറച്ചതെന്നും ഇതിന്റെ ദൃശ്യങ്ങളാണ് ആര്‍.എസ്.എസ് ഉയര്‍ത്തിക്കാണിക്കുന്നതെന്നും സി.പി.ഐ.എം പറയുന്നു. വണ്ടികളിലൊന്നില്‍ നിന്നാണ് ഒരു അക്രമിയുടെ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്.
പൊലീസ് പറയുന്നത്
പുളിയഞ്ചേരിയിലെ അക്രമപരമ്പരയോടനുബന്ധിച്ച് കേസുകള്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കൊയിലാണ്ടി പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ബി.ജെ.പിക്കാരുടെ പരാതിയിലും സി.പി.ഐ.എമ്മുകാരുടെ പരാതിയിലും ഇരു പാര്‍ട്ടികളിലും പെട്ട നിരവധി പേര്‍ക്കെതിരെ കേസുകളെടുത്തിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് സ്ഥിതി ശാന്തമാണ്.
വടകര ഡി.വൈ.എസ്.പിയുടെ മധ്യസ്ഥതയിലാണ് സമാധാനയോഗം വിളിച്ചത്. സമാധാനയോഗത്തിനു ശേഷം സ്ഥലത്ത് യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല.
വായനശാലയില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുറ്റാരോപിതരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു.
സ്ഥിതി ഇപ്പോള്‍ ശാന്തം
സംഘര്‍ഷഭരിതമായിരുന്ന ദിവസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കൊയിലാണ്ടിയില്‍ സമാധാനം പുന:സ്ഥാപിക്കപ്പെട്ടു. രണ്ടുപാര്‍ട്ടികളേയും യോഗം വിളിച്ച് നടത്തിയ മധ്യസ്ഥശ്രമം വിജയമാണെന്നും രണ്ടു കൂട്ടരും ധാരണയിലെത്തിയെന്നും കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
അക്രമിക്കപ്പെട്ട വീടുകളുടെ ദൃശ്യങ്ങള്‍