| Friday, 7th August 2020, 10:57 am

കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി മുസ്‌ലിം ലീഗ് അധഃപതിച്ചു; അയോധ്യ ക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിനെയും ലീഗിനെയും വിമര്‍ശിച്ച് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വത്തോടൊപ്പം ഇനിയും ചേര്‍ന്ന് നിന്നാല്‍ മുസ് ലിം ലീഗ് നേതൃത്വം ഒറ്റപ്പെടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രിയങ്കാ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഹിന്ദുത്വ നയത്തിലുള്ള വിയോജിപ്പ് പത്ര പ്രസ്താവനയില്‍ ഒതുക്കിയ മുസ്‌ലിം ലീഗ് വീണ്ടും കോണ്‍ഗ്രസിന്റ ഒക്കത്തിരിക്കുന്ന കുഞ്ഞായെന്നും കോടിയേരി വിമര്‍ശിച്ചു. ദേശാഭിമാനി പത്രത്തില്‍
‘ഹിന്ദുരാഷ്ട്ര’ പിന്താങ്ങികള്‍ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലായിരുന്നു വിമര്‍ശനം.

‘യു.ഡി.എഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടര്‍ന്നാല്‍ സ്വന്തം അണികളില്‍നിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും. ലീഗിന്റെ നേതൃയോഗം ചേര്‍ന്ന് കൈക്കൊണ്ടത് അഴകൊഴമ്പന്‍ നിലപാടാണ്. പ്രിയങ്കയുടെയും കോണ്‍ഗ്രസിന്റെയും ഹിന്ദുത്വനയത്തില്‍ നാമമാത്ര വിയോജിപ്പ് പത്രപ്രസ്താവനയില്‍ ഒതുക്കുകവഴി കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് വീണ്ടും അധഃപതിച്ചിരിക്കുകയാണ്,’ ലേഖനത്തില്‍ പറയുന്നു.

ചന്ദ്രികയുടെ മുഖ പ്രസംഗത്തിലെ വികാരത്തോട് പോലും നീതി പുലര്‍ത്താത്ത തീരുമാനമാണ് ലീഗ് നേതൃത്വത്തിന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത പത്രം കോണ്‍ഗ്രസിന്റെ നിലപാടില്‍ ശക്തമായി വിയോജിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പള്ളി പൊളിച്ചപ്പോള്‍ നരസിംഹറാവുഭരണം കൈയുംകെട്ടി നിന്നതിനെത്തുടര്‍ന്ന് മന്ത്രിസഭയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അന്ന് മുസ്ലിംലീഗ് തീരുമാനിച്ചിരുന്നു. ആ തീരുമാനം അട്ടിമറിച്ചതിനെത്തുടര്‍ന്ന് ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേഠ് ആ പാര്‍ടി വിട്ട് പുതിയ പാര്‍ടി രൂപീകരിക്കുന്നതുവരെ കാര്യങ്ങള്‍ എത്തിയിരുന്നെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്നതുപോലെ, പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാനുള്ള ആര്‍.എസ്.എസിന്റെയും മോദി സര്‍ക്കാരിന്റെയും അധാര്‍മികതയ്ക്ക് കൂട്ടുനില്‍ക്കുന്നതിലൂടെ കോണ്‍ഗ്രസ് വീണ്ടും മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതത്വത്തിനുംമേല്‍ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചിരിക്കുകയാണെന്നും കോടിയേരി വിമര്‍ശിച്ചു.

പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ക്ക് കോണ്‍ഗ്രസിന്റെ ദേശീയ നിലപാടിനെ തള്ളിപ്പറയാന്‍ സാധിച്ചില്ല. ചെന്നിത്തല കോണ്‍ഗ്രസിന്റെ സര്‍സംഘ് ചാലകാണെന്നും കോടിയേരി വിമര്‍ശിച്ചു.

കേരളത്തില്‍ ബി.ജെ.പി- ഭരണം കൊണ്ടു വരിക എന്നത് മോദി അമിത്ഷാ ടീമിന്റെ ലക്ഷ്യമാണെന്നും എന്നാല്‍ ഇടത് പക്ഷത്തിന്റെ ഇവിടെ ചോര്‍ത്താനാകത്തത് കൊണ്ട് കോണ്‍ഗ്രസുമായി കൂടിച്ചേര്‍ന്ന് രാഷ്ട്രീയ അട്ടിമറി നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്കയ്ക്കും രാഹുല്‍ ഗാന്ധിക്കും മുന്നില്‍ മതനിരപേക്ഷതയുടെ കാര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും രാജീവ് ഗാന്ധിയുടെ യും മാതൃകകളുണ്ട്. അതില്‍ അച്ഛന്‍ സ്വീകരിച്ച വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന മൃദു ഹിന്ദുത്വത നത്തെയാണ് പ്രിയങ്കയും കോണ്‍ഗ്രസു മുറുകെ പിടിക്കുന്നതെന്ന് അവരുടെ അയോധ്യ നയത്തിലൂടെ വ്യക്തമാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

വര്‍ഗീയതയെ മതനിരപേക്ഷതകൊണ്ട് നേരിടുകയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു ചെയ്തതെന്ന കാര്യം രാഹുലും പ്രിയങ്കയും മറന്നു പോകുന്നെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

‘നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1949 ഡിസംബര്‍ 22ന് അര്‍ധരാത്രി ബാബ്‌റി മസ്ജിദ് കുത്തിത്തുറന്ന് രാമന്‍, ലക്ഷ്മണന്‍, സീത എന്നിവരുടെ ബിംബങ്ങള്‍ അവിടെ സ്ഥാപിച്ചു. രാമന്‍ ജനിച്ച സ്ഥലമാണെന്നും അവിടെനിന്ന ക്ഷേത്രം ബാബര്‍ പൊളിച്ച് പള്ളിയാക്കിയതുമാണെന്ന പ്രചാരണം കെട്ടഴിച്ചുവിട്ടു. എന്നാല്‍, നെഹ്‌റു കല്‍പ്പിച്ചത് ബലാല്‍ക്കാരമായി കടത്തിക്കൊണ്ടുവന്ന് പ്രതിഷ്ഠിച്ച ബിംബങ്ങളെ സരയൂനദിയില്‍ എറിയാനാണ്. എന്നാല്‍, അന്നത്തെ യുപി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന് അത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി ആടിക്കളിച്ചു. അവിടത്തെ കലക്ടര്‍ കെ കെ നായര്‍ എന്ന മലയാളി വര്‍ഗീയവാദികള്‍ക്ക് ചൂട്ടുപിടിച്ച് കൊടുത്തതോടെ നിയമക്കുരുക്കുമായി,’ലേഖനത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more