| Sunday, 4th July 2021, 7:40 am

സ്ത്രീധനക്കൊല; 212 മരണങ്ങള്‍, പ്രതികളാര് | Special Report

ഷഫീഖ് താമരശ്ശേരി

കോഴിക്കോട് മാവൂരിലെ കൂലിപ്പണിക്കാരനായ അഹമ്മദ് ഓരോ ദിവസവും തന്റെ വിയര്‍പ്പിന്റെ കൂലിയില്‍ നിന്ന് പെണ്‍മക്കളുടെ വിവാഹത്തിനായി നിശ്ചിത തുക മാറ്റി വെച്ചാണ് ജീവിച്ചത്. ജീവിതാധ്വാനത്തിന്റെ മുഴുവന്‍ സമ്പാദ്യവും കൂട്ടിവെച്ചും പലയിടങ്ങളില്‍ നിന്നായി കഴിയാവുന്നത്രയും കടം വാങ്ങിയും ലോണെടുത്തുമാണ് അഹമ്മദ് മൂത്ത മകള്‍ ഫസീലയുടെ വിവാഹം നടത്തിയത്. 20 പവന്‍ സ്വര്‍ണം സ്ത്രീധനമായി ഫസീലയുടെ ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫസീലയുടെ ഭര്‍ത്താവ് ജൈസലും വീട്ടുകാരും 5 പവന്‍ കൂടി അധികം സ്വര്‍ണം സ്ത്രീധനമായി വേണമെന്നാവശ്യപ്പെട്ട് തുടങ്ങി.

വിവാഹച്ചിലവുകള്‍ ഉണ്ടാക്കിയ കഠിനമായ സാമ്പത്തിക ബാധ്യതകള്‍ കാരണം ഇനിയും സ്വര്‍ണം നല്‍കാന്‍ സാധിക്കില്ലെന്ന് അഹമ്മദും കുടുംബവും അറിയിച്ചതില്‍ പിന്നെ ഭര്‍തൃവീട്ടില്‍ ഫസീലയ്ക്ക് നരകസമാനമായ ദിവസങ്ങളായിരുന്നു. ക്രൂരമായ പീഡനങ്ങള്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നുമേല്‍ക്കേണ്ടി വന്നു. ഗര്‍ഭിണിയായിരിക്കെ ഭക്ഷണം പോലും നിഷേധിക്കപ്പെട്ടു. ഭീഷണിക്ക് മുന്നില്‍ വഴങ്ങി ആരോടും ഒന്നും പറയാനാകാതെ കഴിഞ്ഞുകൂടേണ്ടി വന്ന ദിനങ്ങള്‍.

ഇതിനിടയില്‍ ഫസീലയുടെ ഗര്‍ഭത്തിനുത്തരവാദി താനല്ല എന്നാരോപിച്ച് ജൈസല്‍ വലിയ ബഹളങ്ങളുണ്ടാക്കുകയും ബന്ധുക്കള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ഫസീലയെ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ‘മറ്റാരുടെയോ ഗര്‍ഭം ധരിച്ച ഒരുവളെ തനിക്ക് വേണ്ട’ എന്നുപറഞ്ഞ് വിവാഹത്തിന്റെ മുപ്പത്തിയെട്ടാം ദിവസം തന്നെ മുത്തലാഖ് ചൊല്ലി ജൈസല്‍ ഫസീലയുമായുള്ള ബന്ധം വേര്‍പെടുത്തുകയും ചെയ്തു.

വിവാഹത്തിന്റെ ആദ്യനാളുകളിലേറ്റ ക്രൂരമായ പീഡനങ്ങളുടെ പ്രഹരവും പേറി സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടി വന്ന ഫസീലയ്ക്ക് ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന വെച്ചുള്ള ചോദ്യങ്ങള്‍ക്കും അടക്കം പറച്ചിലുകള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഗര്‍ഭം അലസിപ്പിക്കാന്‍ വേണ്ടി ജൈസലിന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും ഫസീല അതിന് തയ്യാറായില്ല. ഒടുവില്‍ ഇരട്ടക്കുട്ടികളെ പ്രസവിച്ച ഫസീല തന്റെ കുട്ടികളുടെ പിതാവ് ജൈസല്‍ തന്നെയാണെന്ന് ഡി.എന്‍.എ ടെസ്റ്റിലൂടെ തെളിയിച്ചെങ്കിലും അതിനകം ജൈസല്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുകഴിഞ്ഞിരുന്നു.

