കൊവിഡ് പ്രതിരോധത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയായ, അന്താരാഷ്ട്രമാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ ചെയ്ത കേരളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് ആശങ്കയിലാണ്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം 8000 കടന്നിരിക്കുന്നു. 28 ദിവസത്തിനിടെ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20 ദിവസത്തിനിടെയാണ് പല ജില്ലകളിലും രോഗികളുടെ എണ്ണം ഇരട്ടിയിലധികമായത്.
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ പത്താം സ്ഥാനത്തുള്ള കേരളം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ മൂന്നാം സ്ഥാനത്തെത്തി. ടെസ്റ്റുകളെ എണ്ണം കുറഞ്ഞിട്ടും ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തിന്റെ പോസിറ്റിവിറ്റി നിരക്കെന്നും ഇത് ഏറെ ആശങ്കാജനകമാണെന്നും ഐ.എം.എ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ദശലക്ഷം പേരില്‍ എത്ര പേര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് അടിസ്ഥാനപ്പെടുത്തിയുള്ള കണക്കില്‍ നിലവില്‍ കേരളം ആറാം സ്ഥാനത്താണ്.
ഒക്ടോബര്‍ മാസത്തോടെ കേരളത്തിലെ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം 10,000ത്തിന് മുകളില്‍ വരെ എത്തിച്ചേരുമെന്നാണ് വിലയിരുത്തുന്നത്. ഒപ്പം കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചതിന്റെ പഠനറിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ഈ കണക്കുകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ സംസ്ഥാന ആരോഗ്യവകുപ്പ് മുന്‍കൂട്ടി കണ്ട അതേനിരക്കില്‍ തന്നെയാണ് കൊവിഡ് കേസുകള്‍ ഉയരുന്നതെന്നും ആശങ്കയേക്കാള്‍ ഇതുവരെ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി തുടരാനുള്ള ജാഗ്രതയാണ് ജനങ്ങള്‍ കാണിക്കേണ്ടതെന്നുമാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
കേരളത്തിന്റെ കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തില്‍
കേരളത്തില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് ജനുവരിയിലാണ്. കൊവിഡ് പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇതിന് ഒരാഴ്ച മുന്‍പ് തന്നെ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രോഗനിയന്ത്രണത്തിനും ക്വാറന്റൈന്‍-ഐസോലേഷന്‍ നടപടികള്‍ക്കുമായി ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സും ചേര്‍ന്ന് തയ്യാറാക്കിയ ‘നിയന്ത്രണ സഹായി’യുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനു വേണ്ടി ആരോഗ്യവകുപ്പ് ഗൈഡ്‌ലൈന്‍ തയ്യാറാക്കുകയും ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
2020 ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നുമെത്തിയ മലയാളി വിദ്യാര്‍ത്ഥിക്കാണ് കേരളത്തില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ കേരളത്തിന്റെ നിദാന്ത ജാഗ്രതയുടെയും സംഘടിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയുമായിരുന്നു. ചൈനയില്‍ നിന്നും തിരിച്ചെത്തിയ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കേരളത്തില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ അനുവദിക്കാത്ത വിധമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചു.
പിന്നീട് മാര്‍ച്ച് ആദ്യ വാരം കേരളത്തില്‍ വീണ്ടും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയെങ്കിലും ഏറ്റവും കൂടുതല്‍ പേരുണ്ടായിരുന്നത് കേരളത്തിലായിരുന്നു.
മാര്‍ച്ച് 24ന് കേരളത്തിലെ ആകെ കേസുകളുടെ എണ്ണം നൂറിലെത്തി. 28ന് ആദ്യ കൊവിഡ് മരണവും നടന്നു. പക്ഷെ അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും കേരളത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നു. മാത്രമല്ല ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പത്തില്‍ താഴെ മാത്രമായിരുന്നു.
മെയ് 7ന് തുടങ്ങിയ വന്ദേ ഭാരത് മിഷന്‍ വിദേശരാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ തിരിച്ചെത്താന്‍ തുടങ്ങി. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരും റെയില്‍-റോഡ് മാര്‍ഗങ്ങള്‍ വഴി നാട്ടിലെത്തി. ഈ സമയങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നതില്‍ ഭൂരിഭാഗവും പുറത്തുനിന്നും എത്തിയ ആളുകള്‍ക്കായിരുന്നെങ്കിലും വൈകാതെ തന്നെ സമ്പര്‍ക്ക രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരാന്‍ തുടങ്ങി. ടെസ്റ്റിംഗ്, ട്രാക്കിംഗ്, ക്വാറന്റൈന്‍ എന്നിവയിലൂടെ വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ രോഗികളില്‍ നിന്നുള്ള വൈറസ് വ്യാപനം ഫലപ്രദമായി തടയാനായി.
എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരില്‍ ഇത് കൃത്യമായി തുടരാനായില്ലെന്നുള്ള പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് രോഗവ്യാപനത്തിന് പ്രധാന കാരണമായി തീര്‍ന്നതായും ഈ പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചു.
