| Thursday, 22nd August 2019, 12:32 pm

ഇനിയും ലിസ്റ്റ് ചെയ്യാത്ത കേസില്‍ ആഗസ്റ്റ് 16ന് ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് രമണ; ചിദംബരത്തിന്റെ കേസുവന്നപ്പോള്‍ ലിസ്റ്റു ചെയ്തിട്ടില്ലെന്നു പറഞ്ഞ് കയ്യൊഴിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലിസ്റ്റു ചെയ്യാത്ത കേസില്‍ എങ്ങനെ വാദം കേള്‍ക്കും എന്നു പറഞ്ഞാണ് മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ജഡ്ജി എന്‍.വി രമണ പരിശോധിക്കാന്‍ വിസമ്മതിച്ചത്. ഇതിനു നാലു ദിവസം മുമ്പ് ആഗസ്റ്റ് 16ന് അദ്ദേഹം ഇനിയും ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ഒരു കേസില്‍ ഉത്തരവ് പാസാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലായതിനാലായിരുന്നു ചിദംബരത്തിന്റെ ഹരജി ജസ്റ്റിസ് രമണയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടി വന്നത്. സമാനമായ സാഹചര്യത്തിലായിരുന്നു ആഗസ്റ്റ് 16 സോളിസിറ്റര്‍ തുഷാര്‍ മെഹ്തയും ഭൂഷണ്‍ സ്റ്റീല്‍സ് മുന്‍ സി.ഇ.ഒയും ഡയറക്ടറുമായി നിട്ടിന്‍ ജോഹരിയുമായി ബന്ധപ്പെട്ട കേസും രമണയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

‘ലിസ്റ്റ് ചെയ്തു കിട്ടാതെ എനിക്ക് എങ്ങനെയാണ് ഒരു വിഷയം കേള്‍ക്കാനാകുക. ഇതിനപ്പുറം ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല.’ എന്നാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ശ്രദ്ധയില്‍പ്പെടുത്തിയ അഭിഭാഷകനായ കപില്‍ സിബലിനോട് രമണ പറഞ്ഞത്.

ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ചിലായതിനാലാണ് ഇവിടെ വന്നതെന്ന് സിബല്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഹരജി അടിയന്തരമായി കേള്‍ക്കുന്നില്ലെങ്കില്‍ അറസ്റ്റു ചെയ്യുന്നതില്‍ നിന്നും സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും വിലക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. ചിദംബരം അന്വേഷണവുമായി സഹകരിക്കുമെന്നും സിബല്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ തനിക്കതിന് അധികാരമില്ലെന്നും എല്ലാം കൈകാര്യം ചെയ്യുന്നത് ചീഫ് ജസ്റ്റിസ് ആണെന്നും താങ്കള്‍ അങ്ങോട്ടു തന്നെ പോകണമെന്നുമായിരുന്നു ജസ്റ്റിസ് രമണയുടെ മറുപടി. തുടര്‍ന്ന് അഭിഭാഷക സംഘം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ നാലുമണിവരെ കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ നിട്ടിന്‍ ജോഹരിയുമായി ബന്ധപ്പെട്ട കേസില്‍, കേസ് ലിസ്റ്റ് ചെയ്തിട്ടില്ല എന്നിരിക്കെ ജസ്റ്റിസ് രമണ ദല്‍ഹി ഹൈക്കോടതി തീരുമാനം സ്‌റ്റേ ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഫയല്‍ ചെയ്ത കേസിലായിരുന്നു കോടതി നടപടി. വിവിധ ബാങ്കുകലില്‍ വ്യാജ രേഖകള്‍ ഫയല്‍ ചെയ്തുവെന്നതടക്കമുള്ള ക്രമക്കേടുകളായിരുന്നു ജോഹരിയ്‌ക്കെതിരെ ആരോപിച്ചത്. കേസില്‍ ആഗസ്റ്റ് 14ന് ജോഹരിക്ക് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനെതിരെ സോളിസിറ്റര്‍ ജനറല്‍ വഴി എസ്.എഫ്.ഐ.ഒ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ആഗസ്റ്റ് 16ന് ജസ്റ്റിസ് രമണയ്ക്കു മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ ഈ കേസിന്റെ കാര്യം സൂചിപ്പിക്കുകയും അദ്ദേഹത്തിന്റെ ജാമ്യം റദ്ദിക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ജോഹരി വിദേശത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന കാര്യം പരിഗണിച്ചായിരുന്നു ജസ്റ്റിസ് രമണയുടെ ഉത്തരവ്.

ചിദംബരത്തിന്റെ കേസിലും സമാനമായ രീതിയില്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് രമണ ഈ ആവശ്യം തള്ളുകയായിരുന്നു. ‘ ഇത് വ്യത്യസ്തമായൊരു കേസാണ്. അയാള്‍ വിദേശത്തേക്ക് പോകുകയായിരുന്നു.’ ജസ്റ്റിസ് രമണ പറഞ്ഞു.

We use cookies to give you the best possible experience. Learn more