പ്രതീകാത്മക ചിത്രം

ചെറുപ്രായത്തില്‍ തന്നെ വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാകേണ്ടി വന്ന ഫസീല കടുത്ത മാനസിക സംഘര്‍ഷങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിച്ചുകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. കുട്ടികളെ വളര്‍ത്തുന്നതിനുള്ള ചിലവിലേക്കും തനിക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയ്ക്കുമായി ഇന്ന് കോടതി കയറിയിറങ്ങുകയാണ് ഫസീല. താന്‍ ജന്മം നല്‍കിയ കുട്ടികളെ ഓര്‍ക്കുന്നതുകൊണ്ട് മാത്രമാണ് ആത്മഹത്യയ്ക്ക് മുതിരാത്തതെന്നും ജീവിതം ഇനിയെങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയില്ല എന്നുമാണ് ഫസീല പറയുന്നത്. വിവാഹത്തിലൂടെ ലഭിക്കുന്ന പണത്തിലായിരുന്നു ജൈസലിന്റെ കണ്ണ് എന്നതിനാലാണ് ഇത്രയും ദുരിതം തനിക്കേല്‍ക്കേണ്ടി വന്നതെന്നും ഫസീല പറയുന്നു. (പേരുകള്‍ യഥാര്‍ത്ഥമല്ല)

സ്ത്രീധനം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്നുണ്ടായ മരണങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകളില്‍ ഇടംപിടിച്ചത് വഴിയാണ് കേരളത്തിലിപ്പോള്‍ സ്്ത്രീധനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

2021 ജൂണ്‍ 21 നാണ് കൊല്ലം ശാസ്താംകോട്ടയില്‍ 24കാരിയായ വിസ്മയയെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അതിക്രൂരമായി മര്‍ദിച്ചതിന്റെയും വിസ്മയയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിന്റെയും വാര്‍ത്തകള്‍ പുറത്തുവന്നത്. വിസ്മയയുടെ കുടുബം പറയുന്നത് പ്രകാരം അവര്‍ വിവാഹ സമയത്ത് നൂറ് പവന്‍ സ്വര്‍ണവും 1.20 ഏക്കര്‍ ഭൂമിയും ഒരു കാറുമെല്ലാം സ്ത്രീധനമായി കിരണ്‍ കുമാറിന് നല്‍കിയിരുന്നു.

എന്നാല്‍ ഈ കാറില്‍ തൃപ്തനല്ലാത്തതിനാലാണ് കിരണ്‍ കുമാര്‍ വിസ്മയയെ ക്രൂരമായ പീഡനങ്ങള്‍ക്കിരയതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. വിസ്മയ ആത്മഹത്യ ചെയ്തതല്ല എന്നും അവളെ കൊലപ്പെടുത്തിയതാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

വിസ്മയയും കിരണ്‍ കുമാറും

മുഖത്ത് ചവിട്ടേറ്റതിന്റെയും ക്രൂരമായി മര്‍ദിക്കപ്പെട്ടതിന്റെയും തെളിവുകള്‍ സഹിതം താനനുഭവിച്ച പീഡനങ്ങളെക്കുറിച്ച് മരിക്കുന്നതിന് മുമ്പ് വിസ്മയ തന്റെ പ്രിയപ്പെട്ടവര്‍ക്കയച്ച സന്ദേശങ്ങള്‍ കണ്ട് പൊതുസമൂഹം ഞെട്ടിത്തരിച്ച് നില്‍ക്കുമ്പോഴാണ് തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് നിന്നും ആലപ്പുഴയിലെ വള്ളിക്കുന്നത്ത് നിന്നുമെല്ലാം സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

24 കാരിയായ അര്‍ച്ചനയെ വിഴിഞ്ഞത്തെ വാടകവീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെങ്കില്‍ വള്ളിക്കുന്നത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയിലാണ് 19 കാരിയായ സുചിത്രയെ കാണപ്പെട്ടത്. പത്തനംതിട്ടയിലെ അഞ്ചലില്‍ സൂരജ് എന്ന യുവാവ് സ്ത്രീധനമായി കിട്ടാവുന്നത്ര പണവും സ്വത്തുക്കളും നേടിയെടുത്ത ശേഷം ഇനിയൊന്നും കിട്ടാനില്ലെന്നുവന്നപ്പോള്‍ ഭാര്യ ഉത്രയെ വിഷപ്പാമ്പിനെ വാടകയ്‌ക്കെടുത്ത് കടിപ്പിച്ചുകൊന്ന സംഭവം ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

അര്‍ച്ചന, സുചിത്ര എന്നിവര്‍

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ വെച്ച് പ്രിയങ്ക എന്ന യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ചലചിത്ര പ്രവര്‍ത്തകനും അന്തരിച്ച സിനിമാതാരം രാജന്‍ പി. ദേവിന്റെ മകനുമായ ഉണ്ണിയെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിസ്മയ, അര്‍ച്ചന, സുചിത്ര എന്നിവരുടെ മരണത്തെത്തുടര്‍ന്ന് സ്ത്രീധനം സൃഷ്ടിക്കുന്ന സാമൂഹ്യദുരന്തങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെ സമീപകാല കേരളത്തില്‍ നടന്ന ഇത്തരത്തിലുള്ള നിരവധി ആത്മഹത്യകള്‍ക്കും കൊലപാതങ്ങള്‍ക്കും പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍

ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം കഴിഞ്ഞ 13 വര്‍ഷത്തിനിടെ സ്ത്രീധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നുള്ള 212 മരണങ്ങളാണ് കേരള പൊലീസ് റെക്കോര്‍ഡ് ചെയ്തത്. പൊലീസിന്റെ ക്രൈം റെക്കോര്‍ഡുകള്‍ പ്രകാരം സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ നടന്നത് 66 സ്ത്രീപീഡന മരണങ്ങളാണ്. 2016ല്‍ 25 പേരും 2017ല്‍ 12 ഉം 2018 ല്‍ 17 ഉം 2019 ലും 2020 ലും ആറ് വീതം പേരും മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. അതേസമയം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ത്രീ പീഡന കേസുകളുടെ എണ്ണം പതിനയ്യായിരത്തിലധികമാണ്. 2021 വര്‍ഷത്തില്‍ ആദ്യ നാല് മാസത്തിനുള്ളില്‍ മാത്രം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രതികളായ 1080 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

കേരള പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2016 ജനുവരി മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 74679 കേസുകളാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2016 ല്‍ 15114, 2017 ല്‍ 14263, 2018 ല്‍ 13643, 2019 ല്‍ 14293, 2020ല്‍ 12659 2021 ഏപ്രില്‍ വരെ 4707 എന്നിങ്ങനെയാണത്. ഇതിലേറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഭര്‍ത്താക്കന്മാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള പീഡനങ്ങളാണ്.

ഗാര്‍ഹിക പീഡനം, ഭര്‍തൃപീഡനം, സ്ത്രീധന പീഡനം, സ്ത്രീപീഡനം എന്നിങ്ങനെ വ്യത്യസ്ത തരങ്ങളിലായി വനിതാ കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഏറ്റവുമധികം കേസുകളുള്ളത് സ്ത്രീധന പീഡനം എന്ന വിഭാഗത്തിലാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട 1096  കേസുകളാണ് 2010 ജനുവരി മുതല്‍ 2021 ജൂണ്‍ 23 വരെ വനിതാ കമ്മീഷനില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

8241 സ്ത്രീപീഡന കേസുകളും 7775 ഗാര്‍ഹിക പീഡന കേസുകളും 495 ഭര്‍തൃപീഡന കേസുകളും ഇക്കാലയളവില്‍ വനിതാ കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വനിതാ കമ്മീഷനിലെ റെക്കോര്‍ഡുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത് തെക്കന്‍ ജില്ലകളിലും ഏറ്റവും കുറവ് വടക്കന്‍ ജില്ലകളിലുമാണ്. കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ അതിക്രമങ്ങളിലും ഒന്നാം സ്ഥാനത്തുള്ളത് തിരുവനന്തപുരം ജില്ലയാണ്. ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വയനാട് ജില്ലയിലും തൊട്ടു പിറകില്‍ കാസര്‍ഗോഡ് ജില്ലയുമാണ്.


കേന്ദ്ര വനിതാ ശിശുവികസന വകുപ്പും രാജഗിരി കോളേജും നടത്തിയ സര്‍വേ പ്രകാരം കേരളത്തില്‍ ഏറ്റവുമധികം സ്ത്രീധന പീഡനം നേരിടുന്നത് 20 നും 40 നും ഇടയില്‍ പ്രായമുള്ള ഭൂരിഭാഗവും മധ്യവര്‍ഗ ഉന്നത മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ്. ഭര്‍ത്താവിന്റെ വരുമാനത്തെ മാത്രം ആശ്രയിക്കേണ്ടി വരുന്നതാണ് പലപ്പോഴും സ്ത്രീകളെ നിശബ്ദരാക്കുന്നതെന്നും സ്ത്രീധന പീഡനം നേരിടുന്നവരില്‍ 78 ശതമാനവും തൊഴില്‍ രഹിതരായ ഭാര്യമാരാണെന്നും പഠനത്തില്‍ പറയുന്നു. ലോക്ഡൗണ്‍ സമയത്ത് കേരളത്തില്‍ നടത്തിയ സര്‍വേയിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കണ്ടെത്തിയതെന്നും പഠനത്തിലുണ്ട്.  