ജൂണ്‍ 5നാണ് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം 100 കടക്കുന്നത്. അവിടെ നിന്നും പ്രതിദിന കേസുകള്‍ 500ലെത്തുന്നത് ഒന്നര മാസം പിന്നിട്ട് ജൂലൈ പകുതിയോടെയാണ്. എന്നാല്‍ കേസുകള്‍ ഇരട്ടിച്ച് 1000 കടക്കാന്‍ വേണ്ടി വന്നത് കൃത്യം 8 ദിവസമാണ്. ജൂലൈ 22ന് 1038 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 19ന് 2333 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സെപ്തംബര്‍ ആറിനാണ് പ്രതിദിന രോഗബാധ 3000 കടന്നത്. പത്ത് ദിവസം കഴിഞ്ഞതോടെ ഇത് 4000ത്തിലെത്തി. സെപ്തംബര്‍ 26ഓടെ രോഗബാധ ഏഴായിരവും കടന്നു. സെപ്തംബര്‍ 30ന് സ്ഥിരീകരിച്ച 8330 ആണ് നിലവിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ 96 ശതമാനം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതില്‍ 85 ശതമാനം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 1,96,106 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,28,224ഉം. ദശലക്ഷം പേരില്‍ 4,217 പേര്‍ക്ക് എന്ന നിലയിലാണ് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം. 67,061 പേര്‍ നിലവില്‍ കേരളത്തില്‍ ചികിത്സയിലുണ്ട്. ഇതില്‍ 438 പേര്‍ ഐ.സി.യുവിലും 92 പേര്‍ വെന്റിലേറ്ററിലുമാണ്. ചികിത്സയിലുള്ളവരുടെ നിരക്ക് 28.89 ശതമാനമാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 34,481 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മലപ്പുറം(22,543), എറണാകുളം(18,232) കോഴിക്കോട്(18,819) എന്നീ ജില്ലകളാണ് തൊട്ടുപിറകില്‍.
742 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്ക് 0.4 ശതമാനമാണ്.
ഉയരുന്ന കൊവിഡ് കണക്കുകളെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍
ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ അതിതീവ്രമായ രോഗവ്യാപനം നടക്കുമെന്നും പ്രതിദിന രോഗികളുടെ എണ്ണം 10,000 – 20,000 വരെയാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ആഗസ്റ്റ് 14ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ആരോഗ്യവിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
രോഗികളെ ചികിത്സിക്കാനുള്ള ആരോഗ്യസംവിധാനങ്ങള്‍ സജ്ജമാണെങ്കിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് മരണസംഖ്യയും വര്‍ധിക്കുമെന്നും അതിനാല്‍ രോഗവ്യാപനം തടയാനുള്ള നടപടികളില്‍ പൊതുജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണമുണ്ടാകണമെന്നും കെ.കെ ഷൈലജ ആവശ്യപ്പെട്ടിരുന്നു.
പ്രതിദിന രോഗവര്‍ധന 7000 കടന്നിരിക്കുകയും പോസറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്യുന്നത് ആശങ്കാജനകമാണെങ്കിലും ആരോഗ്യരംഗം മുന്‍കൂട്ടി കണ്ടതിനനുസരിച്ച് തന്നെയാണ് ഈ നിരക്കുകളെന്നും അതിനാല്‍ പോസിറ്റിവിറ്റി നിരക്കില്‍ മാത്രമായി ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ആരോഗ്യവിദഗ്ധനായ ഡോ.ബി ഇക്ബാല്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇത് രോഗപ്രതിരോധ നടപടികളും കുറക്കുന്നതിനോ അലംഭാവത്തിനോ ഉള്ള സമയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
‘ഇപ്പോള്‍ ഉയരുന്ന കൊവിഡ് നിരക്കുകള്‍ ഇത്രയും കൂടിയ തോതിലെത്തുമെന്ന് നേരത്തെ തന്നെ പ്രൊജക്ട് ചെയ്തിരുന്നതാണ്. പ്രതീക്ഷിച്ച രീതിയില്‍ തന്നെയാണ് കൊവിഡ് കണക്കുകള്‍ ഉയരുന്നത്. ഒക്ടോബറില്‍ ഇത് ഏറ്റവും ഉയര്‍ന്നതോതിലെത്തും. അതിനുശേഷമായിരിക്കും കുറയുക. പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു എന്നതുകൊണ്ടു മാത്രം പേടിക്കേണ്ടതില്ല. മരണനിരക്ക് ഉയരുന്നതിനെയാണ് പേടിക്കേണ്ടത്. ഐ.സി.യു രോഗികളുടെ എണ്ണത്തില്‍ ഒരു ഘട്ടത്തിലും വര്‍ധനവ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധിക്കണം’ ഡോ. ഇക്ബാല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
നിലവില്‍ രാജ്യത്തെ മരണനിരക്ക് 1.57 ശതമാനമാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ഇത് 2.93 ശതമാനമാണ്. രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിറകിലുള്ള കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങള്‍ കൂടിയായ ആന്ധ്രാപ്രദേശില്‍ 0.87%, കര്‍ണാടകയില്‍ 1.48%, തമിഴ്‌നാട്ടില്‍ 1.68% എന്ന നിരക്കിലാണ് മരണനിരക്ക്. എന്നാല്‍ കേരളത്തിലെ മരണനിരക്ക് 0.4 ശതമാനമാണ്.
എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായാല്‍ ഇത് ചികിത്സാസൗകര്യങ്ങളുടെ കുറവിനും മരണസംഖ്യ ഉയരാനും ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ധനും ഇന്‍ഫോക്ലിനിക് സഹസ്ഥാപകനുമായ ഡോ.ജിനേഷ് പി.എസ് പറഞ്ഞു. ‘ കേരളത്തില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം 8000 വരെ ഉയര്‍ന്നിരിക്കുന്നു. പരിശോധനയിലെ പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നുവരികയാണ്. അതീവ ഗൗരവമുള്ള ഒരു സാഹചര്യത്തിലൂടെ ആണ് നമ്മള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
മരണസംഖ്യയും ഉയര്‍ന്നുവരികയാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ മരണ നിരക്ക് കേരളത്തില്‍ കുറവാണ് എന്നത് ആശ്വാസകരമാണ്. പക്ഷേ, ആശുപത്രി സൗകര്യങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതില്‍ കൂടുതല്‍ രോഗികള്‍ക്ക് ഒരേസമയം ചികിത്സ നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ മരണ നിരക്ക് കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ജാഗ്രത പുലര്‍ത്തേണ്ട കാലമാണ് ഇത്.’ ജിനേഷ് പറയുന്നു.
നഗരം-ഗ്രാമം എന്നീ വ്യത്യാസങ്ങളില്ലാത്ത കേരളത്തില്‍ രോഗവ്യാപനം കൂടിയ തോതിലെത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രഫസറും മേഖല പകര്‍ച്ചവ്യാധി സെല്‍ കോഡിനേറ്ററുമായ ഡോ. ജയകൃഷ്ണന്‍ ടി വ്യക്തമാക്കുന്നത്.
‘മുംബൈ, ദല്‍ഹി പോലെയുള്ള നഗരങ്ങളെ കേന്ദ്രീകരിച്ചാണ് പല സംസ്ഥാനങ്ങളിലും കൂടിയ തോതില്‍ രോഗവ്യാപനം നടക്കുന്നത്. പക്ഷെ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ അത്തരത്തിലുള്ള വ്യത്യാസമില്ല. തുടര്‍ച്ചയായി നഗരങ്ങളോ പട്ടണങ്ങളോ ആണ്. ജനങ്ങളുടെ മൊബിലിറ്റിയും വളരെ ഉയര്‍ന്ന തോതിലാണ്. ജോലിക്കും മറ്റുമായി മറ്റു ജില്ലകളിലേക്ക് വരെ ദിവസവും സഞ്ചരിക്കുന്ന നിരവധി പേരുണ്ട്. വാഹനങ്ങളുടെ എണ്ണവും അതുപോലെ തന്നെ. അതുകൊണ്ടുതന്നെ കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന് ആദ്യമേ തന്നെ കരുതിയിരുന്നു.’ ഡോ.ജയകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാരും ആരോഗ്യവകുപ്പും ചേര്‍ന്ന് ശക്തമായ രീതിയില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണനടപടികളുടെയും ഭാഗമായി തന്നെയാണ് കൊവിഡ് വ്യാപനത്തിന്റെ വേഗത കുറക്കാനായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച 149 രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലെ വിവരങ്ങളും ഡോ.ജയകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പങ്കുവെച്ചു.
‘ഈ പഠനത്തില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകം മുഴുവന്‍ കൊവിഡ് വ്യാപനം എത്രത്തോളം കുറക്കാനായി എന്ന് പ്രതിപാദിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍, പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കല്‍, ജോലി സ്ഥലങ്ങളും സ്‌കൂളുകളും അടച്ചിടുക എന്നീ നടപടികളാണ് നമ്മള്‍ നടപ്പിലാക്കിയത്. ഇതുകൊണ്ട് 15 ശതമാനമാണ് രോഗബാധ കുറക്കാനായത്. അതായത് 100 ശതമാനം രോഗവ്യാപനസാധ്യതയുണ്ടായിരുന്നെങ്കില്‍ അത് 85 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനായി. ലോകം മുഴുവന്‍ ഇതേ രീതിയില്‍ കാര്യങ്ങള്‍ സംഭവിച്ചത്. കേരളത്തിലും സമാനമായ രീതിയില്‍ തന്നെയാണ് രോഗവ്യാപനം നടന്നത്’ ഡോ.ജയകൃഷ്ണന്‍ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ വേഗത കുറക്കാനായതിലൂടെയാണ് രോഗവ്യാപനം ഏറ്റവും കൂടുതലാകുന്ന സമയമാകുമ്പോഴേക്കും ആവശ്യത്തിന് ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനത്തിന് സാധിച്ചതെന്ന് ഡോ.ജിനേഷും വിശദീകരിച്ചു. ഒപ്പം തന്നെ ചികിത്സ മേഖലയില്‍ വളരെയധികം പുരോഗതി കൈവരുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നാല്‍ ഐ.സി.യു സൗകര്യങ്ങളും ആശുപത്രി സൗകര്യങ്ങളും തികയാതെ വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പരമാവധി ജാഗ്രത പുലര്‍ത്തേണ്ട കാലമാണിതെന്ന് ഡോ. ജിനേഷ് പറഞ്ഞു.
