| Wednesday, 8th May 2024, 4:24 pm

ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ ആഗോള പ്രശസ്തി വര്‍ധിച്ചിട്ടില്ല; മോദിയുടേത് പൊള്ളയായ അവകാശവാദം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയുടെ ആഗോള പ്രശസ്തി മെച്ചപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ‘The Modi Mirage: Illusions and Reality of India’s Global Standing and Reputation ‘ എന്ന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഇര്‍ഫാന്‍ നൂറുദ്ദീനും നെതര്‍ലന്‍ഡ്സിലെ ഗ്രോനിംഗന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഡോ.റിതുംബ്ര മനുവിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സര്‍വേകളുടെയും അഭിപ്രായ വോട്ടെടുപ്പുകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യക്കാര്‍ തങ്ങളുടെ രാജ്യത്തിന്റെ ആഗോള പ്രശസ്തിയില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ വേളയില്‍, രാജ്യം എത്രത്തോളം നേട്ടം കൈവരിച്ചിട്ടുണ്ട് എന്നത് ആളുകള്‍ അറിയേണ്ടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യകതമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ആഗോള നിലവാരം ഉയര്‍ത്തിയെന്ന് നിരന്തരം അവകാശപ്പെടുന്ന എന്‍. ഡി. യെ സര്‍ക്കാരിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 12 രാജ്യങ്ങളില്‍ 37% മുതിര്‍ന്നവര്‍ മാത്രമാണ് മോദിയില്‍ വിശ്വാസം പ്രകടിപ്പിച്ചത്. 40 % പേരും മോദിയില്‍ വിശ്വസിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ സര്‍വേ പ്രകാരം 23% അമേരിക്കക്കാര്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിച്ചെന്ന് വിശ്വസിക്കുന്നു. 2023 ല്‍ ഏകദേശം 40% അമേരിക്കക്കാരും മോദിയെക്കുറിച്ച് കേട്ടിട്ടില്ലെന്ന് പറയുമ്പോള്‍, മോദിയെ അറിയുന്ന 21% പേര്‍ അദ്ദേഹത്തിന്റെ ഭരണത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2024 മാര്‍ച്ചിലെ യു ഗൊവ് വോട്ടെടുപ്പ് പ്രകാരം അമേരിക്കക്കാര്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള വിദേശ രാഷ്ട്രീയക്കാരുടെ പട്ടികയില്‍ 26ാം സ്ഥാനത്താണ് മോദി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനും പിന്നിലാണ് മോദിയുടെ സ്ഥാനം. സര്‍വേ പ്രകാരം 51% അമേരിക്കക്കാരും മോദിയെക്കുറിച്ച് കേട്ടിട്ടുണ്ട്. അവരില്‍ 22% പേര്‍ക്ക് മാത്രമാണ് മോദിയില്‍ വിശ്വാസമുള്ളത്. ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയാണ് സര്‍വേയില്‍ ഒന്നാമത്.

2008-ല്‍ അമേരിക്കയിലെ 63 % പേര്‍ക്കും ഇന്ത്യയെക്കുറിച്ച് അനുകൂലമായ കാഴ്ചപ്പാടുണ്ടായിരുന്നു. എന്നാല്‍ അത് 2023-ല്‍ 51% ആയി കുറഞ്ഞു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സര്‍വേകളുടെയും വോട്ടെടുപ്പുകളുടെയും അടിസ്ഥാനത്തില്‍, ‘ലോകത്തില്‍ ഇന്ത്യയുടെ നില നാടകീയമായി ഉയര്‍ത്തിയ മോദിയുടെ അവകാശവാദം മരീചികയാണ് ‘എന്ന് റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നു. ജനാധിപത്യ മര്യാദകളോടെയും മനുഷ്യാവകാശപ്രവര്‍ത്തനങ്ങളിലൂന്നിയും മുന്നേറിയാല്‍ മാത്രമേ രാജ്യത്തിന്റെ നില മെച്ചപ്പെടുത്താനാകൂ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Content Highlight: Despite His claims, Modi’s rule has not improved India’s image abroad: Report

We use cookies to give you the best possible experience. Learn more