കടപ്പാട്: കേന്ദ്ര വനിതാ ശിശുവികസന വകുപ്പും രാജഗിരി കോളേജും നടത്തിയ സര്‍വേ

എത്രയെത്ര കൊലപാതകങ്ങള്‍

കിണറ്റില്‍ വീണ് മരിച്ചു, തീ പൊള്ളലേറ്റ് മരിച്ചു, ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ചു, ഷോക്കേറ്റ് മരിച്ചു എന്നിങ്ങനെ വീടുകള്‍ക്കത്ത് വെച്ച് സ്ത്രീകള്‍ അപകടങ്ങളില്‍ മരണപ്പെടുന്നതിന്റെ നിരവധി വാര്‍ത്തകള്‍ നാം കാണാറുണ്ട്. ഇത്തരം വാര്‍ത്തകളുടെയെല്ലാം സത്യാവസ്ഥകള്‍ അന്വേഷിച്ചു പോയാല്‍ പുറംലോകമറിയാതെ കിടക്കുന്ന, സ്ത്രീധന പീഡനങ്ങളുമായി ബന്ധപ്പെട്ട ക്രൂരമായ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകുമെന്നാണ് സ്ത്രീ വിമോചക പ്രവര്‍ത്തകയും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സാമൂഹിക കൂട്ടായ്മയായ ‘അന്വേഷി’യുടെ സ്ഥാപകയുമായ കെ. അജിതയ്ക്ക് പറയാനുള്ളത്.

എഴുപതുകള്‍ മുതല്‍ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കെ. അജിത എണ്‍പതുകളോടെ സ്ത്രീവിമോചന രംഗത്ത് സവിശേഷമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തിനിടെ നൂറുകണക്കിന് സ്ത്രീകളുടെ പ്രശ്നങ്ങളില്‍ നേരിട്ടും അല്ലാതെയുമായി കെ. അജിത ഇടപെട്ടിട്ടുണ്ട്. വനിതകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ താന്‍ ഇടപെട്ട ബഹുഭൂരിപക്ഷം കേസുകളിലും സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളുണ്ടായിരുന്നുവെന്നാണ് കെ. അജിത പറയുന്നത്.

കെ. അജിത, ഫോട്ടോ: കണ്ണന്‍ ഷണ്‍മുഖം

‘ഒരിക്കല്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഒരു വീട്ടമ്മയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൊലീസ് മൊഴിയെടുക്കാനെത്തുന്നതിന് മുമ്പ് ഭര്‍തൃവീട്ടുകാര്‍ യുവതിയെ ഭീഷണിപ്പെടുത്തിയതിനാല്‍ അപകടം സംഭവിച്ചതാണെന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞത്. യുവതി അധികം വൈകാതെ മരണത്തിന് കീഴടങ്ങിയെങ്കിലും ജീവന്‍ നഷ്ടപ്പെടും മുമ്പ് സത്യാവസ്ഥകള്‍ തന്റെ സഹോദരനോട് പറഞ്ഞിരുന്നു. സഹോദരന്‍ ഞങ്ങളെ ബന്ധപ്പെട്ടതിനാല്‍ നിയമസഹായവും മറ്റ് പിന്തുണയും നല്‍കാനായി. പിന്നീട് കേസില്‍ തുടരന്വേഷണം നടക്കുകയും കൊലപാതകമാണെന്ന് കണ്ടെത്തി ഭര്‍തൃവീട്ടുകാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇത് പെട്ടെന്നോര്‍മ വന്ന ഒരു സംഭവം മാത്രമാണ്. സമാനമായ രീതിയിലുള്ള ഒരുപാട് സംഭവങ്ങളില്‍ ജീവിതത്തില്‍ ഇടപെടേണ്ടി വന്നിട്ടുണ്ട്”. കെ. അജിത പറയുന്നു.

സ്ത്രീധന നിരോധന നിയമത്തിനെന്ത് സംഭവിച്ചു?

1961 ലാണ് ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വരുന്നത്. വിവാഹത്തിന്റെ ഭാഗമായി പണമോ, സ്വത്തോ, മറ്റെന്തെങ്കിലും വസ്തുവകകളോ ഇരുകൂട്ടര്‍ക്കിടയില്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നത് നിയമപരമായി ഗൗരവ കുറ്റകൃത്യമാണ്. 1984 ല്‍ വീണ്ടും സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷയോ 15000 രൂപ പിഴയോ ലഭിക്കാം. ജാമ്യവും ലഭിക്കില്ല.

നിയമം നടപ്പില്‍ വന്നിട്ട് 6 പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. പക്ഷേ ദിനംപ്രതി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനായി 1985ല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 498(എ) എന്ന വകുപ്പുകൂടി കൊണ്ടുവന്നിരുന്നു. വീടുകളില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പീഡനങ്ങള്‍ തടയാനുള്ള ഗാര്‍ഹിക പീഡന നിരോധനനിയമവും രാജ്യത്ത് ശക്തമാണ്. കര്‍ശനമായ ഈ നിയമങ്ങളെല്ലാം കേവലം നോക്കുകുത്തി മാത്രമാണ് എന്നാണ് കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യമാവുക.

സ്ത്രീധന നിരോധന നിയനം ലംഘിക്കപ്പെടാതിരിക്കാന്‍ ഓരോ കുടുംബങ്ങളും സ്വയം മുന്നോട്ടുവരണമെന്നാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സി.എസ്. ചന്ദ്രിക പറയുന്നത്.

