കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്
Daily News
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th August 2016, 6:03 pm

ന്യൂദല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചര്‍ച്ചക്ക് വേണ്ടി പാക്കിസ്ഥാന്‍ മുന്‍കൈയെടുക്കുമെന്നും പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള പാക്കിസ്ഥാന്റെ സന്നദ്ധത അറിയിച്ചുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് കത്തയക്കുമെന്നും സര്‍താജ് അസീസ് വ്യക്തമാക്കി.

കാശ്മീര്‍ വിഷയത്തില്‍ ഇടപെടമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നേരത്തെ അറബ് രാജ്യങ്ങള്‍ക്ക് കത്തെഴുതിയിരുന്നു ഇതിന് പിന്നാലെയാണ് ഇന്ത്യയുമായി കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുക്കുമെന്ന പ്രഖ്യാപനവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നത്.

കാശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ പ്രതികരിക്കണമെന്നും കാശ്മീരിനോട് ഇന്ത്യ തുടരുന്ന വിവേചനത്തിന്റേയും ക്രൂരതയുടേയും ഉദാഹരണമാണ് കാശ്മീരില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അറബ് ലീഗില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് പാക്കിസ്ഥാന്‍ കത്തെഴുതിയത്.

നേരത്തെ കാശ്മീര്‍ വിഷയത്തില്‍ ഇടപെടല്‍ തേടി പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭ തലവന്‍ ബാന്‍ കി മൂണിനും കത്തയച്ചിരുന്നു. എന്നാല്‍ കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാട് യു.എന്‍ സ്വീകരിക്കുകയായിരുന്നു.