ടെസ്റ്റിന്റെ 147 വര്‍ഷത്തില്‍ ഇതാദ്യം; വിരമിച്ച ശേഷം മാത്രം അശ്വിന്‍ നേടിയ റെക്കോഡ്
Sports News
ടെസ്റ്റിന്റെ 147 വര്‍ഷത്തില്‍ ഇതാദ്യം; വിരമിച്ച ശേഷം മാത്രം അശ്വിന്‍ നേടിയ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th December 2024, 4:14 pm

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്‍ ഓള്‍ റൗണ്ടറുടെ സേവനമാണ് അശ്വിന്റെ പടിയിറക്കത്തോടെ ഇന്ത്യക്ക് നഷ്ടമായത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റിന് പിന്നാലെയാണ് അശ്വിന്‍ അന്താരാഷ്ട്ര കരിയറിനോട് വിട പറയുന്നത്.

റെഡ് ബോള്‍ കരിയറില്‍ 106 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അശ്വിന്‍ ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച 14 പേരില്‍ ഒരാള്‍ കൂടിയാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ ആകെ 78 താരങ്ങള്‍ മാത്രമാണ് ഈ അപൂര്‍വ നേട്ടത്തിലെത്തിയത്.

 

അശ്വിന്റെ പടിയിറക്കത്തോടെ ടെസ്റ്റ് ഫോര്‍മാറ്റിന്റെ 147 വര്‍ഷത്തിന്റെ ചരിത്രത്തിലെ ഒരു അപൂര്‍വ നേട്ടമാണ് കുറിക്കപ്പെട്ടത്. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നൂറിലധികം മത്സരങ്ങള്‍ കളിച്ചിട്ടും പാകിസ്ഥാനെതിരെ ഒറ്റ ടെസ്റ്റ് പോലും കളിക്കാത്ത ആദ്യ താരമെന്ന നേട്ടമാണ് അശ്വിനെ തേടിയെത്തിയത്.

നയതന്ത്രപരമായ കാരണങ്ങളാല്‍ കാലങ്ങളേറെയായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ബൈലാറ്ററല്‍ മത്സരങ്ങള്‍ നടക്കാറില്ല എന്നത് തന്നെയാണ് അശ്വിന് ഒരിക്കല്‍ പോലും പാകിസ്ഥാനെതിരെ റെഡ് ബോള്‍ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കാതെ പോയത്.

എന്നാല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അശ്വിന്‍ പാകിസ്ഥാനെതിരെ പല തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഐ.സി.സി ടൂര്‍ണമെന്റുകളിലാണ് (ഐ.സി.സി ഏകദിന ലോകകപ്പ്, ഐ.സി.സി ടി-20 ലോകകപ്പ്, ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി) അശ്വിന്‍ പാകിസ്ഥാനെതിരെ പന്തെറിഞ്ഞത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പന്‍ഷിപ്പില്‍ പോലും ഇന്ത്യ – പാകിസ്ഥാന്‍ ടെസ്റ്റ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം, നിലവില്‍ ഈ പട്ടികയില്‍ ഒറ്റയ്ക്കാണെങ്കിലും വൈകാതെ അശ്വിനൊപ്പം വിരാട് കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയുമെത്തും. ഇരുവരും ഇന്ത്യയ്ക്കായി നൂറ് ടെസ്റ്റ് മാച്ചുകള്‍ കളിച്ചവരാണെങ്കിലും കരിയറില്‍ ഒരിക്കല്‍പ്പോലും പാകിസ്ഥാനെതിരെ ടെസ്റ്റ് മാച്ച് കളിച്ചിട്ടില്ല.

ഇരുവര്‍ക്കും പാകിസ്ഥാനെതിരെ കളിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മാത്രമാണ്. എന്നാല്‍ പാകിസ്ഥാന് ഫൈനല്‍ കളിക്കാനുള്ള എല്ലാ സാധ്യതയും അവസാനിച്ചിരിക്കുന്നതിനാല്‍ ഈ സൈക്കിളില്‍ അത് സാധ്യവുമല്ല.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2025-27 സൈക്കിളില്‍ ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തുകയാണെങ്കില്‍ പൂജാരക്കും വിരാടിനും പാകിസ്ഥാനെതിരെ ടെസ്റ്റ് കളിക്കാന്‍ വഴിയൊരുങ്ങും. എന്നാല്‍ അതുവരെ ഇരുവരും ക്രിക്കറ്റില്‍ തുടരുമോ എന്ന് കണ്ടറിയണം.

ഇത്തരമൊരു സാഹചര്യം ഉടലെടുക്കുയും ഇന്ത്യ – പാകിസ്ഥാന്‍ ഫൈനല്‍ നടക്കുകയും ചെയ്താല്‍ ഭാവിയില്‍ നൂറ് ടെസ്റ്റ് പൂര്‍ത്തിയാക്കുന്ന താരങ്ങള്‍ അശ്വിനൊപ്പം ഈ പട്ടികയിലെത്തിയേക്കില്ല.

 

Content Highlight:  Despite playing more than 100 matches in the Test format, R Ashwin became the first player not to play a single match against Pakistan