| Saturday, 27th November 2021, 10:40 am

വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്തെത്തി; ദളിതരുടെ വിവാഹപന്തലിന് നേരെ കല്ലേറ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്ത് കയറി പോയതിന് ദളിത് കുടുംബത്തിന്റെ കല്യാണ ചടങ്ങിനിടെ കല്ലെറിഞ്ഞ് സവര്‍ണര്‍. ജയ്പൂരിലെ പാവ്ത ഗ്രാമത്തിലാണ് സംഭവം.

വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്തായിരുന്നു വരന്‍ എത്തിയത്. ഇതില്‍ രോഷം പൂണ്ടാണ് ചിലയാളുകള്‍ കല്യാണ ചടങ്ങ് നടക്കുന്നതിനിടെ കല്ലെറിഞ്ഞത്.

പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണമെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘ദളിതര്‍ വിവാഹത്തിന് കുതിരപ്പുറത്ത് വരുന്നത് ഞങ്ങളുടെ ഗ്രാമത്തില്‍ സാധാരണയായി ഉണ്ടാകാറില്ല. വിവേചനപരമായ ഈ ശീലം മാറ്റണമെന്ന് എനിക്ക് തോന്നി. എന്നാല്‍ ഞങ്ങളുടെ ഗ്രാമത്തിലെ രജ്പുത് സമുദായാംഗങ്ങള്‍ ഇതിനെ എതിര്‍ത്തു,’ വധുവിന്റെ പിതാവ ഹരിപാല്‍ ബാലൈ പറയുന്നു.

വിവാഹ ദിവസം രാവിലെ പ്രാദേശിക രാഷ്ട്രീയക്കാരും പൊലീസുദ്യോഗസ്ഥരും രാവിലെ തന്റെ വീട്ടിലെത്തിയിരുന്നെന്നും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നെന്നും ബാലൈ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വരന്‍ പന്തലിലേക്ക് കയറിയ ഉടനെ കല്ലേറ് തുടങ്ങിയെന്നും കുടുംബാംഗങ്ങള്‍ക്ക് സാരമായ പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. കല്ലെറിഞ്ഞവര്‍ തന്റെ അയല്‍വാസികളായ രജ്പുതുകാരാണെന്നും അദ്ദേഹം അറിയിച്ചു.

കുട്ടിക്കാലത്ത് താന്‍ ദളിതര്‍ക്ക് നേരെയുള്ള കല്ലേറുകളെക്കുറിച്ച് കേട്ടിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ നേരിട്ട് സാക്ഷ്യം വഹിച്ചെന്നും ബാലൈ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ദളിതര്‍ കുതിരപ്പുറത്ത് വരുന്നത് സവര്‍ണര്‍ക്ക് സഹിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തില്‍ 18 പേര്‍ക്കെതിരെ കേസെടുത്തായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ 10 പേരും രജ്പുത് സമുദായാംഗങ്ങളാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Despite police presence, stones hurled at Dalit wedding procession in Rajasthan

We use cookies to give you the best possible experience. Learn more