തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം മുഖപത്രം ദേശാഭിമാനി.
‘എന്നും പദവിക്ക് പിന്നാലെ; നിലപാടുകള്‍ വിറ്റ് ബി.ജെ.പിയില്‍’, ‘ജയിന്‍ ഹവാലയിലെ മുഖ്യപ്രതി’ എന്നിങ്ങനെ രണ്ട് ലേഖനങ്ങളിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുള്ളത്.
സിക്കന്തര്‍ ഭക്തിനും ആരിഫ് ബെയ്ഗിനും ശേഷം ബി.ജെ.പി വലയിലാക്കുന്ന പ്രമുഖ മുസ്‌ലിം നേതാവ് എന്ന ഇമേജുമായാണ് ആരിഫ് മുഹമ്മദ് ഖാന്‍ 2004ല്‍ ബി.ജെ.പിയില്‍ എത്തുന്നത്. ബി.എസ്.പിയില്‍ അവഗണിക്കപ്പെട്ടതോടെ മുസ്‌ലിം വിരുദ്ധനായാലേ പദവികള്‍ തേടിയെത്തൂ എന്ന് മനസ്സിലാക്കിയ അദ്ദേഹം പൗരത്വ നിയമമടക്കം ബി.ജെ.പിയുടെ എല്ലാ വര്‍ഗീയ ജനവിരുദ്ധ നീക്കങ്ങളുടെയും വക്താവായി മാറിയെന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.
ഇന്ത്യയിലെ മതനിരപേക്ഷ തുരുത്തായ കേരളത്തില്‍ ഒരു ലഹളയുടെ കൊടിപ്പടം പാറിച്ചാല്‍ ബി.ജെ.പിയുടെ നല്ല കുട്ടിയായി എക്കാലവും വാഴാമെന്ന് അദ്ദേഹം കരുതുന്നുണ്ടാവും എന്നും ദേശാഭിമാനി വിമര്‍ശിച്ചു.
മുസ്‌ലിം സമുദായത്തിന്റെ ഉന്മൂലനം തന്നെ ലക്ഷ്യമിടുന്ന ഒരു പാര്‍ട്ടിയുടെ പിന്നാമ്പുറത്ത് വിലപേശി വിറ്റുകിട്ടിയ നേട്ടങ്ങളില്‍ ആരിഫ് മുഹമ്മദ് ഖാന്‍ മതിമറന്നാടുകയാണെന്നും മുഖപത്രം വിമര്‍ശിച്ചു. ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഴിമതി ആവോളമുണ്ടെന്ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ജയിന്‍ ഹവാല കേസിലെ മുഖ്യപ്രതിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. 7.63 കോടി രൂപയാണ് അദ്ദേഹം വാങ്ങിയത്. അതിന്റെ എല്ലാ രേഖകളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ‘ജയിന്‍ ഹവാലയിലെ മുഖ്യപ്രതി’ എന്ന ലേഖനത്തില്‍ പറയുന്നു.
1991 ഏപ്രിലില്‍ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അഷ്റഫ് അഹമ്മദ് ലോണില്‍നിന്ന് 16 ലക്ഷം രൂപയും ബാങ്ക് ഡ്രാഫ്റ്റുകളും പിടിച്ചെടുത്തു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ദുബായ്, ലണ്ടന്‍, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹവാല റാക്കറ്റിലേക്ക് സി.ബി.ഐ എത്തുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ സഞ്ജയ് കപൂര്‍ എഴുതിയ ‘ബാഡ് മണി, ബാഡ് പൊളിറ്റിക്സ് ദി അണ്‍ടോള്‍ഡ് ഹവാല സ്റ്റോറി’ എന്ന പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
മുഖ്യപ്രതിയായ സുരേന്ദര്‍ ജയിനിന്റെ കുറ്റസമ്മത മൊഴിയിലും സി.ബി.ഐ കുറ്റപത്രത്തിലും ആരിഫ് മുഹമ്മദ് ഖാന്റെ പങ്ക് എടുത്ത് പറയുന്നുണ്ടെന്നും മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ജയിന്‍ ഹവാലയിലെ മുഖ്യപ്രതി’ എന്ന ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നും പദവിക്ക് പിന്നാലെ പോയ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടുകള്‍ വിറ്റാണ് ബി.ജെ.പിയിലെത്തിയതെന്നാണ് മറ്റൊരു ലേഖനത്തില്‍ ദേശാഭിമാനി ഗവര്‍ണറെ തുറന്നുകാട്ടുന്നത്.
1998ല്‍ ലോക്സഭയില്‍ ബി.ജെ.പിക്കും വാജ്പേയിക്കുമെതിരേ ഗുരുതരമായ ആരോപണമുന്നയിച്ച് കോലാഹാലം ഉണ്ടാക്കിയ അന്നത്തെ ബി.എസ്.പി എം.പിയായിരുന്ന അതേ ആരിഫ് മുഹമ്മദ് ഖാനാണ് ഇന്ന് ബി.ജെ.പി സര്‍ക്കാരിന്റെ കൂലിപ്പടയാളിയെപ്പോലെ കേരള സര്‍ക്കാരിനെതിരെ അസംബന്ധ യുദ്ധം നയിക്കുന്നതെന്നാണ് ഈ ലേഖനത്തില്‍ ആരോപിക്കുന്നത്.
ഇത്തരം ഹവാല അഴിമതി ആരോപണം നേരിട്ടയാളാണ് ഒരു അഴിമതിയിലും ഉള്‍പ്പെടാത്ത ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും ദേശാഭിമാനി ഗവര്‍ണറെ ഈ ലേഖനത്തിലൂടെ വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഗവര്‍ണര്‍ പോര് കടുപ്പിച്ച പശ്ചാത്തലത്തിലാണ് ദേശാഭിമാനിയിലെ ലേഖനം. നിയമലംഘനം നടത്തി വഴിവിട്ടത് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
എന്നാല്‍ ഗവര്‍ണര്‍ ആര്‍.എസ്.എസ് ദൗത്യം എറ്റെടുക്കുകയാണെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്. ‘കോഴി കോട്ടുവാ ഇടുന്ന പോലെ’ എന്നാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തെക്കുറിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.
അതേസമയം, സി.പി.ഐ മുഖപത്രമായ ജനയുഗത്തിലും ഗവര്‍ണര്‍ക്കെതിരേയുളള ലേഖനമുണ്ട്. മനോനില തെറ്റിയവരെപ്പോലെ സത്യസന്ധതയില്ലാത്ത നിലപാടുകള്‍ ആവര്‍ത്തിക്കുന്നതിന് പിന്നിലെ ഗവര്‍ണറുടെ ചേതോവികാരം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നാണ് ‘മലിനമാക്കപ്പെടുന്ന രാജ്ഭവനുകള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നത്.
അതിനിടെ, അസാധാരണമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പഴയ ആരോപണങ്ങള്‍ തന്നെ ഉന്നയിച്ചതോടെ ഗവര്‍ണര്‍ സമൂഹ മാധ്യമങ്ങളിലും എയറിലായിരിക്കുകയാണ്.
Content Highlight: Deshabhimani Newspaper Criticizing Governor Arif Mohammad Khan