അതേസമയം തന്നെ തുടക്കത്തില്‍ പുലര്‍ത്തിയിരുന്ന ജാഗ്രതയില്‍ നിന്നും ജനം പിന്നോട്ട് പോയെന്നും ഇത് രോഗവ്യാപനത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതിന് ഇടയാക്കിയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൊറോണ പടരാന്‍ തുടങ്ങി ഒന്‍പത് മാസം പിന്നിട്ടുകഴിഞ്ഞതിനാല്‍ ജനങ്ങളില്‍ സ്വാഭാവികമായും ചില അലംഭാവം ഉണ്ടായിട്ടുണ്ട്. കുറഞ്ഞ മരണനിരക്ക്, രോഗികളില്‍ പലരിലും പ്രകടമായ രോഗലക്ഷണം ഇല്ലാത്തത്, ഉയര്‍ന്ന രോഗമുക്തി നിരക്ക് തുടങ്ങിയ കാരണങ്ങളാല്‍ കൊവിഡിനെ അത്രയൊന്നും ഭയപ്പെടേണ്ടതില്ലെന്ന് ധാരണ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് ഇത് പ്രതിരോധമാര്‍ഗങ്ങള്‍ അവഗണിക്കാന്‍ ഇടയാക്കുന്നതായും അധികൃതര്‍ പറഞ്ഞു.
ഒരിക്കല്‍ കൊവിഡ് വന്നുകഴിഞ്ഞാല്‍ പിന്നീട് വരാനുള്ള സാധ്യത കുറവാണെന്നുള്ളത് രോഗം എത്രയും വേഗം വന്നുപോകുന്നതല്ലേ നല്ലതെന്ന ചിന്ത ചിലരിലെങ്കിലും ഉടലെടുക്കാന്‍ ഇടയാക്കിയതായും ഇത് ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വളരെ കുറവാണെങ്കിലും ഈ ജാഗ്രത സാമൂഹിക അകലം പാലിക്കുന്നതിലോ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിലോ ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
‘പണ്ടത്തെ ഒരു കഥയുണ്ടല്ലോ, ചെന്നായ് വരുന്നു ചെന്നായ് വരുന്നു എന്ന് പറഞ്ഞ അവസാനം ആളുകള്‍ ശരിക്കും ചെന്നായ് വന്നപ്പോള്‍ വിശ്വസക്കാതായത്. അതിനോട് സാമ്യമുള്ള കാര്യമാണ് നാട്ടില്‍ നടക്കുന്നത്. ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് എല്ലാവരും വലിയ ജാഗ്രതയിലായിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് വലിയ അലംഭാവമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായത്.
തികച്ചും നിസ്സാരമായാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിലവില്‍ കാണുന്നത്. നഗരങ്ങളില്‍ തിരക്ക് വര്‍ധിച്ചു. അധികൃതര്‍ അറിയാതെ നിശ്ചിത എണ്ണത്തേക്കാള്‍ കൂടിയ രീതിയില്‍ പല വീടുകളിലും ചടങ്ങുകള്‍ നടത്താന്‍ തുടങ്ങി. വിവാഹത്തിന് നൂറ് പേര്‍ക്ക് പങ്കെടുക്കാം എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ നൂറും അതിലധികവും പേര്‍ പങ്കെടുക്കുകയല്ലല്ലോ വേണ്ടത്. സ്വയം മാറിനില്‍ക്കാനുള്ള നടപടികളല്ലേ ഉണ്ടാകേണ്ടത്.’ ഡോ. ജയകൃഷ്ണന്‍ പറയുന്നു.
പ്രതിപക്ഷപ്പാര്‍ട്ടികള്‍ നടത്തിവന്നിരുന്ന സമരങ്ങള്‍ക്കെതിരെയും വ്യാപകവിമര്‍ശനമാണ് ഉയര്‍ന്നിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു നടന്ന സമരങ്ങള്‍ രോഗവ്യാപനത്തിന് കാരണമായെന്ന് കെ.കെ ശൈലജയടക്കമുള്ളവര്‍ കുറ്റപ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കോണ്‍ഗ്രസ് സമരപ്പരിപാടികള്‍ നിര്‍ത്തുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു.
