തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ച് നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. എല്‍.ഡി.എഫ് സര്‍ക്കാരിലെ രണ്ടാം ഊഴത്തില്‍ മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യാനിരിക്കെയാണ് കെ.ബി. ഗണേഷ് കുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയത്.
അനാവശ്യമായ വിഷയങ്ങളില്‍ എന്‍.എസ്.എസ് ഇടപെടാറില്ലെന്നും സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഇടപെടുന്നത് സംഘടനയുടെ നിലപാടുകള്‍ക്ക് അനുസരിച്ചാണെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അത്തരം നിലപാടുകളില്‍ യൂണിയന്‍ പ്രസിഡന്റ് എന്ന നിലയിലും ഡയക്ടര്‍ ബോര്‍ഡ് അംഗവുമെന്ന നിലയിലും എന്‍.എസ്.എസിനോടപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ എന്‍.എസ്.എസിനെയോ എന്‍.എസ്.എസ് സര്‍ക്കാരിനെയോ ആശ്രയിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും ഇരു വിഭാഗവും കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ രണ്ടാണെന്നും ഗണേഷ് കുമാര്‍ കുമാര്‍ പറഞ്ഞു. തന്റെ പിതാവിന്റെയും മാതാവിന്റെയും മരണത്തിന് ശേഷം മാനസികമായി വലിയ രീതിയില്‍ പിന്തുണ നല്‍കിയ വ്യക്തിയാണ് സുകുമാരന്‍ നായരെന്നും അതിനാലാണ് പിതൃസ്ഥാനത്തുള്ള അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഗണേഷ് കുമാര്‍ മന്ത്രിയായാലും യൂണിയന്‍ പ്രസിഡന്റ് ആയാലും മറ്റു ഏത് സ്ഥാനത്തായാലും അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. തങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുന്നിടത്തോളം ഈ സൗഹൃദം തുടരുമെന്നും എന്‍.എസ്.എസിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അത് അപ്പോള്‍ നോക്കാമെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയുടെ നിര്‍ദേശം പ്രകാരം കാലാവധി പൂര്‍ത്തിയാക്കിയ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. രാമചന്ദ്രന്‍ കടന്നപള്ളി, കെ.ബി. ഗണേഷ് കുമാര്‍ എന്നിവര്‍ ഡിസംബര്‍ 29ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Content Highlight: Designated Minister Ganesh Kumar at NSS headquarters