| Sunday, 19th January 2014, 11:41 am

നമോ വിചാര്‍ മഞ്ച് ബന്ധം, ദേശാഭിമാനി ഭൂമി വില്‍പ്പന : പരാതിയുമായി വി.എസ് പി.ബിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ദേശാഭിമാനിയുടെ ഭൂമി വി.എം രാധാകൃഷ്ണന് കുറഞ്ഞ വിലക്ക് ഭുമി വിറ്റതുമായി ബന്ധപ്പെട്ട് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്ചുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി.

കണ്ണൂരില്‍ ബി.ജെ.പി വിട്ട നമോവിചാര്‍ മഞ്ചുമായി ധാരണയുണ്ടാക്കിയത് ശരിയായില്ലെന്നും വി.എസ് പിബിയെ അറിയിച്ചിട്ടുണ്ട്.

കുറഞ്ഞ വിലക്ക് ഭുമി വിറ്റത് തെറ്റാണെന്നും ഇടപാടില്‍ ക്രമക്കേടുണ്ടെന്നും കത്തില്‍ പറയുന്നു. വിപണി വിലക്കല്ല ദേശാഭിമാനി ഭൂമി നല്‍കിയതെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും കളങ്കിതനായ വ്യക്തിക്കാണ് വിറ്റതെന്നും പാര്‍ട്ടി അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നുണ്ട.

തിരുവനന്തപുരം മാഞ്ഞാലിക്കുളത്തുള്ള 32.5 സെന്റ് സ്ഥലവും ബഹുനില കെട്ടിടവുമാണ് രാധാകൃഷ്ണന് ദേശാഭിമാനി വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് ഇടപാടുകള്‍ നടന്നത്.

രാധാകൃഷ്ണന്റെ ബിനാമിയായ ഡാനിഷ് ചാക്കോ എന്നയാളാണ് രാധാകൃഷ്ണന് വേണ്ടി ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടവും ഭൂമിയും വാങ്ങിയിരിക്കുന്നത് എന്നാണ് രേഖകള്‍ കാണിക്കുന്നത്.

മൂന്നരക്കോടി രൂപയ്ക്കാണ് ദേശാഭിമാനിയുടെ പക്കല്‍ നിന്ന് രാധാകൃഷ്ണന്‍ ഭൂമി വാങ്ങിയത്. രാധാകൃഷ്ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരനായ ഡിനീഷ് .കെ.ചാക്കോയെ മൂന്ന് ദിവസത്തേക്ക് ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്റ് ഡെവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ആക്കിയ ശേഷമാണ്  ഭൂമി കൈമാറ്റ രേഖകളില്‍ ഒപ്പു വച്ചതെന്നാണ് കണ്ടെത്തല്‍.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി.ബി യോഗം വി.എസിന്റെ പരാതി പരിഗണിച്ചേക്കും.

We use cookies to give you the best possible experience. Learn more