തലസ്ഥാന നഗരിയില്‍ നടന്ന സമരങ്ങളടക്കമുള്ള സംഭവങ്ങള്‍ ജില്ലയില്‍ രോഗവ്യാപനം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് തിരുവനന്തപുരം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷിനു വ്യക്തമാക്കി. ‘കേരളത്തിന്റെ എല്ലാ ജില്ലകളിലും നിന്നും ജനങ്ങളെത്തുന്ന സ്ഥലമാണ് തിരുവനന്തപുരം. ഇവിടെ നടക്കുന്ന ബഹളങ്ങള്‍ എല്ലാവരും കാണുന്നുണ്ടല്ലോ. മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല.
ഇത്തരം സാഹചര്യങ്ങള്‍ തിരുവനന്തപുരത്തിന്റെ സ്ഥിതി ഗുരുതരമാക്കി. മറ്റെല്ലായിടങ്ങളിലുമെന്ന പോലെ ഓണത്തിന്റെ ക്ലസ്റ്ററുകള്‍, കല്യാണാഘോഷങ്ങളിലും മരണച്ചടങ്ങിലും രൂപപ്പെട്ട ക്ലസ്റ്ററുകള്‍ തുടങ്ങിയ സംഭവങ്ങളെല്ലാം തിരുവനന്തപുരത്ത് നടന്നിട്ടുണ്ടെങ്കിലും സമരങ്ങളടക്കമുള്ള പ്രതിഷേധപരിപാടികള്‍ തിരുവനന്തപുരത്തിന്റെ രോഗവ്യാപനം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.’ ഡോ.ഷിനു വ്യക്തമാക്കി.
എന്നാല്‍ സമരങ്ങളാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് പറയണമെങ്കില്‍ ശാസ്ത്രീയമായ രീതിയിലുള്ള വിലയിരുത്തല്‍ ആവശ്യമാണെന്നാണ് ഡോക്ടര്‍ ജയകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ആള്‍ക്കൂട്ട സമരങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം വിലയിരുത്തുന്നു.
ആള്‍ക്കാര്‍ കൂടുന്നത് കൊവിഡിന് കാരണമായേക്കാം. എന്നാല്‍ സമരങ്ങള്‍ കൊവിഡ് കൂടുന്നതിന് കാരണമായിട്ടുണ്ട് എന്ന് ഉറപ്പിക്കുന്നതിന് ശാസ്ത്രീയമായി അത് വിലയിരുത്തേണ്ടതുണ്ട്. സമരം ചെയ്തവരിലും പൊലീസുകാരിലും എത്രപേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട് എന്ന് നോക്കേണ്ടി വരും. അതേസമയം ആളുകള്‍ മുദ്രാവാക്യം വിളിച്ചും മറ്റും പോകുമ്പോഴും ഫ്രീ ആയി ഇടപെടുമ്പോഴും ഇത് പടരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല,’ ഡോ. ജയകൃഷ്ണന്‍ പറഞ്ഞു.
സമരങ്ങള്‍ മീഡിയയിലൂടെയും പത്രങ്ങളിലൂടെയും കാണുമ്പോള്‍ സാധാരണക്കാര്‍ക്ക് ഇത് വളരെ നോര്‍മല്‍ ആയ ഒരു സാഹചര്യത്തിലെത്തി എന്ന തോന്നലുണ്ടാക്കുമെന്നും ജയകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് നിയന്ത്രണങ്ങള്‍ ലംഘിക്കാനും പുറത്ത് പോകാനുമുള്ള സാധ്യതയെ വര്‍ധിപ്പിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു. സമരങ്ങള്‍ ശക്തമായ പ്രതിരോധ മാര്‍ഗങ്ങളാണെന്നിരിക്കിലും കൊവിഡ് കാലത്ത് ആളുകള്‍ കൂടാത്ത സമര മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈറസിന്റെ ജനിതകമാറ്റം ആശങ്കപ്പെടുത്തുന്നതോ ?
സെപ്തംബര്‍ 13നാണ് കേരളത്തില്‍ പടര്‍ന്നുപ്പിടിച്ചുക്കൊണ്ടിരിക്കുന്ന കൊറോണവൈറസിന് ജനിതകമാറ്റം സംഭവിക്കുന്നുണ്ടെന്ന പഠനറിപ്പോര്‍ട്ട് പുറത്തുവന്നത്. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ദല്‍ഹിയിലെ സി.എസ്.ഐ.ആര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയും ചേര്‍ന്നാണ് ജനിതകമാറ്റത്തെക്കുറിച്ച് പഠനം നടത്തിയത്. 170 സാംപിളുകളാണ് ഗവേഷണത്തിന് വിധേയമാക്കിയത്.
ഇതില്‍ ‘ഡി614ജി’ എന്ന ജനിതകമാറ്റം സംഭവിച്ച നോവല്‍ കൊറോണ വൈറസ് സ്‌ട്രെയ്‌നിന് ഇപ്പോഴുള്ളതിനേക്കാള്‍ പത്തിരിട്ടി രോഗവ്യാപനശേഷിയുണ്ടെന്ന് കണ്ടെത്തി. അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചീഫ് റിസര്‍ച്ചറും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ.ചാന്ദ്‌നി രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.
