| Saturday, 16th September 2017, 10:30 am

ജീവിക്കാനായി അവയങ്ങള്‍ വില്‍ക്കേണ്ടി വരുന്നു; ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ നിന്നും വെളിപ്പെടുത്തലുമായി പൗരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യെമന്‍: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ അതിജീവനത്തിനായി സ്വന്തം അവയവങ്ങള്‍ വില്‍ക്കുകയാണ് തങ്ങളെന്ന വെളിപ്പെടുത്തലുമായി പൗരന്‍മാര്‍.

ഹൂതി റിബലുകളുമായി നടക്കുന്ന യുദ്ധത്തില്‍ യമനൊപ്പം ചേരുക, അല്ലെങ്കില്‍ അയല്‍ രാജ്യമായ സൗദിയില്‍ ജോലി തേടുക, അല്ലെങ്കില്‍ അവയവങ്ങള്‍ വില്‍ക്കുക എന്നതാണ് തങ്ങള്‍ക്ക് മുന്നിലുള്ള വഴികളെന്നാണ് അലി എന്ന യെമന്‍ പൗരന്റെ തുറന്നുപറച്ചില്‍.

ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ 2014 മുതല്‍ പതിനായിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. മൂന്ന് ലക്ഷത്തോളം ആളുകള്‍ രാജ്യം വിട്ടതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read ‘തമിഴകത്തിന്റെ മുഖം മാറുമോ?’; രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഒപ്പം ചേരുമെന്ന് കമല്‍ഹാസന്‍


“ഇവിടെ തൊഴിലില്ല. എന്റെ ഭാര്യ എന്നെ മറ്റൊരാള്‍ക്കൊപ്പം പോയി. യമനിലെ ബാനി മതാര്‍ ജില്ലയിലെ വീട്ടില്‍ ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുയാണ് ഞാന്‍. അടുത്തിടെയാണ് എന്റെ കിഡ്‌നി സര്‍ജറി നടന്നത്.

രണ്ട് വര്‍ഷത്തോളമെടുത്ത യുദ്ധത്തിനുശേഷം, തൊഴിലാളിവര്‍ഗ വിഭാഗമായ അനേകം ആളുകള്‍ കുറഞ്ഞ വിലയില്‍ മയക്കുമരുന്ന് പോലുള്ള ഉത്പ്പന്നങ്ങള്‍ വിറ്റാണ് ദാരിദ്ര്യം അകറ്റുന്നത്. മറ്റു ചിലരാകട്ടെ അതിജീവനത്തിനായി സ്വന്തം അവയവങ്ങള്‍ വില്‍ക്കുന്നു. – അലി പറയുന്നു.

സനാ പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ നില്‍ക്കവെ യെമനി-ഈജിപ്ഷ്യന്‍ ടാക്‌സി ഡ്രൈവറായ വ്യക്തി തന്നെ പരിചയപ്പെടുകയും തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തോട് പറഞ്ഞതോടെ അവയവം ദാനം ചെയ്യാന്‍ അയാള്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നെന്നും അലി അല്‍ജസീറയോട് പറഞ്ഞു. അവയം വില്‍ക്കുന്നതിന്റെ ഇടനിലക്കാരനായി നിന്നത് അയാളായിരുന്നു. സൗദിയിലേക്ക് പോകാനുള്ള തീരുമാനത്തിലായിരുന്നു താന്‍ പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയത്.

എന്നാല്‍ ആ ടാക്‌സി ഡ്രൈവര്‍ താനും ഇതുപോലെ അവയവം വിറ്റതാണെന്നും ആവശ്യത്തിന് പണം ലഭിച്ചപ്പോള്‍ വിവാഹം ചെയ്യുകയും കാര്‍ വാങ്ങുകയും ചെയ്‌തെന്നും പറഞ്ഞു. ശരീരത്തില്‍ ഓപ്പറേഷന്‍ നടത്തിയതിന്റെ പാടുകളും അദ്ദേഹം കാണിച്ചു തന്നു. – അലി പറയുന്നു.

തുടര്‍ന്ന് ഇയാള്‍ അലിയുടെ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുകയും ഒരു ഈജിപ്ഷ്യന്‍ ഓര്‍ഗനൈസറുടെ സഹായത്തോടെ അലി രോഗബാധിതനായിരുന്നുവെന്നും, അയാളെ ചികിത്സയ്ക്കായി കൈറോയിലേക്ക് യാത്ര ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കുന്ന വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടും ഉണ്ടാക്കി. കുവൈത്തില്‍ കഴിയുന്ന ഒരാള്‍ക്കായി പതിനായിരം ഡോളറിന് അലിയുടെ കിഡ്‌നി നല്‍കാമെന്ന കരാറില്‍ ഇവര്‍ എത്തിച്ചേരുകയുമായിരുന്നു.

