|

ശബരിമല വിഷയം കത്തിച്ചിട്ടും ബി.ജെ.പിക്ക് കിട്ടിയത് 15 ശതമാനം വോട്ടാണ്, നിയമസഭയിലെ ഏക സീറ്റും പോയി: എസ്.ഹരീഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മോദി അധികാരത്തില്‍ വരുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് എഴുത്തുകാരന്‍ എസ്.ഹരീഷ്. കേരളത്തില്‍ ബി.ജെ.പിക്ക് എന്തെങ്കിലും സാധ്യതയുണ്ടാകുമെന്ന് കരുതുന്നില്ലെന്നും, ശബരിമല പോലൊരു വിഷയം കത്തിച്ചിട്ടും കേരളത്തില്‍ ബി.ജെ.പിക്ക് കേവലം 15 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഹരീഷ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരീഷ്.

‘മോദി അധികാരത്തില്‍ വരുമെന്നോ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നോ ഞാന്‍ വിചാരിച്ചിരുന്നില്ല. കാരണം ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം ബി.ജെ.പിക്ക് ഒരു തിരിച്ചടിയുണ്ടായിരുന്നു. ഇന്ത്യന്‍ ജനത അതിന് എതിരായിരുന്നു. പക്ഷെ വാജ്‌പേയ് വന്ന് ഒരു മിതവാദത്തിലൂടെ അത് രക്ഷിച്ചെടുത്തു. അത് കഴിഞ്ഞ് മോദി ഒറ്റക്ക് അധികാരത്തിലെത്തുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. എന്റെ തെറ്റിപ്പോയ പ്രവചനങ്ങളില്‍ ഒന്നായിരുന്നു അത്. കേരളത്തില്‍ നിന്ന് ഇന്ത്യയെ കാണുന്നത് കൊണ്ടുള്ള പ്രശ്‌നമായിരിക്കാം അത്. വടക്കേ ഇന്ത്യയില്‍ നിന്ന് നോക്കുമ്പോള്‍ അത് വ്യത്യസ്തമായിരിക്കാം.

പക്ഷെ 2019ല്‍ ഞാന്‍ മോദിതന്നെ വരുമെന്ന് വിചാരിച്ചിരുന്നു. പിന്നീട് അതിന്റെ ഒഴുക്ക് അങ്ങനെയായിരുന്നു. 2019ല്‍ കേരളത്തില്‍ നിന്ന് 19 സീറ്റും മലയാളികള്‍ നല്‍കിയത് എന്തെങ്കിലും ഒരു സാധ്യതയുണ്ടെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതിയാണ്. കേരളത്തില്‍ നിന്ന് അവര്‍ക്ക് ലഭിക്കാവുന്നതിന്റെ പരമാവധി വോട്ടാണ് 2019ല്‍ ബി.ജെ.പിക്ക് ലഭിച്ചത്. ഇന്ത്യയിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ആരാധനാലയമാണ് ശബരിമല. ശബരിമല പോലെയുള്ള ഒരു വിഷയം കത്തിച്ചിട്ടു പോലും അവര്‍ക്ക് 15 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിട്ടുള്ളത്. നിയമസഭയില്‍ ഉണ്ടായിരുന്ന ഒരു സീറ്റ് പോവുകയും ചെയ്തു.

മാത്രവുമല്ല ക്രിസ്ത്യന്‍ സമുദായത്തില്‍ ഉള്‍പ്പെടുന്ന എത്ര പേരെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ പറ്റിയിട്ടുണ്ട്? ഒരു ജോണി നെല്ലൂരും കുറച്ചുപേരും മാത്രമല്ലെ പോയിട്ടൊള്ളൂ. കുറച്ചു ഉദ്യോഗസ്ഥരെ കിട്ടിയിട്ടുണ്ടാകും. ആരാണ് ധൈര്യപൂര്‍വം അവര്‍ക്കൊപ്പം പോകുക. പോയ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ? കേരളത്തില്‍ ഒരു സാധ്യതയും ബി.ജെ.പിക്ക് ഇല്ലാത്തത് കൊണ്ടാകാം കുറെയാളുകള്‍ പോകാതിരിക്കുന്നത്. സാധ്യതയുണ്ടായാല്‍ സ്ഥാനമാനങ്ങള്‍ നോക്കി ആരെങ്കിലുമൊക്കെ പോകുമായിരിക്കും. പക്ഷെ ബി.ജെ.പിക്ക് കേരളത്തില്‍ ഒരു സാധ്യതയുണ്ടാകില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്, ഹരീഷ് പറഞ്ഞു.

content highlights: Despite burning the Sabarimala issue, BJP got 15 percent votes, lost only one seat in the assembly: S. Harish

Latest Stories