സി.എസ്. ചന്ദ്രിക

‘രാജ്യത്ത് ഒരു സ്ത്രീ നിയമമുണ്ടായത് വെറുതെയാവരുത്. സ്ത്രീധനത്തിന്റെ പേരില്‍ അനേകം പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ വേദനിച്ചും പ്രതിഷേധിച്ചും പ്രതികരിച്ചുകൊണ്ട് പുറത്തിറങ്ങിയ വിപ്ലവകാരികളായ സ്ത്രീകളും സ്ത്രീ സംഘടനകളും രാജ്യവ്യാപകമായി വളര്‍ത്തിക്കൊണ്ടുവന്ന വലിയ പ്രക്ഷോഭങ്ങളുടെയും നിയമപരമായ ആവശ്യങ്ങളുടെയും ഫലമായി ഉണ്ടായതാണ് ഈ നിയമം”. സി.എസ്. ചന്ദ്രിക പറയുന്നു.

നിയമപാലക സംവിധാനത്തിന്റെ പുരുഷാധിപത്യപരമായ മനോഭാവവും സ്ത്രീനിയമങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോകുന്നതിന് കാരണമാകുന്നുവെന്നാണ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തക പി. വിജി പറയുന്നത്.

പി. വിജി, ഫോട്ടോ: ആകാശ് എസ്.എസ്‌

‘സ്ത്രീകള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് സ്ത്രീധനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നവരുന്നത് എന്നത് അങ്ങേയറ്റം സങ്കടകരമായ കാര്യമാണ്. ചോറിനും പേറിനും വേണ്ടിയാണ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചു കൊടുന്നത് എന്ന് കരുതുന്നവരാണ് സമൂഹത്തില്‍ മിക്കവരും. ഞങ്ങളുടെ മകള്‍ക്കിത്ര കൊടുത്തു എന്ന് പരസ്യമായി പറഞ്ഞ് വീമ്പിളക്കുന്നുവരുമുണ്ട്. വിവാഹമല്ല സാമ്പത്തികവും സാമൂഹികവുമായ സ്വയം പര്യാപ്തതയായിരിക്കണം ലക്ഷ്യമെന്ന് വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നതിലൂടെ മാത്രമേ ഈ സാഹര്യങ്ങള്‍ക്ക് മാറ്റമുണ്ടാവുകയുള്ളൂ.” പി. വിജി പറയുന്നു.

വനിത കമ്മീഷന്‍ പരാജയമോ?

കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക നില മെച്ചപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്കെതിരായി നടന്നുവരുന്ന കുറ്റകൃത്യങ്ങളെ തടയുന്നതിനും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ദേശീയ വനിതാ കമ്മീഷന്റെ മാതൃകയില്‍ 1996 മാര്‍ച്ച് 3 ന് കേരള വനിത കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്. എന്നാല്‍ നൂറുകണക്കിന് കേസുകളാണ് വനിത കമ്മീഷനില്‍ പരിഹരിക്കപ്പെടാതെ കെട്ടിക്കിടക്കുന്നത്. കമ്മീഷന് മുന്നിലെത്തുന്ന പരാതികളിലെ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പകരം പലപ്പോഴും ഒത്തുതീര്‍പ്പുകളിലേക്ക് പോവുകയാണെന്നും വനിത കമ്മീഷന് നേരെ ആരോപണങ്ങളുണ്ട്.

”പല കേസുകളിലും ഞങ്ങള്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തയ്യാറായി നില്‍ക്കുന്ന ഘട്ടത്തിലായിരിക്കും പാരാതിക്കാരിയോ അല്ലെങ്കില്‍ അവരുടെ ബന്ധുക്കളോ വിഷയത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ മതിയെന്നും അല്ലങ്കില്‍ പെണ്‍കുട്ടിയുടെ ജീവിതം തകരുമെന്നും പറഞ്ഞ് ഞങ്ങള്‍ക്ക് മുന്നിലെത്തുക. മാനുഷിക പരിഗണയുടെ അടിസ്ഥാനത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അതിനെ കൃത്യവിലോപമായി കണക്കാക്കാനാവില്ല”. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വനിതാ കമ്മീഷന്‍ അംഗത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

മനോരമ ന്യൂസ് ചാനലിന്റെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ വനിത കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈനോട് പരാതി പറയാനായി വിളിച്ച എറണാകുളം സ്വദേശിനിയായ ഒരു വനിതയ്ക്ക് നേരെ എം.സി. ജോസഫൈന്‍ കയര്‍ത്തു സംസാരിച്ചത് നവമാധ്യമങ്ങളില്‍ വലിയ വിവാദമായിരുന്നു. എം.സി. ജോസഫൈന് നേരെ ശക്തമായ പ്രതിഷേങ്ങള്‍ ഉയര്‍ന്നുവരികയും ഒടുവില്‍ സര്‍ക്കാറിന് അവരെ സ്ഥാനത്ത് നിന്നും നീക്കേണ്ടി വരികയും ചെയ്തു.

