| Thursday, 25th January 2024, 7:58 am

സ്വന്തം ടീം നാണംകെടുമ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ ക്യാപ്റ്റാ... എറിഞ്ഞും അടിച്ചും നേടി വൈപ്പേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എല്‍ടി-20യില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗള്‍ഫ് ജയന്റ്‌സിനെ പരാജയപ്പെടുത്തി ഡെസേര്‍ട്ട് വൈപ്പേഴ്‌സിന് വിജയം. കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു വൈപ്പേഴ്‌സിന്റെ വിജയം. പുതിയ സീസണില്‍ ടീമിന്റെ ആദ്യ വിജയമാണിത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ജയന്റ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ക്രിസ് ലിന്നാണ് ജയന്റ്‌സിന് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. 42 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സറും അടക്കം 63 റണ്‍സാണ് താരം നേടിയത്. 29 പന്തില്‍ 21 റണ്‍സ് നേടിയ ജോര്‍ദന്‍ കോക്‌സാണ് മറ്റൊരു റണ്‍ ഗെറ്റര്‍.

ഡെസേര്‍ട്ട് വൈപ്പേഴ്‌സിനായി ഷഹീന്‍ അഫ്രിദി മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴഴങ്ങിയാണ് പാക് സ്പീഡ്സ്റ്റര്‍ വിക്കറ്റുകള്‍ കൊയ്തത്.

വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി പുറത്താക്കിയ ഷഹീന്‍ ജോര്‍ദന്‍ കോക്‌സിനെ അലക്‌സ് ഹെയ്ല്‍സിന്റെ കൈകളിലെത്തിച്ചും ക്രിസ് ജോര്‍ദനെ അസം ഖാന്റെ കൈകളിലെത്തിച്ചും മടക്കി. മുഹമ്മദ് ആമിര്‍, ടൈമല്‍ മില്‍സ്, വാനിന്ദു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഒരു വശത്ത് ഷഹീന്‍ അഫ്രിദി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ മറുവശത്ത് താരത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ദേശീയ തലത്തില്‍ കളിക്കുമ്പോള്‍ ഇതൊന്നും കാണുന്നില്ലല്ലോ എന്നാണ് വിമര്‍ശനമുയരുന്നത്. പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ പച്ചപ്പട 4-1ന് ടി-20 പരമ്പര പരാജയപ്പെട്ടതടക്കം ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ രംഗത്തെത്തുന്നത്.

161 റണ്‍സ് ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ വൈപ്പേഴ്‌സിന് ക്യാപ്റ്റന്‍ കോളിന്‍ മണ്‍റോയെ തുടക്കത്തിലെ നഷ്ടമായി. അലക്‌സ് ഹെയ്ല്‍സും ആദം ഹോസെയും അടിത്തറയിട്ട സ്‌കോര്‍ വാനിന്ദു ഹസരങ്ക കെട്ടിപ്പൊക്കി. ഹെയ്ല്‍സ് 20 പന്തില്‍ 21 റണ്‍സ് നേടിയപ്പോള്‍ ആദം ഹോസെ 35 പന്തില്‍ 39 റണ്‍സും നേടി.

ഹസരങ്കയുടെ സ്‌ഫോടനാത്മകമായ ഇന്നിങ്‌സാണ് വൈപ്പേഴ്‌സിനെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചത്. 19 പന്തില്‍ 42 റണ്‍സാണ് താരം നേടിയത്. രണ്ട് സികസറും നാല് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

പാക് വിക്കറ്റ് കീപ്പര്‍ അസം ഖാന്‍ 14 പന്തില്‍ 26* റണ്‍സും ഇംപാക്ട് പ്ലെയറുടെ റോളിലെത്തിയ ഷെഫാന്‍ റൂഥര്‍ഫോര്‍ഡ് 14 പന്തില്‍ 20* റണ്‍സും നേടി വൈപ്പേഴ്‌സിനെ വിജയത്തിലെത്തിച്ചു.

നിലവില്‍ രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി രണ്ട് പോയിന്റോടെ നാലാം സ്ഥാനത്താണ് വൈപ്പേഴ്‌സ്.

ജനുവരി 27നാണ് വൈപ്പേഴ്‌സിന്റെ അടുത്ത മത്സരം. അബു ദാബി നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

Content highlight: Desert Vipers defeated Gulf Giants

We use cookies to give you the best possible experience. Learn more