എന്നാല്‍ അതേസമയം ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ സംഭവിച്ചതിന് സമാനമായ വൈറസ് ജനിതകമാറ്റം തന്നെയാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് ഡോ.ജയകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു. ‘ഏത് വൈറസിനും ചെറുതായി മാറിക്കൊണ്ടുമാത്രമേ ജീവിക്കാന്‍ സാധിക്കൂ. ഒരു ശരീരത്തില്‍ വൈറസ് എത്തിയാല്‍ അതിന് ഈ വാഹകന്‍ മരിച്ചാല്‍ ജീവിക്കാനാകില്ല. അപ്പോള്‍ അത് സ്വയം മാറ്റങ്ങള്‍ നടത്തിയാണ് നിലനില്‍ക്കുക. ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചിരിക്കുന്ന ഈ ജനിതക മാറ്റം ലോകത്തിന്റെ എല്ലാ ഭാഗത്തും സംഭവിച്ചിട്ടിട്ടുണ്ട്.
ലോകത്തില്‍ 75 ശതമാനം സ്ഥലങ്ങളിലും എ ഗ്രൂപ്പില്‍ പെട്ട വൈറസ് തന്നെയാണ് പടര്‍ന്നുക്കൊണ്ടിരിക്കുന്നത്. വൈറസ് കൂടുതല്‍ പേരിലേക്ക് പകരനായി മൈല്‍ഡ് ഫോമിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ സംഭവിച്ചിട്ടുള്ളത് ഭയപ്പെടേണ്ട വൈറസ് ജനിതകമാറ്റമല്ലെന്ന് തന്നെ പറയാം.’ ഡോ.ജയകൃഷ്ണന്‍ പറഞ്ഞു.
അതേസമയം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ നിന്ന് വിഭിന്നമായി, രോഗവ്യാപന ശേഷി കൂടുതലുള്ളതും അപകടസാധ്യത കുറഞ്ഞതുമായ ജനിതകവ്യതിയാനമാണ് കേരളത്തില്‍ സംഭവിച്ചിട്ടുള്ളത് എന്നതിനാല്‍ രോഗവ്യാപനം തടയാന്‍ ബ്രേക്ക് ദ ചെയ്ന്‍ പ്രോഗ്രാമുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ഡോ. ജിനേഷ് ചൂണ്ടിക്കാണിച്ചു.
കൊവിഡ് പ്രതിരോധം; ഇനിയെന്ത് ?
ഒക്ടോബര്‍ മാസത്തോടെ കേരളത്തില്‍ രോഗവ്യാപനം അതിന്റെ ഏറ്റവും കൂടിയ തോതിലെത്തുമെന്നാണ് നിലവിലെ കണക്കുക്കൂട്ടലുകള്‍. 10,000-20,000 വരെ പ്രതിദിന രോഗികളുണ്ടാകുമെന്ന് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ആരോഗ്യവിദഗ്ധരും ശരിവെക്കുന്നു. ഉയര്‍ന്ന തോതിലെത്തിയ ശേഷമായിരിക്കും രോഗവ്യാപനത്തിന്റെ തീവ്രത കുറയുകയെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവിലെ സ്ഥിതിയില്‍ ആശങ്കയില്ലെന്നും ആരോഗ്യരംഗം സജ്ജമാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ‘ആശങ്കപ്പെടേണ്ട സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. ആരോഗ്യരംഗം എല്ലാ തരത്തിലും മെച്ചപ്പെട്ടതാണ്. ഐ.സി.യു, വെന്റിലേറ്ററുകള്‍, കിടക്കകള്‍ എല്ലാം തയ്യാറാണ്. ഇനിയും രോഗികള്‍ വന്നാല്‍ ചികിത്സിക്കാനുള്ള സംവിധാനമുണ്ട്.’
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരത്ത് പ്രതിദിന രോഗബാധ 1500ലെത്തുമെന്ന് കണക്കാക്കിയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനു അറിയിച്ചു. ഐ.സി.യു-കാറ്റഗറി-ബി ബെഡുകള്‍ ആവശ്യത്തിന് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ സംഭവിച്ചതിന് സമാനമായ രീതിയില്‍ തന്നെയാണ് കേരളത്തില്‍ കൊവിഡ് വ്യാപിച്ചുക്കൊണ്ടിരിക്കുന്നതെന്നും ജാഗ്രതയോടെ മുന്നോട്ടുപോകുക മാത്രമാണ് മുന്നിലുള്ള ഏക മാര്‍ഗമെന്നും ഡോ.ജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘കേരളത്തേതിന് സമാനമായ രീതിയിലാണ് ലോകത്തിന്റെ എല്ലായിടത്തും കൊറോണയുടെ വ്യാപനം നടന്നത്. അതുകൊണ്ടുതന്നെ കൊറോണ പെട്ടെന്ന് അടങ്ങാനുള്ള സാധ്യതയില്ല. ഇത് കൂടികൂടി വരികയും പിന്നീട് കുറയുകയുമാണ് ചെയ്യുക. ആ ഒരു പ്രക്രിയയുടെ വേഗത കുറച്ചുക്കൊണ്ട് വരികയെന്നല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും നമ്മുടെ മുന്‍പിലില്ല. കുറഞ്ഞത് ആറ് മാസത്തേക്ക്് മറ്റ് പരിഹാരങ്ങളൊന്നും കാണാനാകുകയുമില്ല.
