ലണ്ടന്‍: ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ലേബര്‍ പാര്‍ട്ടി നേതാവും നിയുക്ത പ്രധാനമന്ത്രിയുമായ കെയ്ര്‍ സ്റ്റാര്‍മറുടെ വോട്ടില്‍ ഗണ്യമായ കുറവ്. തിരിച്ചടിയായത് ഗസയിലെ ഇസ്രഈല്‍ അതിക്രമങ്ങളില്‍ സ്റ്റാര്‍മര്‍ സ്വീകരിച്ച നിലപാടാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 17 ശതമാനം വോട്ടാണ് സ്റ്റാര്‍മറിന് നഷ്ടമായത്.
ലണ്ടന്‍ സീറ്റില്‍ നിന്നാണ് കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടന്‍ പാര്‍ലമെന്റിലെത്തിയത്. 18,884 വോട്ടുകള്‍ നേടി വിജയിച്ച സ്റ്റാര്‍മാരിനെതിരെ, ദക്ഷിണാഫ്രിക്കന്‍ മുന്‍ എം.പിയും വര്‍ണ്ണവിവേചന വിരുദ്ധ പ്രചാരകനുമായ ആന്‍ഡ്രൂ ഫെയിന്‍സ്റ്റീന്‍ 7,312 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
മുന്‍ പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്റെ അനുയായി വന്ന സ്റ്റാര്‍മര്‍, ലേബര്‍ പാര്‍ട്ടിയെ വലതുപക്ഷത്തേക്ക് നീക്കിയത് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഗസക്കെതിരായ യുദ്ധത്തെ കുറിച്ചുള്ള സ്റ്റാര്‍മറുടെ നിലപാട് ഇനിയും തുടരുകയാണെങ്കില്‍ ലേബര്‍ സര്‍ക്കാര്‍ ബ്രിട്ടന്റെ പ്രാദേശിക തലങ്ങളില്‍ തിരിച്ചടി നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഗസ വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന് ആന്‍ഡ്രൂ ഫെയിന്‍സ്റ്റീന്‍ പറഞ്ഞു. ഗസയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ സ്റ്റാര്‍മറുടെ നിലപാട് ഭയപ്പെടുത്തുന്നതായിരുന്നു. സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ നിലപാടാണ് ഫലസ്തീനികളോട് വെച്ചുപുലര്‍ത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1960കളില്‍ ദക്ഷിണാഫ്രിക്കയില്‍ ജനിച്ചതും ഹോളോകോസ്റ്റിനെ അതിജീവിച്ചതുമായ ഒരാളുടെ മകനാണ് ഫെയ്ന്‍സ്റ്റീന്‍. 1994ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന വർണവിവേചാനന്തര തെരഞ്ഞെടുപ്പില്‍ നെല്‍സണ്‍ മണ്ടേലയുടെ നാഷണല്‍ കോണ്‍ഗ്രസിന്റെ എം.പിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 2001ല്‍ എം.പി സ്ഥാനം രാജിവെച്ച് ഫെയിന്‍സ്റ്റീന്‍ ബ്രിട്ടനിലേക്ക് മാറി. തുടര്‍ന്ന് 2015ല്‍ ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയും ചെയ്തു. ഇടതുപക്ഷക്കാരനും മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് കൂടിയായ ജെര്‍മി കോർബിനെ പിന്തുണക്കുന്ന വ്യക്തി കൂടിയാണ് ആന്‍ഡ്രൂ ഫെയിന്‍സ്റ്റീന്‍.
Content Highlight: Despite winning, Keir Starmer’s votes fell significantly