ന്യൂദല്‍ഹി: 2017 ലെ കുറ്റകൃത്യങ്ങളുടെയും കലാപങ്ങളുടെയും കണക്ക് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടു. പക്ഷേ, മനപൂര്‍വ്വം വിട്ടുകളഞ്ഞ ചില കണക്കുകളുണ്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടില്‍.
ആള്‍ക്കൂട്ട കൊലപാതകങ്ങളും ഖാപ് പഞ്ചായത്ത് കൊലപാതകങ്ങളും വര്‍ഗീയ കൊലപാതകങ്ങളും ഇത്തവണ റിപ്പോര്‍ട്ടില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള പ്രധാന വിമര്‍ശനം.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമായി നടന്നതിനെ തുടര്‍ന്ന് 2015-16 കാലഘട്ടത്തിലാണ് ഇത് സംബന്ധിച്ച് പ്രത്യേക കണക്കെടുപ്പ് നടത്തിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ പ്രത്യേകമായി കണക്കെടുക്കുന്നത് ഗുണം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. മോഷണം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പശുക്കടത്ത്, വര്‍ഗീയ പ്രശ്‌നങ്ങള്‍ എന്നിവ ആരോപിച്ചാണ് ഇന്ത്യയില്‍ ആള്‍ക്കൂട്ട ആക്രമണം നടക്കുന്നത്.
ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്നും അത് പശ്ചാത്യ സൃഷ്ടിയാണെന്നും അടുത്തിടെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.