ഇന്തോനേഷ്യ, സിംഗപ്പൂര്‍, ഹോങ്കോംഗ്, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം പരിശോധിച്ചാല്‍ കൊറോണ വൈറസ് വ്യാപിക്കുകയും ഏറ്റവും ഉയര്‍ന്ന പോയിന്റിലെത്തിയ ശേഷം പിന്നീട് ഈ വ്യാപനം കുറയുന്നതുമായാണ് കാണാന്‍ സാധിക്കുക. മൂന്ന് ആഴ്ചയെങ്കിലും രോഗവ്യാപനതോത് കുറഞ്ഞുതന്നെ ഇരുന്നാലേ കുറയുകയാണെന്ന് ഉറപ്പിക്കാനും സാധിക്കൂ.’ ഡോ.ജയകൃഷ്ണന്‍ വിശദീകരിച്ചു.
രോഗവ്യാപനത്തിന്റെ തീവ്രത ഏറ്റവും ഉയര്‍ന്ന തോതിലെത്തുന്ന ഇനിയുള്ള മാസങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഡോ.ജിനേഷ് വ്യക്തമാക്കി. കൊവിഡിനെതിരെ ഇനി പൊതുജനങ്ങളും ആരോഗ്യരംഗവും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
‘മുന്‍പ് ഒരു മാസം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരുന്ന അത്ര കേസുകളാണ് ഇപ്പോള്‍ ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതുപോലെ തന്നെ മരണസംഖ്യയിലും വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സമൂഹമെന്ന നിലയില്‍ പരമാവധി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഏറ്റവും പ്രധാനമായി പ്രാഥമിക പാഠങ്ങള്‍ മറക്കാതിരിക്കുക. മാസ്‌ക് ഉപയോഗം, രണ്ടു മീറ്റര്‍ കൂടുതല്‍ ശാരീരിക അകലം, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം എന്നിവ എപ്പോഴും ഓര്‍ക്കുക. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണം.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയുള്ള സമരങ്ങള്‍ വലിയ അപകടമാണ്. പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്, പക്ഷേ അതിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണം. രോഗവ്യാപനം കൂട്ടുന്ന തരത്തിലുള്ള, കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ടുള്ള പ്രത്യക്ഷ സമരങ്ങള്‍ ഒഴിവാക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. രോഗികളുടെ എണ്ണം കൂടി വരുമ്പോള്‍ കോണ്‍ടാക്ട് ട്രെയ്‌സിങ് പോലെയുള്ള കാര്യങ്ങള്‍ പ്രായോഗികമായി ബുദ്ധിമുട്ടാവും.
നമ്മളുമായി ഇടപഴകിയ ആള്‍ക്കാര്‍ കോവിഡ് പോസിറ്റീവ് ആയാല്‍ ആരോഗ്യ വകുപ്പിന്റെ അറിയിപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ പോലും നമ്മള്‍ ക്വാറന്റൈന്‍ സ്വീകരിക്കാന്‍ തയ്യാറാവുക. രോഗലക്ഷണങ്ങള്‍ ആരംഭിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടാനും പരിശോധന നടത്താനും ശ്രമിക്കണം. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ ഗുരുതരാവസ്ഥയില്‍ അല്ലെങ്കില്‍, വീടുകളില്‍ സൗകര്യങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ തന്നെ തുടര്‍ന്നുകൊണ്ട് ചികിത്സ സ്വീകരിക്കുന്ന രീതി സ്വീകരിക്കേണ്ടി വരും. വീടുകളില്‍ സൗകര്യങ്ങളില്ലാത്തവരും ഗുരുതരാവസ്ഥയില്‍ ഉള്ളവരും ആശുപത്രി/സി.എഫ്.എല്‍.ടി.സി സംവിധാനങ്ങള്‍ ഉപയോഗിക്കണം.
കൊവിഡ് രോഗമുക്തി നേടിയവരുടെ ആരോഗ്യ പ്രശ്‌നങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡ് മുക്തമായി ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ക്ക് ഒന്നോ രണ്ടോ ആഴ്ചകള്‍ക്കിടയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ എവിടെയാണ് ചികിത്സ തേടേണ്ടത് എന്നത് അടക്കമുള്ള കാര്യങ്ങളില്‍ കൃത്യമായ ഗൈഡ്‌ലൈന്‍സ് വരേണ്ടതുണ്ട്.
