| Tuesday, 8th March 2022, 8:10 am

ലോകത്ത് എന്ത് നടന്നാലും റഷ്യ ഞങ്ങളുടെ പ്രധാന സ്ട്രാറ്റജിക് പാര്‍ട്ണര്‍; നിലപാട് വ്യക്തമാക്കി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ഉക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടയിലും റഷ്യയോടുള്ള അടുത്ത ബന്ധം വ്യക്തമാക്കി ചൈന.

റഷ്യ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പാര്‍ട്ണര്‍ (most important strategic partner) ആണെന്നാണ് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യി പറഞ്ഞത്.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ അപലപിക്കാനും അദ്ദേഹം വിസമ്മതിച്ചു.

റഷ്യയുമായുള്ള തങ്ങളുടെ ബന്ധം ‘ലോകത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ ഉഭയകക്ഷി ബന്ധങ്ങളിലൊന്നാ’ണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി പ്രതികരിച്ചു.

”അന്താരാഷ്ട്ര രംഗം എത്രതന്നെ അപകടകരമായാലും ഞങ്ങള്‍ സ്ട്രാറ്റജിക് ഫോക്കസില്‍ തന്നെ ഉറച്ചുനില്‍ക്കും. പുതിയ കാലത്തെ റഷ്യ- ചൈന ബന്ധത്തിന്റെ ഡെവലപ്പ്‌മെന്റിന് വേണ്ടി പ്രവര്‍ത്തിക്കും, അത് കൂടുതല്‍ ഉന്നതിയിലെത്തിക്കും,” വാങ് യി മാധ്യമങ്ങളോട് പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇരുമ്പുദണ്ഡ് പോലെ ഉറച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴും ചൈന അതില്‍ നിന്നും വിട്ടുനിന്നിരുന്നു. ഉപരോധം പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക മാത്രമേ ചെയ്യൂ എന്നായിരുന്നു ചൈനീസ് നിലപാട്.

ബീജിങ് വിന്റര്‍ ഒളിംപിക്‌സിന്റെ സമയത്ത് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ബീജിങ്ങില്‍ വെച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും പരസ്പര താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ട് പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ തന്നെ കൃത്യമായ റഷ്യന്‍ അനുകൂല നിലപാട് എടുത്തിരുന്ന രാജ്യങ്ങളായിരുന്നു ചൈനയും പാകിസ്ഥാനും.

ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനെതിരെ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ചൈന വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇന്ത്യ, യു.എ.ഇ എന്നിവയായിരുന്നു വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന മറ്റ് രാജ്യങ്ങള്‍.


Content Highlight: despite Russia- Ukraine war China calls Russia its chief ‘strategic partner’

We use cookies to give you the best possible experience. Learn more