വനിതാ കമ്മീഷനില്‍ പരാതികളുമായെത്തുന്ന സ്ത്രീകള്‍ക്ക് കാലങ്ങളായി ഇത്തരത്തിലുള്ള മോശം അനുഭവങ്ങളാണുള്ളതെന്നും ഇത്തവണ അത് ഒരു ചാനല്‍ പരിപാടിക്കിടെ സംഭവിച്ചതുകൊണ്ട് മാത്രമാണ് വിഷയം ചര്‍ച്ചയായതെന്നുമാണ് ഗവേഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ അശ്വതി സേനന്‍ പറയുന്നത്. ഒരു അടച്ചിട്ട മുറിയില്‍ തെളിവെടുപ്പ് നടക്കവെ വനിത കമ്മീഷന്‍ അധ്യക്ഷ ഇതുപോലെ മോശമായി പെരുമാറിയെന്ന് ഒരു പരാതിക്കാരി പറഞ്ഞിരുന്നുവെങ്കില്‍ അവരെ മുഖവിലയ്ക്കെടുത്ത് നീതിക്കായി വാദിക്കാന്‍ എത്ര പേര്‍ തയ്യാറാകുമെന്നും അശ്വതി സേനന്‍ ചോദിക്കുന്നു.

അശ്വതി സേനന്‍

‘വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നീതി ഉറപ്പുവരുത്താനുമുള്ള പരമോന്നത സ്ഥാപനമായാണ് വനിത കമ്മീഷനെ നമ്മള്‍ കണക്കാക്കുന്നതെങ്കിലും നിര്‍ഭാഗ്യവശാല്‍ പുരുഷ മേല്‍ക്കോയ്മ അഥവാ പാര്‍ട്രിയാര്‍ക്കിയല്‍ ചിന്തയാണ് അവിടെയും നയിക്കുന്നത്. കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്ന കേസ്സുകള്‍ കെട്ടിക്കിടക്കുന്നതും തേച്ചുമായ്ക്കപ്പെടുന്നതും പരാതി പിന്‍വലിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുന്നതുമെല്ലാം ആ മനോഭാവം ഭരിക്കുന്നത് കൊണ്ടാണ്”,  അശ്വതി സേനന്‍ പറയുന്നു.

നിരാലംബരായ കുടുംബങ്ങളെ സ്ത്രീധനം പെരുവഴിയിലാക്കുമ്പോള്‍

2016 ലാണ് കോഴിക്കോട് ചേവായൂര്‍ സ്വദേശി വേലായുധന്‍ തന്റെ മകളുടെ വിവാഹാവശ്യത്തിന് വേണ്ടി ആകെയുണ്ടായിരുന്ന 9 സെന്റ് പുരയിടം പണയപ്പെടുത്തി മൂന്ന് ലക്ഷം രൂപ ബാങ്കില്‍ നിന്നും ലോണെടുത്തത്. മകളുടെ വിവാഹം കഴിഞ്ഞുള്ള മാസങ്ങളില്‍ മുടങ്ങാതെ തിരിച്ചടവുകള്‍ അടയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ലോട്ടറി വില്‍പനക്കാരനായ വേലായുധന് ഒരു വീഴ്ചയെത്തുടര്‍ന്ന് കാലിന് പരിക്ക് പറ്റിയതോടെ കൃത്യമായി ജോലിക്ക് പോകാന്‍ സാധിക്കാതെയായി. അതോടെ ബാങ്കിലുള്ള തിരിച്ചടവ് മുടങ്ങി.

മുതലും പലിശയും ചേര്‍ന്ന് ബാങ്കിലെ കടം പെരുകിയതോടെ തനിക്ക് ലോണ്‍ തിരിച്ചടയ്ക്കാനുള്ള ശേഷിയില്ല എന്ന് വേലായുധന്‍ ബാങ്കിനെ അറിയിക്കുകയും ബാങ്ക് അധികൃര്‍ വന്ന് വീട് ജപ്തി ചെയ്യുകയും ചെയ്തു. ബാങ്ക് ഉദ്യോഗസ്ഥര്‍ വന്ന് വീട് പൂട്ടി സീല്‍ ചെയ്ത് പോയി. പോകാന്‍ മറ്റൊരിടവുമില്ലാതിരുന്ന വേലായുധനും ഭാര്യ സുജാതയും കൊവിഡ് കാലത്ത് ലോക്ഡൗണ്‍ ദിവസങ്ങളില്‍ ഈ വീടിന്റെ വരാന്തയിലാണ് കഴിച്ചുകൂട്ടിയത്.

കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് എല്ലാവരും സ്വന്തം വീടുകളില്‍ കഴിയണമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത നാളുകളിലാണ് വൃദ്ധരായ ഈ ദമ്പതികള്‍ സ്വന്തം വീടിനകത്ത് പ്രവേശിക്കാനാകാതെ പെരുമഴക്കാലത്ത് മാസങ്ങളോളം വീടിന്റെ വരാന്തയില്‍ കഴിയേണ്ടി വന്നത്. മകളുടെ വിവാഹത്തിന് സ്ത്രീധനമായി നല്‍കാന്‍ പണമില്ലാത്തതിനാല്‍ ലോണെടുക്കേണ്ടി വന്നതുകൊണ്ടാണ് ജീവിതത്തിന്റെ അവസാനകാലങ്ങളില്‍ വൃദ്ധരായ ഈ ദളിത് ദമ്പതികള്‍ക്ക് ദുരിതപൂര്‍ണമായ സാഹചര്യങ്ങളുണ്ടായത്.

വേലായുധനും സുജാതയും വീടിന്റെ വരാന്തയില്‍, ഫോട്ടോ: ഷഫീഖ് താമരശ്ശേരി

പെണ്‍മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി വായ്പയെടുത്ത് പിന്നീട് അത് തിരിച്ചടക്കാനാകാതെ കിടപ്പാടം നഷ്ടപ്പെട്ട അനേകം കുടുബംങ്ങളുടെ വിഷയങ്ങളില്‍ ഇടപെടേണ്ടി വന്നതിന്റെ അനുഭവമാണ് സര്‍ഫാസി വിരുദ്ധ സമര പ്രവര്‍ത്തകയായ വി.സി. ജെന്നിക്ക് പറയാനുള്ളത്. എറണാകുളത്തെ വൈപ്പിന്‍, ചെറായി, ഫോര്‍ട്ട് കൊച്ചി ഭാഗങ്ങളിലെല്ലാം ഇത്തരത്തില്‍ അനേകം കുടുംബങ്ങള്‍ സര്‍ഫാസി നിയമത്തില്‍ കുടുങ്ങി വീട് ജപ്തി ചെയ്യപ്പെട്ട്, പോകാന്‍ മറ്റൊരിടമില്ലാത്ത സ്ഥിതിയിലാണെന്നും സ്ത്രീധനമാണ് ആ കുടുംബങ്ങളെ ഈ അവസ്ഥയിലെത്തിച്ചതെന്നും വി.സി. ജെന്നി പറയുന്നു.

വി.സി. ജെന്നി

‘സാധാരാണക്കാരായ കൂലിപ്പണിക്കാരും തൊഴിലാളികളുമെല്ലാമായ കുടുംബങ്ങള്‍ ബാങ്കുകളില്‍ നിന്നോ സ്വകാര്യ പലിശ സംഘങ്ങളില്‍ നിന്നോ വായ്പയെടുക്കുന്നത് മിക്കപ്പോഴും പെണ്‍മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരിക്കും. എങ്ങിനെയും മക്കളുടെ വിവാഹം നടന്നുകാണണമെന്നാഗ്രഹിക്കുന്ന നിര്‍ധനരായ ഈ കുടുംബങ്ങള്‍ ഭീമമായ പലിശയ്ക്ക്‌ ആകെയുള്ള വീടും പുരയിടവും ഈടായി നല്‍കി വായ്പയെടുക്കും. പലിശയ്ക്ക് പലിശ എന്ന തരത്തില്‍ കടം പെരുകി വരുമ്പോള്‍ കൂലിപ്പണിക്കാരായ ഈ പാവം തൊഴിലാളി കുടുംബങ്ങള്‍ക്ക് തിരിച്ചടവ് സാധിക്കാതെ വരും. അതോടെ വീടും സ്ഥലവും ബാങ്കുകാര്‍ വന്ന് ജപ്തി ചെയ്യും. പെണ്‍കുട്ടികളുടെ വിവാഹം നടത്തി വീടും സ്ഥലവും നഷ്ടപ്പെട്ട അനേകം കുടുംബങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ട്.” വി.സി. ജെന്നി പറയുന്നു.

സ്ത്രീധന പീഡനങ്ങള്‍ക്ക് കാരണം സാമ്പത്തിക താത്പര്യം മാത്രമോ?

