| Monday, 2nd December 2013, 7:57 am

പരസ്യദാതാവിനെ കുറിച്ച് പോലീസ് വെരിഫിക്കേഷന്‍ വാങ്ങിച്ച് പരസ്യം നല്‍കാനാവില്ല: ദേശാഭിമാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: വിവാദ പരസ്യത്തെ ന്യായീകരിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം. ഏതു പരസ്യം വരുമ്പോഴും പരസ്യദാതാവിന്റെ ജീവിതപശ്ചാത്തലം പൊലീസ് വെരിഫിക്കേഷന് വിട്ട് റിപ്പോര്‍ട്ട് വാങ്ങിക്കുക ദേശാഭിമാനിക്കെന്നല്ല ഒരു പത്രത്തിനും സാധ്യമായ കാര്യമല്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

പരസ്യദാതാവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ശേഖരിച്ചിട്ടേ പത്രം പരസ്യം കൊടുക്കൂവെന്നു വന്നാല്‍ അധികം പരസ്യമൊന്നും കൊടുക്കേണ്ടിവരില്ലെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു. ഇന്നത്തെ ദേശാഭിമാനിയിലാണ് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ പരസ്യത്തെ ന്യായീകരിച്ച് മുഖപ്രസംഗം വന്നിരിക്കുന്നത്.

പത്രത്തില്‍വരുന്ന വാര്‍ത്തകളെല്ലാം പത്രം നടത്തുന്ന പ്രസ്ഥാനത്തിന്റെ അഭിപ്രായമല്ല പ്രതിഫലിപ്പിക്കുക. മന്‍മോഹന്‍സിങ് മുതല്‍ ഉമ്മന്‍ചാണ്ടിവരെയും ബറാക് ഒബാമ മുതല്‍ ബഞ്ചമിന്‍ നെതന്യാഹുവരെയും ബിജു രാധാകൃഷ്ണന്‍ മുതല്‍ സരിതാനായര്‍വരെയും ഉള്ളവര്‍ പറയുന്നത് പത്രത്തില്‍ വരുന്നുണ്ട്. അതൊക്കെ പത്രത്തിന്റെ അഭിപ്രായമാണോ? വാര്‍ത്തയുടെ കാര്യംതന്നെ ഇതാണെങ്കില്‍ പരസ്യത്തിന്റെ കാര്യം പറയാനില്ല. പരസ്യം കൊടുക്കുന്നതിന് പരസ്യദാതാവിന്റെ സമസ്ത ചെയ്തികള്‍ക്കുമുള്ള ന്യായീകരണം എന്ന അര്‍ഥമില്ല- മുഖപ്രസംഗം പറയുന്നു.

സി.പി.ഐ.എം സംസ്ഥാന പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുന്‍പേജില്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ പരസ്യം വന്നിരുന്നു.

പരസ്യത്തെ ന്യായീകരിച്ച് സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയംഗം ഇ.പി ജയരാജന്‍ രംഗത്ത് വന്നു. ആവശ്യമെങ്കില്‍ പരിശോധന നടത്തുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാട്. പരസ്യം നല്‍കിയത് തെറ്റാണെന്ന് വ്യക്തമാക്കി വി.എസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു.

പരസ്യത്തെ ന്യായീകരിക്കുന്നത് ദേശാഭിമാനിയാണെന്നും അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും നേരത്തേ സി.പി.ഐ.എം നേതാവ് എ.കെ ബാലന്‍ പറഞ്ഞിരുന്നു. പരസ്യത്തെ വിമര്‍ശിച്ച് സി.പി.ഐ.എം നേതാക്കളായ ആനത്തലവട്ടം ആനന്ദന്‍, എം.എം ലോറന്‍സ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.

പരസ്യത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്ന നിലപാടായിരുന്നു പ്ലീനത്തിന് ആതിഥ്യം നല്‍കിയ സി.പി.ഐ.എം പാലക്കാട് ജില്ലാ നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പരസ്യത്തെ ന്യായീകരിച്ച് ദേശാഭിമാനിയില്‍ മുഖപ്രസംഗം വന്നതോടെ പാര്‍ട്ടിക്കകത്തെ അഭിപ്രായ ഭിന്നത കൂടിയാണ് വെളിപ്പെടുന്നത്.

We use cookies to give you the best possible experience. Learn more