കെയ്‌റോയില്‍ വളരെ ചെറിയതും പൊട്ടിപ്പൊളിഞ്ഞതുമായ ഒരു അപാര്‍ട്‌മെന്റില്‍ 25 ദിവസം താമസിച്ചു. ചിലവുകളൊക്കെ നോക്കിയിരുന്നത് അവിടെ എത്തിച്ചവര്‍ തന്നെയായിരുന്നു. താന്‍ പുറത്തേക്ക് പോകുന്നതും വിലക്കിയിരുന്നെന്നും അലി പറയുന്നു. ഓപ്പറേഷന്‍ നടത്തുന്നത് സ്വന്തം റിസ്‌കിലാണെന്നും അപകടമുണ്ടായാല്‍ ആശുപത്രിക്കോ ഡോക്ടര്‍മാക്കോ ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും എഴുതി ഒപ്പിട്ടു നല്‍കേണ്ടതുണ്ടെന്നും അലി പറയുന്നു. സര്‍ജറി കഴിഞ്ഞാല്‍ പണം ലഭിക്കും.

അലിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. യെമനില്‍ ഇത്തരം സംഘങ്ങള്‍ ധാരാളം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരവധി ഇടനിലക്കാര്‍ ഇരകളെ തേടിപ്പിടിക്കാനായി കോഫി ഷോപ്പുകള്‍ക്കുമുന്‍പിലും ബാറുകള്‍ക്ക് മുന്‍പിലും പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് മുന്‍പിലും നില്‍ക്കാറുണ്ടെന്ന് പലരും വെളിപ്പെടുത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 സെപ്തംബര്‍ മുതല്‍ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മറ്റ് പൊതുമേഖലാ തൊഴിലാളികള്‍ക്കുമായി സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. ഒരു ദശലക്ഷത്തോളം വരുന്ന സംസ്ഥാന ജീവനക്കാരും അവരുടെ കുടുംബങ്ങളും സ്ഥിര വരുമാനമില്ലാതെ ദുരിതത്തിലാണ്.

യെമനിയിലെ ഒരു അധ്യാപിക തന്റെ കിഡ്‌നി വില്‍ക്കാന്‍ തയ്യാറാണെന്ന് പറയുന്ന ഒരു വീഡിയോ കഴിഞ്ഞ മാസം ഒരു സാമൂഹ്യപ്രവര്‍ത്തക ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

തെറ്റായ നിയമവ്യവസ്ഥയുള്ള സര്‍ക്കാരാണ് തങ്ങളെ നയിക്കുന്നതെന്നും എന്റെ കുട്ടികളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ ഞാന്‍ എന്റെ കിഡ്‌നി വില്‍ക്കാന്‍ പോകുകയാണ് എന്നും എന്റെ ശമ്പളം എന്റെ ജീവിതമാണ്.എന്നു പറയുന്ന വീഡിയോയും പ്രചരിച്ചിരുന്നു.

2015 മാര്‍ച്ച് മുതല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഈജിപ്തില്‍ 300-ഓളം അവയവ വില്‍പ്പനകളാണ് നടന്നിട്ടുള്ളതെന്ന് സനാ അധിഷ്ഠിത സര്‍ക്കാരിതര സംഘടനയായ യമന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ ട്രാഫിക്കിംഗ് വ്യക്തമാക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ എണ്ണം ഇതിനേക്കാള്‍ മുകളിലാണെന്നും പ്രായോഗിക പ്രശ്‌നങ്ങളും നിയമവിരുദ്ധതയും മതപരമായ കാരണങ്ങളും മുന്‍നിര്‍ത്തി പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണെന്നുമാണ് ചില എന്‍.ജി.ഒ സംഘടനകള്‍ തന്നെ വ്യക്തമാക്കുന്നത്.

20 മില്യണിലധികം വരുന്ന യമന്‍ ജനത മാനുഷികസഹായം അര്‍ഹിക്കുന്നുണ്ടെന്നാണ് യു.എന്‍ വ്യക്തമാക്കുന്നത്. 2014 ല്‍ 4.7 ബില്യണ്‍ ആയിരുന്ന യെമന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വിദേശ വിനിമയ കരുതല്‍ ശേഖരം 2016 അവസാനത്തോടെ 1 ബില്യണായി കുറഞ്ഞെന്നാണ് കണക്കാക്കപ്പെടുന്നു.

We use cookies to give you the best possible experience. Learn more