| Wednesday, 24th April 2024, 1:35 pm

വിവാദങ്ങള്‍ക്കിടയിലും എൽ.ഡി.എഫിന്റെ രണ്ടാം പരസ്യവും പ്രസിദ്ധീകരിച്ച് സുപ്രഭാതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ ആദ്യ പേജില്‍ വീണ്ടും എല്‍.ഡി.എഫിന്റെ പരസ്യം. പത്രത്തിന്റെ ഉള്‍പേജില്‍ കോണ്‍ഗ്രസിന്റെ പരസ്യവും നല്‍കിയിട്ടുണ്ട്.

നേരത്തെ പത്രത്തിന്റെ ഒന്നാം പേജില്‍ എല്‍.ഡി.എഫിന്റെ പരസ്യം നല്‍കിയതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പത്രം കത്തിച്ച സംഭവത്തോട് വളരെ രൂക്ഷമായാണ് സമസ്ത  പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും പരസ്യം നല്‍കി സുപ്രഭാതം രംഗത്തെത്തിയത്.

ഇത്തവണ ഒന്നാമത്തെ പേജിലും രണ്ടാമത്തെ പേജിലുമാണ് ഇടത് മുന്നണിയുടെ പരസ്യം നല്‍കിയത്. ഒന്നാമത്തെ പേജില്‍ ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്ന കുറിപ്പോടെ പിണറായി വിജയന്റെ ഫോട്ടോ ഉള്‍പ്പടെയാണ് പരസ്യം നല്‍കിയത്.

രണ്ടാമത്തെ പേജില്‍ വടകര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള പരസ്യമാണ് നല്‍കിയത്. ഏറ്റവും അവസാന പേജിലാണ് കോണ്‍ഗ്രസിന്റെ പരസ്യം നല്‍കിയത്.

നേരത്തെ എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ട് പരസ്യം പ്രസിദ്ധീകരിച്ചെന്ന പേരിലാണ് തിരൂരങ്ങാടിയില്‍ സുപ്രഭാതം പത്രം തെരുവിലിട്ട് കത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തിയിരുന്നു.

സുപ്രഭാതത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള അജണ്ട ചിലര്‍ നടപ്പാക്കുന്നുണ്ടെന്നാണ് പത്രം കത്തിച്ച സംഭവത്തോട് എസ്.കെ.എസ്.എസ്.എഫ് പ്രതികരിച്ചത്. സുപ്രഭാത്തിന്റെ വായനക്കാര്‍ ഏതെങ്കിലും സമുദായത്തില്‍ പെട്ടവരോ പ്രത്യേക കക്ഷിയിലുള്ളവരോ മാത്രമല്ല. എല്ലാ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളിലെയും വാര്‍ത്തകളും വിവരങ്ങളും സുപ്രഭാതം എക്കാലവും നല്‍കിയിട്ടുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ തെരഞ്ഞെടുപ്പുകളിലും ഇത്തരം പരസ്യങ്ങള്‍ പത്രത്തില്‍ നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ മുന്നണികളും വിവധ മാധ്യമങ്ങളില്‍ പരസ്യം നല്‍കാറുണ്ട്. മാനേജ്‌മെന്റിന്റെ പോളിസി അനുസരിച്ചുള്ള പരസ്യങ്ങള്‍ നല്‍കുന്നതിന് സുപ്രഭാതത്തിന് തടസ്സമില്ലെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ തകര്‍ക്കാനുള്ള നീക്കമായേ ഇതിനെ കാണാന്‍ സാധിക്കുള്ളുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ പത്രം കത്തിച്ചവര്‍ക്ക് പാര്‍ട്ടിയുമായി യൊതൊരു ബന്ധവുമില്ലെന്നായിരുന്നു മുസ്‌ലിം ലീഗ് ഇതിനോട് പ്രതികരിച്ചത്. അതിനിടെ, താന്‍ സമസ്തക്കാരനാണെന്നും പത്രം കത്തിച്ചതില്‍ മാപ്പ് ചോദിക്കുന്നുവെന്നും പത്രം അഗ്നിക്കിരയാക്കിയ തിരൂരങ്ങാടി സ്വദേശി കോമുട്ടി ഹാജി പറഞ്ഞിരുന്നു.

Content Highlight: Despite the controversies, LDF’s second advertisement has been published in Suprabhatam

We use cookies to give you the best possible experience. Learn more