കൊവിഡ് രോഗികളോട് സമൂഹത്തില്‍ ഇപ്പോഴും സ്റ്റിഗ്മ നിലനില്‍ക്കുന്നുണ്ട്. അതു മൂലം പലപ്പോഴും ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. എമര്‍ജന്‍സിയായി ചികിത്സ അല്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ട സാഹചര്യങ്ങളില്‍ ചില ആശുപത്രികള്‍ എങ്കിലും പി.സി.ആര്‍ പരിശോധനാഫലം നിര്‍ബന്ധം പിടിക്കുന്ന പ്രവണത അവസാനിപ്പിക്കണം. വൈകാതെ തന്നെ ഫലം ലഭിക്കുന്ന സ്‌ക്രീനിങ് ടെസ്റ്റുകള്‍ ചെയ്ത്, മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ട് തന്നെ ചികിത്സയോ ശസ്ത്രക്രിയയോ ചെയ്യാന്‍ സാധിക്കുന്ന അവസ്ഥ സംജാതമാകണം. ഇതിനൊക്കെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള ഗൈഡ് ലൈന്‍സ് പുറത്തു വരേണ്ടതുണ്ട്.
കൊവിഡ് ചികിത്സയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുള്ള കാര്യമാണ് കൊവിഡ് ഇതര രോഗങ്ങള്‍ക്കുള്ള ചികിത്സയും. പ്രധാനപ്പെട്ട പല ആശുപത്രികളും കൊവിഡ് ആശുപത്രികള്‍ ആയി മാറിക്കഴിഞ്ഞു. കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാവരുത് എന്നതുകൂടി പ്രത്യേകം. ശ്രദ്ധിക്കണം. കേരളത്തിന് പുറത്ത് പല സ്ഥലങ്ങളിലും ഇങ്ങനെയൊരു ബുദ്ധിമുട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായി.’
നിലവിലെ സ്ഥിതി പരിഗണിച്ചുക്കൊണ്ട് കൊവിഡ് പരിശോധനകള്‍ വികേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഡോ.ജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ‘ടെസ്റ്റുകള്‍ നടത്തുന്നത് വികേന്ദ്രീകരിക്കണം. നിലവില്‍ ഒരു പ്രദേശത്തെ ടെസ്റ്റുകള്‍ ചില പ്രധാന കേന്ദ്രങ്ങളിലാണ് നടക്കുന്നത്. അതായത് കോഴിക്കോട് ജില്ലയിലാണെങ്കില്‍ വടകര, കുറ്റ്യാടി, താമരശ്ശേരി തുടങ്ങിയ പ്രധാന പ്രദേശങ്ങളിലാണ് പരിശോധനകേന്ദ്രങ്ങള്‍. പരിസരപ്രദേശങ്ങളില്‍നിന്നുള്ള രോഗമുള്ളവരും ഇല്ലാത്തവരുമായ എല്ലാവരും ഇത്തരത്തിലുള്ള കേന്ദ്രങ്ങളിലാണ് എത്തുന്നത്. ഇവിടെ നിന്നും രോഗം പകരാനുള്ള സാധ്യതകളുണ്ട്. ആരോഗ്യസംവിധാനത്തിലെ സെക്കണ്ടറി തലമായ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ പരിശോധനക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം.’
മറ്റു രോഗങ്ങളുള്ളവരും വയസ്സായവരും വീടുകളില്‍ തന്നെ കഴിയുന്ന റിവേഴ്‌സ് ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ടെന്ന് ഡോ.ഇക്ബാലും ചൂണ്ടിക്കാട്ടി.
തീവ്ര വ്യാപനം കണക്കിലെടുത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.ഐ.എം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോക്ക്ഡൗണോ അടിയന്തരാവസ്ഥയോ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിലവിലെ പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.കൊവിഡ് വ്യാപനനിയന്ത്രണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗവും ഇതേ നിര്‍ദേശമായിരുന്നു മുന്നോട്ടുവെച്ചത്.
ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ കേരളത്തേക്കാള്‍ വളരെയധികം ആശുപത്രി സൗകര്യങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ പോലും പതിനായിരക്കണക്കിന് മരണങ്ങള്‍ സൃഷ്ടിച്ച അസുഖമാണ് കൊവിഡ്. ആശുപത്രി സൗകര്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതില്‍ കൂടുതല്‍ രോഗികള്‍ ഒരേസമയം ഗുരുതരാവസ്ഥയില്‍ എത്തിയതായിരുന്നു അവിടങ്ങളില്‍ മരണസംഖ്യ ഉയരാന്‍ കാരണം. അതിനാല്‍ സര്‍ക്കാര്‍ നടപടികള്‍ക്കൊപ്പം തന്നെ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും കൃത്യമായ സഹകരണം കൂടിയുണ്ടായാലേ രോഗത്തെ പ്രതിരോധിക്കാനാകൂ എന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Detailed report on present condition of Covid 19 in Kerala