| Thursday, 23rd July 2020, 7:51 am

'എതിര്‍രാഷ്ട്രീയ പാര്‍ട്ടിക്കാരെക്കാള്‍ വാശിയോടെ ഇടപെടുന്ന കോട്ടിട്ട അവതാരകന്‍, നിഷ്പക്ഷരെന്ന് മുദ്രകുത്തിയ കമ്യൂണിസ്റ്റ് വിരുദ്ധര്‍'; ഏഷ്യാനെറ്റ് ചര്‍ച്ചകള്‍ക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള സി.പി.ഐ.എം നിലപാട് വ്യക്തമാക്കി കൊണ്ട് ദേശാഭിമാനിയുടെ മുഖപ്രസംഗം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏഷ്യനെറ്റില്‍ നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ചാനല്‍ സമയം അനുവദിക്കുന്നില്ലെന്നും വാര്‍ത്തകള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നെന്നും പറഞ്ഞായിരുന്നു ബഹിഷ്‌കരണം.

അതേസമയം പാര്‍ട്ടി നിലപാടിനെ വിശദീകരിച്ചും, ചാനല്‍ നിലപാട് വ്യക്തമാക്കിയ എഡിറ്ററെ വിമര്‍ശിച്ചുമാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം.

എല്ലാ മാധ്യമ മര്യാദകളും ലംഘിക്കുന്ന തരത്തിലാണ് ചില ചാനലുകളിലെ രാത്രികാല ചര്‍ച്ചകള്‍ നടക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

ഒരു അവതാരകന്റെ നേതൃത്വത്തില്‍ വൈകുന്നേരം നടക്കുന്ന ചര്‍ച്ചയിലാണ് ഈ ജനാധിപത്യ മര്യാദലംഘനങ്ങള്‍ നടക്കുന്നത്. കോട്ടിട്ട അവതാരകന്‍ നിഷ്പക്ഷരെന്ന് മുദ്രകുത്തി കൊണ്ടിരുത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധര്‍, പോപ്പുലാര്‍ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ പത്രാധിപര്‍, മുസ് ലിം ലീഗില്‍ നിന്നും സി.പി.ഐ.എം ല്‍ നിന്നും പുറത്താക്കിയവരെ സ്വതന്ത്രചിന്തകര്‍ എന്ന് മുദ്രകുത്തി സ്റ്റുഡിയോയില്‍ ഇരുത്തി നടത്തുന്ന ചര്‍ച്ചയാണിത്.

ചര്‍ച്ചകളില്‍ കിട്ടുന്ന പരിമിതമായ സമയം പോലും വിനിയോഗിക്കാന്‍ സി.പി.ഐ.എം പ്രതിനിധിയെ അനുവദിക്കാതെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരെക്കാള്‍ വാശിയോടെ ഇടപെടുന്ന അവതാരകനെയാണ് ചര്‍ച്ചയില്‍ കാണാന്‍ കഴിയുന്നതെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.

സ്വര്‍ണക്കടത്ത് കേസിനെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ സോളാര്‍ കേസുമായി താരതമ്യം ചെയ്യുന്ന നിലപാടിനെയും ദേശാഭിമാനി വിമര്‍ശിക്കുന്നു.

ഒരു മാധ്യമത്തിന്റെയും പരിലാളനയിലല്ല പാര്‍ട്ടി വളര്‍ന്നുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ചാനല്‍ സൃഷ്ടിക്കുന്ന നുണയുടെ പുകമറ ഭേദിച്ചാണ് സി.പി.ഐ.എം എന്ന പാര്‍ട്ടി വളര്‍ന്നുകൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഒപ്പം ഏഷ്യാനെറ്റിനെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പറ്റിയും മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നുണ്ട്.

അതേസമയം സി.പി.ഐ.എം ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കാന്‍ എടുത്ത തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് ഏഷ്യനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. സ്‌കൂള്‍ പ്രസംഗമല്ല ചാനല്‍ ചര്‍ച്ചകള്‍ എന്ന് അദ്ദേഹം ഔട്ട് ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more