കൊല്‍ക്കത്ത: ദുര്‍ഗാപൂജയ്ക്ക് പിന്നാലെ നടത്തുന്ന ദുര്‍ഗാവിസര്‍ജ ചടങ്ങ് മുഹറം ദിനത്തില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ദുര്‍ഗാവിസര്‍ജ ചടങ്ങ് മാറ്റിവെക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മമത രംഗത്തെത്തിയത്.
വിജയദശമിയുടെ പിറ്റേദിവസമാണ് ദുര്‍ഗാവിസര്‍ജ ചടങ്ങ് നടത്താറ്. ഇതേദിവസം തന്നെയാണ് മുഹറംദിനവും വരുന്നത്. ഇരു വിഭാഗങ്ങളുടേയും ചടങ്ങുകള്‍ ഒരേ ദിവസം നടക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്നും അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്നും മമത പറഞ്ഞു.
ദുര്‍ഗാപൂജാ സംഘാടകരുമായി കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി യോഗം ചേര്‍ന്നിരുന്നു. വിജയദശമി ദിനത്തിലെ ആഘോഷങ്ങള്‍ വൈകീട്ട് 6 മണിയോടെ അവസാനിപ്പിക്കണം. അതിന് ശേഷം മുഹറം ദിന ആഘോഷങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. രണ്ട് ആഘോഷങ്ങളും ഒരേ സമയം നടക്കുന്നത് ചില പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അതുകൊണ്ട് തന്നെ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുകയാണ്.
ഇത്തരമൊരു അവസരം മുതലെടുത്ത് ഹിന്ദുക്കളേയും മുസ്‌ലീങ്ങളേയും മറയാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചില തത്പ്പരകക്ഷികള്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മുഹറം ദിനത്തിലെ 24 മറിക്കൂര്‍ ഒഴികെ ഒക്ടോബര്‍ 2,3,4 ദിവസങ്ങളില്‍ ദുര്‍ഗാവിസര്‍ജ ചടങ്ങ് നടത്താമെന്നും മമത പറഞ്ഞു. കഴിഞ്ഞ വര്‍ഷവും മുഹറം ദിനത്തിന്റെ തലേദിവസം ദുര്‍ഗാവിസജര്‍ജ ചടങ്ങ് നടത്തുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തി. ഇത് സ്വേച്ഛാധിപത്യ ഭരണകൂടമാണെന്നും ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും കോടതി കുറ്റപ്പെടുത്തി. വിജയദശമി നാളില്‍ ദുര്‍ഗവിഗ്രഹങ്ങള്‍ പുഴയില്‍മുക്കിയെടുക്കുന്ന ചടങ്ങിന് മുന്‍കാലങ്ങളില്‍ നിയന്ത്രണമൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് കോടതി കുറ്റപ്പെടുത്തി.