| Wednesday, 31st May 2017, 10:07 am

'അധമമായ പകയുടെ ആവിഷ്‌കാരമല്ല മാധ്യമപ്രവര്‍ത്തനം': ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുമായ എം.ജി രാധാകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി. ദേശാഭിമാനി റസിഡന്റ് എഡിറ്ററായ പി.എം മനോജിന്റെ “ഹിസ് മാസ്‌റ്റേര്‍സ് വോയ്‌സ്” എന്ന ലേഖനത്തിലൂടെയാണ് എം.ജി രാധാകൃഷ്ണനെ വിമര്‍ശിക്കുന്നത്.

“ഈ സര്‍ക്കാരിന്റേത് ബംഗാള്‍ തകര്‍ച്ചയുടെ മാര്‍ഗം” എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പിണറായി സര്‍ക്കാറിക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് എം ജി രാധാകൃഷ്ണന്‍ എഴുതിയ ലേഖനത്തിന് മറുപടിയെന്നോണമാണ് പി.എം മനോജിന്റെ ലേഖനം വന്നിരിക്കുന്നത്. ലേഖനത്തിലെ എം.ജി രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ വലതുപക്ഷരാഷ്ട്രീയത്തിന്റെ പുതിയ മുദ്രാവാക്യത്തിന്റെ തികട്ടലാണെന്നാണ് പി.എം മനോജിന്റെ കുറ്റപ്പെടുത്തല്‍.


Must Read:‘എന്റെ തല എന്റെ ഫുള്‍ ഫ്രെയിം’; അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന ന്യൂസ് 18 കേരള ചാനലിന്റെ ട്രോള്‍ വീഡിയോ നെറ്റില്‍ ഹിറ്റ്


അധമമായ പകയുടെ ആവിഷ്‌കാരമല്ല മാധ്യമപ്രവര്‍ത്തനം എന്ന് തിരിച്ചറിയാനുള്ള പാരമ്പര്യംപോലും പണയംവെച്ച് സ്വന്തം മാധ്യമത്തിന്റെ രാഷ്ട്രീയദൗത്യം മറ്റൊരു മാധ്യമത്തില്‍ കയറി നിര്‍വഹിക്കുന്ന രാാധാകൃഷ്ണന്‍ മാധ്യമങ്ങളെ പിടിമുറുക്കുന്ന ദുഷ്പ്രവണതയുടെ മാതൃകയാണെന്നും മനോജ് പറയുന്നു.

ലേഖനത്തില്‍ എം.ജി രാധാകൃഷ്ണന്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ സദുദ്ദേശ്യപരമല്ലെന്നും സംഘപരിവാര്‍ പ്രീണനമാണെന്നുമാണ് പി.എം മനോജ് ആരോപിക്കുന്നത്.

“ജനാധിപത്യസമൂഹത്തില്‍ മാധ്യമങ്ങള്‍ സര്‍ക്കാരിനെയോ മന്ത്രിമാരെയോ മുഖ്യമന്ത്രിയെയോ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതുമൊക്കെ സ്വാഭാവികമാണ്. അതിനുപയോഗിക്കുന്ന യുക്തിയും ആധാരമാക്കുന്ന വിവരങ്ങളും മാധ്യമപ്രവര്‍ത്തകന്റെ ബൌദ്ധികനിലവാരത്തിന് അനുസരിച്ചായിരിക്കും. എം ജി രാധാകൃഷ്ണന്റെ ലേഖനം അത്തരത്തില്‍ പരിശോധിക്കുമ്പോഴാണ്, അത് സദുദ്ദേശ്യപരമായ വിമര്‍ശനമല്ലെന്നും ജാതിക്കോയ്മയും വരേണ്യതയും തിളച്ചുതൂകുന്ന സംഘപരിവാര്‍ പ്രീണനമാണെന്നും തിരിച്ചറിയാനാകുന്നത്. മാധ്യമങ്ങളില്‍ പത്രാധിപരുടെ സ്വാതന്ത്യ്രം ഉടമയുടെ ചൊല്‍പ്പടിക്കകത്താണ്. ഏഷ്യാനെറ്റില്‍ പത്രാധിപരുടെ നേതൃത്വത്തില്‍ പിണറായി വിരുദ്ധ ഘോഷയാത്ര സംഘടിപ്പിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.” അദ്ദേഹം പറയുന്നു.


