ഫോട്ടോകള്‍: മീഡിയ കളക്ടീവ്
ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ നേതൃത്വത്തില്‍ ദല്‍ഹി സര്‍വകലാശാലയില്‍ രാമജന്മഭൂമി വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചതിനെതിരെ സര്‍വകാലാശാല ക്യാംപസില്‍ പ്രതിഷേധം. സെമിനാര്‍ നടക്കുന്ന നോര്‍ത്ത് ക്യാമ്പസിലെ ആര്‍ട്‌സ് ഫാക്വല്‍റ്റിക്ക് മുന്‍പില്‍ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
ഇടതു വിദ്യാര്‍ത്ഥി സംഘടനകളും കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യുവുമാണ് പരിപാടിക്കെതിരെ പ്രതിഷേധവുമായെത്തിയത്. എതിര്‍ക്കുന്നവരെ നേരിടാനായി കനത്ത സുരക്ഷാസന്നാഹമാണ് സര്‍വകലാശാല പരിസരത്ത് ദല്‍ഹി പോലീസ് ഒരുക്കിയത്. പ്രതിഷേധക്കാരെ നേരിടാന്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയെയും ക്യാംപസില്‍ വിന്യസിച്ചിരുന്നു.
അതേ സമയം പുറത്ത് ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും മുടക്കമില്ലാതെ തന്നെ സെമിനാര്‍ നടന്നു. പ്രതിഷേധം ഇല്ലായിരുന്നെങ്കില്‍ സെമിനാറിന് പൂര്‍ണത ലഭിക്കില്ലായിരുന്നുവെന്നും അസഹിഷ്ണുതയുള്ളവരാണ് പുറത്ത് പ്രതിഷേധിക്കുന്നതെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ നക്‌സലൈറ്റുകളാണെന്നും സ്വാമി ആരോപിച്ചു.
വിഭജനത്തിന് ശേഷം പാഴ്‌സികളും ജൂതരും ഇന്ത്യ സുരക്ഷിത ഇടമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും വിഭജനത്തിന് ശേഷം രാജ്യം മാറിയിട്ടില്ലെന്നും സ്വാമി പറഞ്ഞു.
അടുത്തിടെ അന്തരിച്ച വി.എച്ച്.പി നേതാവ് അശോക് സിംഗാല്‍ സ്ഥാപിച്ച അരുന്ധതി വഷിഷ്ഠ അനുസാധന്‍ പീഠ് ആണ് രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. സുബ്രഹ്മണ്യന്‍ സ്വാമി ഈ സംഘടനയുടെ പ്രസിഡന്റാണ്.