സ്ത്രീധന പീഡനങ്ങളും സംശയരോഗങ്ങളും കൊലകളും വര്‍ധിക്കുന്നതിന് പുറത്തറിയാത്ത നിരവധി കാരണങ്ങളുണ്ടെന്നാണ് മാനസികാരോഗ്യ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. ഭാര്യയോട് നിരന്തരം മോശമായി പെരുമാറുന്നത് കേവലം സ്വഭാവദൂഷ്യത്തിന്റെ മാത്രം പ്രശ്നമല്ല, അത് ചികിത്സ ആവശ്യമുള്ള ഒരു മാനസിക പ്രശ്നം കൂടിയാണെന്നാണ്  ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ സ്ത്രീകള്‍ നേടിയിട്ടുള്ള വന്‍ മുന്നേറ്റം പുരുഷന്മാരുടെ മേല്‍ക്കോയ്മാ ബോധത്തെ സ്പര്‍ശിച്ചിട്ടുണ്ടെന്നും അത് പുരുഷന്മാരില്‍ അപകര്‍ഷതാ ബോധം സൃഷ്ടിച്ചിട്ടുണ്ടെന്നും പൊതുസമൂഹങ്ങളിലെ സ്ത്രീമുന്നേറ്റങ്ങളോടുള്ള പുരുഷന്റെ സ്വാഭാവിക എതിര്‍പ്പ് തങ്ങളുടെ കുടുംബങ്ങളിലെ സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ പ്രതിഫലിക്കുന്നു എന്നുമാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധയും കൗണ്‍സിലറുമായ ഡോ.  ലീല പറയുന്നത്.

”ചെറുപ്പം മുതല്‍ കുടുംബത്തില്‍ നിന്ന് കിട്ടുന്ന അനാവശ്യ പ്രിവിലേജ് സ്ത്രീ തന്നെക്കാള്‍ താഴെയാണെന്ന ചിന്താഗതി ആണ്‍കുട്ടികളില്‍ വളര്‍ത്തും. സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്നതും ബഹുമാനിക്കാന്‍ പഠിപ്പിക്കാത്തതുമാണ് ശാരീരിക മാനസിക അതിക്രമങ്ങളിലേക്ക് അവരെ കൊണ്ടെത്തിക്കുന്നത്”. ദേശാഭിമാനിക്ക് നല്‍കിയ പ്രതികരണത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗം തലവന്‍ ഡോ. വര്‍ഗീസ് പുന്നൂസ് പറയുന്നു.

പ്രതീകാത്മക ചിത്രം

മത-ജാതി-വര്‍ഗ ഭേദമന്യേ സമൂഹത്തിലെ സര്‍വ വിഭാഗങ്ങള്‍ക്കിടയിലും യാതൊരു വ്യത്യാസവുമില്ലാതെ നിലനില്‍ക്കുകയാണ് സ്ത്രീധനമെന്ന അലിഖിത വ്യവസ്ഥ. നിലനില്‍ക്കുന്ന നിയമസംവിധാനങ്ങള്‍ക്കൊന്നും തന്നെ സ്ത്രീധനമെന്ന മഹാവിപത്തിനെ തടയാന്‍ സാധിക്കുന്നില്ല. സാമ്പത്തിക ശേഷിയില്ലാത്ത, സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ ഈ സമ്പ്രദായം മൂലം പൊറുതി മുട്ടുകയാണ്. വര്‍ഷംതോറും അനേകം പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നു അല്ലെങ്കില്‍ സ്വയം ജീവനൊടുക്കുന്നു. എല്ലാം സഹിച്ച് യാതനകളോടെ ജീവിക്കുന്നവരാണ് ഏറെ പേരും. അടികൊണ്ട് നീലിച്ച കവിളും കീറിമുറിഞ്ഞ മനസ്സുമായി പെണ്‍കുട്ടികള്‍ ജീവിതം തള്ളിനീക്കുകയാണ്.

‘ഭാര്യയെ തല്ലുന്നത് ആണത്തമാണ് എന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധജഡിലങ്ങളായ കാഴ്ചപ്പാടുകള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുയുമരുത്. ഒരു സമൂഹമെന്ന നിലയില്‍ വിവാഹ സമ്പ്രദായങ്ങളെ നാം പരിഷ്‌കരിക്കേണ്ടതുണ്ട്. കുടുംബങ്ങളുടെ സമ്പത്ത് പ്രകടിപ്പിക്കാനുള്ള അവസരമല്ല വിവാഹം എന്ന് നാം തിരിച്ചറിയണം. പ്രാകൃതമായ ഈ സ്ത്രീധന സമ്പ്രദായം നമ്മുടെ പെണ്‍കുട്ടികളെ കേവലം വില്‍പ്പനച്ചരക്കാക്കുകയാണെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയണം” എന്നായിരുന്നു വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നിയമനടപടികള്‍ ശക്തമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ഡൊമസ്റ്റിക് കോണ്‍ഫ്ലിക്ട് റെസല്യൂഷന്‍ സെന്റര്‍ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ പരാതി ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദേശിക്കുന്ന രീതിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനും പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ‘അപരാജിത’ എന്ന ഓണ്‍ലൈന്‍ സംവിധാനവും ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

(ലാഡ്‌ലി മീഡിയ ഫെലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയത്‌)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Detailed Report on Dowry System in Kerala
ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more