Don”t Miss: ‘അതുകൊണ്ടാ ഹിന്ദു കുട്ടിയുടെ കൂടെ കണ്ടപ്പൊ നിന്നോട് ചോദിക്കുന്നത്’; സുഹൃത്തിനെ ബസ് കയറ്റി വിടാനെത്തിയ മാധ്യമപ്രവര്‍ത്തകന് നേരെ സദാചാര അതിക്രമം 


സി.പി.ഐ.എമ്മിനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും, ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് അധിപനുമായ രാജീവ് ചന്ദ്രശേഖറുമൊക്കെ നടത്തുന്ന വ്യാജപ്രചരണങ്ങളുടെ തുടര്‍ച്ചയാണ് രാധാകൃഷ്ണന്റേതെന്നും മനോജ് ആരോപിക്കുന്നു.

“സി.പി.ഐ.എമ്മിനെതിരെ രാജ്യവ്യാപകമായ അപവാദപ്രചാരണം ലാക്കാക്കി ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ വ്യാജ വീഡിയോ വരുന്നു. സിപിഐ എമ്മിന്റെ അന്ത്യമടുത്തെന്ന, ബിജെപി എംപിയും ഏഷ്യാനെറ്റ് അധിപനുമായ രാജീവ് ചന്ദ്രശേഖറിന്റെ “പ്രവചന”മാണ് തൊട്ടുപിന്നാലെ വന്നത്. ഇതടക്കം ബിജെപി കേരളത്തില്‍ ഏറ്റെടുത്ത ഓരോ വ്യാജപ്രചാരണവും സാമൂഹ്യമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഒരുപോലെ രൂക്ഷമായ പരിഹാസം ഏറ്റുവാങ്ങി. ആ ജാള്യത്തില്‍ നില്‍ക്കുമ്പോഴാണ് “നിലംപൊത്താനൊരുങ്ങി ഇടതുപക്ഷം” എന്ന തലക്കെട്ടിലെ ശകാരവുമായി ഏഷ്യാനെറ്റ് ചീഫ് എഡിറ്ററുടെ രംഗപ്രവേശം.” പി.എം മനോജ് ആരോപിക്കുന്നു.

സ്വന്തം മാധ്യമം വിട്ട് മറ്റൊരു മാധ്യമത്തിലൂടെ സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ച രാധാകൃഷ്ണന്‍ പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച പത്രാധിപന്മാരുടെ യോഗത്തില്‍ സര്‍ക്കാറിനെതിരെ യാതൊരു വിമര്‍ശനവും ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന കാര്യവും പി.എം മനോജ് സൂചിപ്പിക്കുന്നു.

“പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം നടക്കുകയാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പത്രാധിപന്മാരുടെ യോഗം വിളിച്ചിരുന്നു. അതില്‍, ഒരു പ്രമുഖ ദേശീയപത്രത്തിന്റെ പ്രതിനിധി അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കിയത് ഒരു വര്‍ഷംകൊണ്ട് മറ്റൊരു സര്‍ക്കാരിനും കഴിയാത്തത്രയും നല്ല കാര്യങ്ങള്‍ചെയ്ത സര്‍ക്കാരാണിത് എന്നാണ്. ആ യോഗത്തില്‍ ഏഷ്യാനെറ്റ് പത്രാധിപര്‍ എം ജി രാധാകൃഷ്ണനും ഉണ്ടായിരുന്നു. അദ്ദേഹത്തില്‍നിന്ന് സര്‍ക്കാരിനെതിരായ ക്രിയാത്മകവിമര്‍ശമൊന്നും കേട്ടില്ല. നേരിട്ട് ഉന്നയിക്കാനുള്ള വേദി ഉണ്ടായിട്ടും അതിനുമുതിരാതെ, സ്വന്തം മാധ്യമംവിട്ട് മറ്റൊരു മാധ്യമത്തിലൂടെ സര്‍ക്കാരിനെതിരെ നീചഭാഷയില്‍, വസ്തുതകള്‍ക്ക് നിരക്കാത്തതും യുക്തിഹീനവുമായ ആക്രമണം നടത്തിയതിന്റെ ചേതോവികാരം അന്വേഷിച്ചു ചെല്ലുമ്പോഴാണ് രാധാകൃഷ്ണന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ പുതിയ രാഷ്ട്രീയവേഷത്തെക്കുറിച്ച് ബോധ്യമാകുക.” അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more